മുക്കം: സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ ശിശു ദിനത്തിൽ നെഹ്‌റുവിന്റെ പേരമകളായ വയനാട് പാർലിമെന്റ് അംഗം പ്രിയങ്കാ ഗാന്ധിക്ക് കത്തയച്ച് മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ് സ്കൂൾ വിദ്യാർത്ഥികൾ.
പൊതു ഇടങ്ങളിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ സുരക്ഷയും, സ്ത്രീകൾ ഉൾപ്പടെയുള്ള രാജ്യത്തെ ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിലും സജീവ ശ്രദ്ധ ആവശ്യപ്പെട്ടാണ് കുട്ടികൾ കത്തുകൾ അയച്ചത്. ജയിൽ വാസത്തിനിടെ മകൾ ഇന്ദിരാ ഗാന്ധിക്ക് നെഹ്‌റു അയച്ച കത്തുകൾ പ്രശസ്തമാണ്.
മുക്കം പോസ്റ്റ് ഓഫീസ് ഹാളിൽ നടന്ന പരിപാടി പോസ്റ്റ് മാസ്റ്റർ ഇൻ ചാർജ് വിശ്വപ്രഭ ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യ ഗ്രന്ഥകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ എസ്.കമറുദ്ധീൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. പോസ്റ്റൽ അസിസ്റ്റന്റ് ജിനു ജിത്ത് വാർത്താ വിനിമയ രംഗത്ത് ഇന്ത്യൻ പോസ്റ്റൽ സർവീസിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പോസ്റ്റ് ഓഫീസ് സേവനങ്ങൾ സംബന്ധിച്ച കുട്ടികളുടെ ചോദ്യങ്ങൾക്ക് എം.ടി.എസ് നന്ദനൻ മറുപടി നൽകി.
അധ്യാപകരായ യു.പി സാജിത, കെ.നസീഹ, ആയിശത്ത് സംഹ, കെ.മുഹമ്മദ് അബൂബക്കർ, ശറഫുദ്ധീൻ, നിദ എന്നിവരും പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥരായ സുഭാഷ് എം ജോൺ, റിതേഷ് കുമാർ, സുമി.എ, ജയകുമാർ കെ, അയ്യൂബ്, അജയ് ബിശ്വാസ് എന്നിവരും സംസാരിച്ചു.
പോസ്റ്റ് ഓഫീസ് അധികൃതർ വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു. ടി റിയാസ് സ്വാഗതവും കെ സുലൈഖ നന്ദിയും പറഞ്ഞു.
Tags:
education

