27-05-2026, ബുധൻ
ധരംശാല: ഗുജറാത്തിനെ 92 റൺസിന് തകർത്ത് ബെംഗളൂരു ഫൈനലിലേക്ക് മുന്നേറി. ബെംഗളൂരു ഉയർത്തിയ 255 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്ത് 162 റൺേസിൽ ഓൾ ഔട്ടായി. ക്യാപ്റ്റൻ രജത് പാടിഥാറിന്റെ തകർപ്പൻ ബാറ്റിങ്ങാണ് ബെംഗളൂരുവിന്റെ വിജയത്തിൽ നിർണായകമായത്. മൂന്ന് വിക്കറ്റുകളുമായി ജേക്കബ് ഡഫിയും മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഗുജറാത്ത് ബൗളിങ് നിരയെ നാമാവിശേഷമാക്കുന്ന കാഴ്ചയാണ് കണ്ടത്. 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഐപിഎൽ പ്ലേഓഫിലെ ഏറ്റവും ഉയർന്ന സ്കോറായ 254 റൺസാണ് സ്കോർ ചെയ്തത്. വെങ്കടേഷ് അയ്യരുടെ വിക്കറ്റ് നേരത്തെ നഷ്ടമായെങ്കിലും കോഹ്‌ലിയും പിറകെ വന്നവരും തകർപ്പൻ ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്.
ക്യാപ്റ്റൻ രജത് പാടിഥാറിന്റെ സ്ഫോടനാത്മക ബാറ്റിങ്ങാണ് ബെംഗളൂരുവിലെ കൂറ്റൻ സ്കോറിലെത്തിച്ചത്. 33 പന്തിൽ അഞ്ച് ഫോറും ഒമ്പത് സിക്‌സും പറത്തി 93 റൺസാണ് സ്കോർ ചെയ്തത്. 25 പന്തിൽ 43 റൺസ് നേടിയ വിരാട് കൊഹ്‌ലി, 19 പന്തിൽ 30 റൺസ് നേടിയ ദേവ്ദത്ത് പടിക്കൽ, 28 പന്തിൽ 43 റൺസ് നേടിയ ക്രുനാൽ പാണ്ട്യ എന്നിവരുടെ സംഭാവനകളും ശ്രദ്ധേയമായി. തുടക്കത്തിൽ 72 റൺസ് കൂട്ടിച്ചേർത്ത വിരാട് കൊഹ്‌ലി - പടിക്കൽ സഖ്യവും മിഡിൽ ഓർഡറിൽ 95 റൺസ് കൂട്ടിച്ചേർത്ത രജത് പാടിഥാർ - ക്രുനാൽ പാണ്ട്യ സഖ്യവും നിർണായക പങ്കുവഹിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് പക്ഷെ നിരാശയായിരുന്നു ഫലം. ഉയർന്ന ടാർഗറ്റ് നൽകിയ സമ്മർദം മൂലം ഗുജറാത്ത് ബാറ്റർമാർ ബെംഗളൂരു ബൗളിങ് അറ്റാക്കിന് മുമ്പിൽ തകർന്ന് വീഴുന്ന കാഴ്ചയാണ് കണ്ടത്. അതോടെ 19.3 ഓവറിൽ 162 റൺസിന് ടൈറ്റൻസ് പുറത്തായി. അർധ സെഞ്ച്വറി നേടിയ രാഹുൽ തെവാത്തിയയാണ് ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറർ. 43 പന്തിൽ 68 റൺസാണ് താരം സ്കോർ ചെയ്തത്.
ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, നിഷാന്ത് സിന്ധു, വാഷിങ്ടൺ സുന്ദർ, ജേസൺ ഹോൾഡർ, റഷീദ് ഖാൻ എന്നിവർ രണ്ടക്കം കാണാതെ പുറത്തായി. നാലോവറിൽ 39 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടിയ ജേക്കബ് ഡഫി മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു. റാസിഖ് ധർ, ഭുവനേശ്വർ, ക്രുനാൽ പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി."
"ആദ്യ ക്വാളിഫയർ ജയിച്ച റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മെയ് 31ന് അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി. അതെ സമയം തോൽവി നേരിട്ടെങ്കിലും ഗുജറാത്തിന് രണ്ടാം ക്വാളിഫയർ കളിക്കാനുള്ള അവസരവുമുണ്ട്. സൺറൈസേഴ്‌സ് ഹൈദരാബാദ് - രാജസ്ഥാൻ റോയൽസ് എലിമിനേറ്റർ പോരാട്ടത്തിലെ വിജയിയാകും മെയ് 29ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഗുജറാത്തിന്റെ എതിരാളികൾ."
Tags:
SPORTS