കൊടിയത്തൂർ: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലത്തിലും കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ മലയോര മേഖലയിൽ ശ്രദ്ധേയമായ വിജയം കരസ്ഥമാക്കി. പരീക്ഷയിൽ സ്കൂളിൽ നിന്ന് 30 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടിയപ്പോൾ, 15 വിദ്യാർത്ഥികൾ അഞ്ച് എ പ്ലസും നേടി മികച്ച നേട്ടം കൈവരിച്ചു.
അക്കാദമിക മികവിനും വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്കും പ്രാധാന്യം നൽകുന്ന സ്കൂളിന്റെ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടമെന്ന് അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ കഠിനാധ്വാനം, അധ്യാപകരുടെ ആത്മാർത്ഥമായ പരിശീലനം, രക്ഷിതാക്കളുടെ പിന്തുണ എന്നിവയുടെ സമന്വയമാണ് ഈ ഉജ്ജ്വല വിജയത്തിന് പിന്നിലെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
മലയോര മേഖലയിലെ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയ സ്ഥാനമുള്ള പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിന്റെ ഈ നേട്ടം പ്രദേശവാസികൾക്കും അഭിമാനമായി മാറിയിരിക്കുകയാണ്. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും ഇ.എം.ഇ.എ ജനറൽ സെക്രട്ടറിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി.കെ ബഷീർ, സ്കൂൾ മാനേജർ ബാലത്തിൽ ബാപ്പു, പിടിഎ പ്രസിഡണ്ട് ഫസൽ ബാബു, പ്രിൻസിപ്പൽ പിടി ഇസ്മായിൽ, പി.ടി.എ വൈസ് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി, എം.എസ് ബിജു എന്നിവർ അഭിനന്ദിച്ചു.
പ്ലസ് ടു,വി.എച്ച്.എസ്.ഇ പരീക്ഷയിൽ മലയോര മേഖലയിലെ വിദ്യാലയങ്ങൾക്ക് ഉന്നതവിജയം.
മുക്കം: പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷയിൽ മലയോര മേഖലയിലെ മിക്ക വിദ്യാലയങ്ങളും ഉന്നത വിജയം നേടി. എന്നാൽ ഇത്തവണയും എവിടെയും നൂറിൻ്റെ വിജയത്തിളക്കം കണ്ടില്ല.97 ശതമാനം വിജയവും 92 വിദ്യാർത്ഥികൾ ഫുൾ എ പ്ലസും കരസ്ഥമാക്കിയ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതായി. 96 ശതമാനംവീതം വിജയം നേടി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറിയും മണാശ്ശേരി എം.കെ.എച്ച്.എം.എം. ഒ ഹയർ സെക്കന്ററി സ്കൂളുമാണ് വിജയശതമാനത്തിൽ രണ്ടാം സ്ഥാനക്കാർ. ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ 387 കുട്ടികൾ പരീക്ഷയെഴുതിയതിൽ 375 പേരും വിജയിച്ചു. 92 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്.പി.ടി.എം ഹയർ സെക്കണ്ടറിയിൽ 192 ൽ 184 പേർ വിജയിക്കുകയും 30 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു.
മണാശ്ശേരി എം. കെ.എച്ച്.എം.എം. ഒ ഹയർ സെക്കന്ററി സ്കൂളിൽ 177 കുട്ടികൾ പരീക്ഷ എഴുതി. 169 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 11 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.മുക്കം ഓർഫനേജ് വി.എച്ച്.എസ്.ഇ 93 ശതമാനം വിജയം നേടി. 54-ൽ 51 പേരും വിജയിച്ചു.ആനയാംകുന്ന് വി.എം.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂളിൽ 176 - ൽ 160 പേർ ഉന്നത പഠനത്തിന് യോഗ്യരായി. 91 ശതമാനമാണ് വിജയം. നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 89 ശതമാനം വിജയം നേടി. 260/231 പേർ വിജയിക്കുകയും 32 വിദ്യാർഥികൾ ഫുൾ എപ്ലസ് കരസ്ഥമാക്കുകയും ചെയ്തു.ചെറുവാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് ഇത്തവണ 88 ശതമാനം (182/158)വിജയം നേടാനായി ഒമ്പത് വിദ്യാർഥികൾ ഫുൾ എപ്ലസ് കരസ്ഥമാക്കി.