Trending

പരമ്പരാഗത വ്യപാരി കാരാട്ട് മൂസ കുട്ടികാക്കയ്ക്ക് ആദരാഞ്ജലികൾ.

✍️ ഗിരീഷ് കാരക്കുറ്റി.
സ്നേഹ സൗഹൃദ പൂന്തോപ്പിലെ പച്ചയായ മനുഷ്യൻ കാരാട്ട് മൂസ കുട്ടികാക്ക (87) വിടപറഞ്ഞു.

ശാന്ത സുന്ദരമാഴൊഴുകുന്ന ഇരുവഴിഞ്ഞിയുടെ തീരത്ത്
കൊടിയത്തൂർ കാരാട്ട് എന്ന കൊച്ചു പ്രദേശത്തു നിന്ന് പാരമ്പര്യമായി ലഭിച്ച പരമ്പരാഗത മുള, കൊട്ട, പരമ്പ് വ്യാപാര പ്രമുഖനായിരുന്നദ്ദേഹം.

പിതാവിൽ നിന്ന് പതിറ്റാണ്ടുകൾക്കു മുമ്പ് പാരമ്പര്യമായി ലഭിച്ചതാണീ തൊഴിൽ.

പോയ കാലഘട്ടത്തിൽ വെള്ളരിമലയുടെ താഴ്വാരങ്ങളിൽ നിന്ന് മുളകളും, ഓടകളും വെട്ടി ചങ്ങാടങ്ങൾ കെട്ടി അതിൽ കയറി കൂലംകുത്തിയൊഴുകുന്ന ഇരുവഴിഞ്ഞി പുഴയിലൂടെ തുഴഞ്ഞു കാരാട്ട് എത്തിച്ചു നിരവധി പറയ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്കത്താണിയായി തൊഴിൽശാല നടത്തിപ്പോരുന്ന ഒരു പാരമ്പരഗത കുടുംബത്തിലാണ് മൂസാക്കയുടെ ജനനം.

കാരക്കുറ്റി ലക്ഷംവീട് വേലായുധൻ ഉൾപ്പെടെയുള്ള വരുടെ കുടുംബങ്ങൾ കാരാട്ട് മൂസാക്കയുടെ വീടിനോട് അടുത്ത് കുടിൽക്കെട്ടി താമസിച്ചിരുന്നു. ഇവരായിരുന്നു ഇവിടത്തെ തൊഴിലാളികൾ.

കാർഷിക മേഖലയായിരുന്ന കൊടിയത്തൂരിൽ കുരുമുളക്, നെല്ല്, അടക്ക, മറ്റു കാർഷിക ഉൽപ്പന്നങ്ങൾ ഉണക്കുന്നതിനുവേണ്ടി പരമ്പ്, അതുപോലെ വെള്ള കൊട്ട, കൊമ്പുറം, മുറം, അതുപോലെ മഴയും ചീറ്റലും ഏൽക്കാതിരിക്കാൻ വീടിൻ്റെ തിണ്ണയിൽ കെട്ടുന്ന പരമ്പ്, കൊട്ടക്കയിൽ,ചോറ്റു കൊട്ട അങ്ങനെ നിരവധി നിരവധി ഉപകരണങ്ങൾ കരവിരുതിൽ നിർമ്മിക്കുമായിരുന്നു.

തൊഴിലാളികളുടെ കൂടെയിരുന്ന് മൂസാക്കയും ജോലികളൊക്കെ പഠിച്ചു തുടങ്ങി. പിന്നീട് മരണം വരെ ആ തൊഴിൽ ഹൃദയത്തോട് ചേർത്തു പിടിച്ച് നമ്മുടെ കൂടെ മൂസാക്കയുണ്ടായിരുന്നു. 

പുതിയ കാലഘട്ടത്തിൽ പ്ലാസ്റ്റിക്, അലുമിനിയം തുടങ്ങിയവയിൽ ഇത്തരം ഉപകരണങ്ങൾ വ്യാപകമായതോടെ തൊഴിലാളികൾ മറ്റു മേഖലകളിലേക്ക് ചേക്കേറിയപ്പോൾ മൂസാക്കക്ക് ഈ രംഗം വിടാൻ തീരെ താല്പര്യമില്ലായിരുന്നു. എന്നിട്ടും ഓട ലഭ്യമല്ലാതിരുന്നിട്ടും എവിടുന്നെങ്കിലും ഓട ശേഖരിച്ച് ഓടത്തണ്ടിൽ പ്ലാസ്റ്റിക് ബെൽറ്റുകൾ കെട്ടി കുട്ടകളും മുറങ്ങളും കൊട്ടകയിലും നിർമ്മിച്ച് ഉപജീവനമാർഗ്ഗം തേടുകയായിരുന്നു മരണം വരെ മൂസാക്ക.

നിർമ്മിച്ച ഉപകരണങ്ങൾ തലയിലേറ്റി വെയിലിനെയും മഴയെയും കുസാതെ കാൽനടയായി ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ നടന്നു നീങ്ങുന്ന മൂസാക്കയെ പുതിയ തലമുറ അത്ഭുതത്തോടെ നോക്കി നിൽക്കുമായിരുന്നു. ഒരുപക്ഷേ പ്രഭാതം മുതൽ പ്രദോഷം വരെ നടന്നു നീങ്ങിയാലും ഒരെണ്ണം പോലും ചിലപ്പോൾ ചിലവാകാറില്ല എന്നാലും മൂസാക്ക തൃപ്തനായിരുന്നു.

പലപ്പോഴും കണ്ടുമുട്ടുമ്പോൾ ഒന്ന് പുഞ്ചിരിക്കാനും വിശേഷങ്ങൾ ചോദിക്കാനും മൂസാക്ക മറക്കാറില്ല. ആരോടും വെറുപ്പോ വിദ്വേഷമോ പുലർത്താതെ ശാന്തമായൊഴുകുന്ന ഇരുവഴിഞ്ഞി പുഴയെ പോലെ ശാന്തനായിരുന്നു മൂസാക്ക.

ഒരു കാലഘട്ടത്തിൽ നിരവധി പേരുടെ പട്ടിണി മാറ്റിയ ആ പരമ്പരാഗത വ്യവസായവും ചരിത്രമാവുകയാണിവിടെ.

അദ്ദേഹത്തിൻ്റെ വിയോഗത്തിൽ കണ്ണീർ പ്രണാമം.
Previous Post Next Post
Italian Trulli
Italian Trulli