Trending

കൊടിയത്തൂരിൽ ഷി ഫുട്‌ബോളിന് തുടക്കമായി, അഞ്ചു പന്തുകൾ നൽകി സൻഡേ ഫുട്‌ബോൾ കൂട്ടായ്മ, ആവേശം പകർന്ന് സോഷ്യൽ മീഡിയ താരം സുബൈർ വാഴക്കാട്.

മറഡോണയുടെ 'ദൈവിക ഗോൾ' എതിരാളികൾ പറഞ്ഞുണ്ടാക്കുന്നതെന്ന് സുബൈർ വാഴക്കാട്.
കൊടിയത്തൂർ: ലോകകപ്പ് ഫുട്‌ബോൾ ആവേശം കത്തിക്കയറുന്നതിനിടെ കൊടിയത്തൂർ ജി.എം.യു.പി സ്‌കൂളിൽ ഷി ഫുട്‌ബോളിന് തുടക്കമായി. കളി വിശകലനങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ താരമായ പ്രശ്‌സത ഫുട്‌ബോൾ കമന്ററിമാൻ സുബൈർ വാഴക്കാട് ആണ് ഗോൾഡൻ ഗേൾസ് എഫ്.സി ഉദ്ഘാടനം ചെയ്തത്. 
 
ചടങ്ങിൽ കൊടിയത്തൂർ ഫുട്‌ബോൾ അക്കാദമിക്കുള്ള സൻഡേ ഫുട്‌ബോൾ ക്ലബ്ബിന്റെ അഞ്ചു ഫുട്‌ബോൾ ക്ലബ് അംഗം റിനീഷ് കളത്തിങ്ങൽ സമ്മാനിച്ചു. ചടങ്ങിൽ ജൂഡോ അക്കാദമിക്കും തുടക്കമായി. 
പി.ടി.എ പ്രസിഡന്റ് നൗഫൽ പുതുക്കുടി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇൻചാർജ് വി സുലൈഖ ടീച്ചർ, ഫുട്‌ബോൾ അക്കാദമി ചെയർമാൻ കെ.സി റിയാസ്, എസ്.എം.സി ചെയർമാൻ പി.പി ഫൈസൽ, പി.ടി.എ വൈസ് പ്രസിഡന്റ് വി.സി അബ്ദുല്ലക്കോയ, ജൂഡോ അക്കാദമി കോച്ച് ഫുഹാദ് മുക്കം, കൺവീനർ എം സതീഷ്‌കുമാർ മാസ്റ്റർ സംസാരിച്ചു. 

നാടൻ വേഷത്തിലും ഭാവത്തിലുമുള്ള സുബൈർ വാഴക്കാടിന്റെ ഫുട്‌ബോൾ അവതരണം കണ്ടുനിന്നവരെയെല്ലാം ആവേശത്തിലാക്കി. അദ്ദേഹത്തിന്റെ വർത്തമാനങ്ങളെല്ലാം നിറഞ്ഞ ആകാംക്ഷയോടെയും കൈയടിയോടെയുമാണ് കുട്ടികൾ സ്വീകരിച്ചത്. ഓരോ രാജ്യത്തിന്റെയും ടീമിന്റെയും കളിക്കാരുടെയും കോച്ചിന്റെയുമെല്ലാം പേര് മണിമണിയായി പറഞ്ഞ് ടീമിന്റെ സാധ്യതകളും പരിമിതികളുമെല്ലാം അദ്ദേഹം ചൂണ്ടിക്കാട്ടി. 
കളിക്കളത്തിലെ തന്ത്രങ്ങളും ടീം ഫോർമേഷനുകളും വിവിധ താരങ്ങളിലെ അപകടക്കുതിപ്പുകളുമെല്ലാം ഇദ്ദേഹത്തിന്റെ നാവിൻതുമ്പിൽനിന്ന് ഇടതടവില്ലാതെ ഒഴുകിയപ്പോൾ ഹർഷാരവം മുഴക്കിയാണ് സദസ്സ് പിന്തുണ അറിയിച്ചത്. തികഞ്ഞ അർജന്റീന ഫാനായ അദ്ദേഹം ഇത്തവണയും മെസ്സിക്കായി മനസ്സ് പാകപ്പെടുത്തി കാത്തിരിക്കുകയാണ്. 86-ലെ മെക്‌സിക്കോ ലോകകപ്പിൽ മറഡോണയുടെ വിഖ്യാത ദൈവിക 'മാന്ത്രിക കൈ ഗോളി'ൽ അർജന്റീന കിരീടം ചൂടിയത് കുട്ടികൾ ചൂണ്ടിക്കാണിച്ചപ്പോൾ, റഫറി അത് കണ്ടില്ലെന്നും അത് എതിരാളികൾ പറഞ്ഞുണ്ടാക്കുന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
 
താരോത്സവം പരിപാടിക്ക് കോ-ഓർഡിനേറ്റർ കെ.ടി ഇർഫാൻ, സി.കെ മുഹമ്മദ് ഷാഫി, എം.പി ജസീദ ടീച്ചർ, സി ജസീല ടീച്ചർ, മുഹ്‌സിൻ (മോനുട്ടൻ), നജീബ് ആലേക്കൽ, ഹമീദ് ചൂലൂർ, കദീജ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. ഷി ഫുട്‌ബോളിന് യു.കെ ജസീല ടീച്ചറും ഷി ജൂഡോക്ക് എം റഷീന ടീച്ചറുമാണ് നേതൃത്വം നൽകുക.

പാഠ്യ - പഠനാനുബന്ധ മേഖലയിൽ മികച്ച നിലയിൽ മുന്നോട്ട് കുതിക്കുന്ന സ്‌കൂളിൽ കഴിഞ്ഞ വർഷം മുതലാണ് ഫുട്‌ബോൾ അക്കാദമി തുടങ്ങിയത്. ജില്ലക്കകത്തും പുറത്തുനിന്നുമായി ഇതിനകം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ സ്‌കൂൾ ടീമിലൂടെ, ഒട്ടേറെ താരങ്ങൾക്ക് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ പ്രൊഫഷണൽ ഫുട്‌ബോൾ ടീമുകളിൽ ഇടം നേടാനായിട്ടുണ്ട്. സർക്കാർ അംഗീകൃത യുവ പരിശീലകൻ സൂരജ് പെരുവയലിന്റെ നേതൃത്വത്തിലാണ് ഫുട്‌ബോൾ അക്കാദമിയിലെ കുട്ടികൾക്ക് ശാസ്ത്രീയ പരിശീലനം നൽകുന്നത്. 

ആയിരത്തോളം മക്കൾ പഠിക്കുന്ന സ്‌കൂളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 150-ഓളം കുട്ടികളാണ് ഫുട്‌ബോൾ അക്കാദമിയിലുള്ളത്. അവധിക്കാലത്ത് പാഴൂരിലും ചെറുവാടിയിലും വച്ച് അക്കാദമിയിലെ മക്കൾക്കു മാത്രമായി രണ്ടുതവണ സോക്കർ ഡ്രീംസ് മാമാങ്കവും സംഘടിപ്പിച്ചു. കിക്കോഫ്, പനേൽക്ക, റിയൽ ഫൈറ്റേഴ്‌സ്, ലോങ് റേഞ്ചർ, സ്റ്റാർ ഷൂട്ടേഴ്‌സ്, മാസ്റ്റർ കിക്ക്, കിൽ കിക്കേഴ്‌സ്, മിഡ് കിങ്‌സ് എന്നിങ്ങനെ എട്ടു ടീമുകളായി തിരിച്ച് ലീഗടിസ്ഥാനത്തിലായിരുന്നു ചാമ്പ്യൻഷിപ്പ്. ഗുണകാംക്ഷികളുടെ പിന്തുണയിൽ സ്‌കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയാണ് ഈ മക്കൾക്കുള്ള എട്ടു സെറ്റ് ജേഴ്‌സി സമ്മാനിച്ചത്. 

ലോകകപ്പ് ഫുട്‌ബോൾ ആരവങ്ങൾക്ക് നിറം പകർന്ന് ഫാൻ ഷോയും ട്രയോണ്ട സൗഹൃദ ഫുട്‌ബോളും സംഘടിപ്പിച്ച അക്കാദമി, പ്രഫഷണൽ ഫുട്‌ബോൾ രംഗത്ത് പുത്തൻ പ്രതീക്ഷ പകർന്നാണ് മുന്നോട്ട് കുതിക്കുന്നത്.
Previous Post Next Post
Italian Trulli
Italian Trulli