കൊടിയത്തൂർ: കാരക്കുറ്റിയിലെ മുൻ തലമുറയുടെ പട്ടിണി മാറ്റിയ പാടശേഖരങ്ങൾ യുവാക്കളുടെ ഒത്തൊരുമയിൽ വീണ്ടും കതിരണിയുന്നു. കാരക്കുറ്റിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നാട്ടൊരുമ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കാരക്കുറ്റി കുറ്റിപ്പോയിൽ പാടത്ത് മൂന്നര ഏക്കറയോളം നെൽ കൃഷിയൊരുക്കി ഗ്രാമീണ തനിമ വീണ്ടെടുത്ത് പുതിയ തലമുറക്ക് മാതൃകയാവുകയാണ് നാട്ടൊരുമ സ്വാശ്രയ സംഘം.
കേരള സർക്കാരിന്റെ കാർഷിക രംഗത്തെ ഇടപെടലിന്റെ ഭാഗമായി കൃഷി വകുപ്പിൽനിന്ന് സബ്സിഡികൾ ലഭിക്കുന്നതിന് പുറമേ എല്ലാവർഷവും സിവിൽ സപ്ലൈസ് നേരിട്ടുവന്ന് നെല്ല് സംഭരിക്കുന്നത് കർഷകർക്ക് ആശ്വാസമാണ്. അതുകൊണ്ടുതന്നെ എല്ലാവർഷവും ലാഭകരമായിട്ടാണ് കൃഷി മുന്നോട്ടുപോകുന്നത്.
സഹായവുമായി കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പലിശ രഹിത വായ്പ നൽകി പ്രോത്സാഹനം നൽകുന്നത് കർഷകർക്ക് ആശ്വാസമാണ്.
ഞാറു നടീൽ ഉദ്ഘാടനം കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സന്തോഷ് സബാസ്റ്റ്യൻ നിർവഹിച്ചു. കൃഷി അസിസ്റ്റന്റുമാരായ
ബീന എ.പി, നിഷ കെ എന്നിവർക്ക് പുറമേ ഗിരീഷ് കാരക്കുറ്റി, ബിജു വിളക്കോട്, സുൽഫിക്കറലി പി.പി, ബാങ്ക് മാനേജർ ശ്രീജിത്ത് കെ, പി.വി ഹമീദ്, കെ.കെ സി റഷീദ്, അഖിൽദാസ് സി.കെ എന്നിവർ സംബന്ധിച്ചു. എം.കെ സലാം സ്വാഗതവും കെ.കെ.സി നാസർ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
