നെല്ലിക്കാപ്പറമ്പ് സി. എച്ച്. മെമ്മോറിയൽ എൽ.പി സ്കൂളിൽ വേറിട്ട പഠന ഇടം.
നെല്ലിക്കാപ്പറമ്പ്: വായനയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് നെല്ലിക്കാപ്പറമ്പ് സി. എച്ച്. മെമ്മോറിയൽ എൽ.പി. സ്കൂളിൽ ഒരുക്കിയ ‘Creative Learning and Intelligence Centre (CLIC)’ ശ്രദ്ധേയമാകുന്നു. മാതൃഭൂമി ക്ലബ് എഫ്.എമ്മും സ്കൂളും ചേർന്നാണ് പുതിയ പഠന ഇടം ഒരുക്കിയത്. എം.എൽ.എ സി.കെ കാസിം പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി കെ വിജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാതൃഭൂമി ക്ലബ് എഫ് എം ആർ ജെ ശിഖ പദ്ധതി വിശദീകരിച്ചു.
വായനയ്ക്കായി ലൈബ്രറിയും ആധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുന്നതിനായി CLIC-ഉം ഒരേ ഇടത്ത് സജ്ജീകരിച്ചിരിക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത. സാങ്കേതിക വിദ്യ പഠിക്കുന്ന സമയങ്ങളിൽ CLIC ആയി ഉപയോഗിക്കുന്ന ഇടം മറ്റ് സമയങ്ങളിൽ വായനയ്ക്കും പഠനത്തിനുമായി പ്രയോജനപ്പെടുത്തും. ലഭ്യമായ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് പഠന ഇടം ക്രമീകരിച്ചിരിക്കുന്നത്.
മാതൃഭൂമി ക്ലബ് എഫ്.എമ്മിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘പാഠം ഒന്ന് ഒരു സ്കൂൾ ലൈബ്രറി’ പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ ലൈബ്രറി ഒരുക്കിയത്. പദ്ധതിയുടെ ഭാഗമായി ആയിരത്തിലേറെ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് ലഭിച്ചു.
കുട്ടികൾക്കൊപ്പം അധ്യാപകർക്കും രക്ഷിതാക്കൾക്കും കൂടി പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് CLIC വിഭാവനം ചെയ്തിരിക്കുന്നത്. പഠനപ്രക്രിയയിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഈ സംരംഭം സഹായകമാകും.
വായനയും സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന CLIC കുട്ടികളുടെ അറിവും ചിന്താശേഷിയും സർഗാത്മകതയും വളർത്തുന്നതിനുള്ള പുതിയ പഠനവേദിയായി മാറുമെന്നാണ് പ്രതീക്ഷ. പി.ടി.എ പ്രസിഡന്റ് ശരീഫ് എരഞ്ഞിമാവ്, സ്കൂൾ മാനേജർ പി അബ്ദുറഹ്മാൻ സുല്ലമി, ഹെഡ്മാസ്റ്റർ സി കെ ഷമീർ, നസീബ് ഉള്ളാട്ടിൽ എന്നിവർ സംസാരിച്ചു.
Tags:
EDUCATION