Trending

സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ ശ്രീകണ്ഠൻ എം.പി.

96-ാം സൗദി ദേശീയദിനം ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വിപുലമായി ആഘോഷിച്ചു.

റിയാദ്: പാരമ്പര്യവും സംസ്കാരവും സംരക്ഷിച്ചുകൊണ്ട് ആധുനിക വികസനത്തിന്റെ പുതിയ സാധ്യതകളിലേക്ക് സൗദി അറേബ്യ മുന്നേറുകയാണെന്നും രാജ്യത്തിന്റെ വികസന യാത്ര ലോകത്തിന് തന്നെ ശ്രദ്ധേയമായ മാതൃകയാണെന്നും പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ പറഞ്ഞു.

96-ാം സൗദി ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്ലമിംഗോ മാളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേക്ക് മുറിച്ചാണ് എം.പി ദേശീയദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.

റിയാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നടപ്പാക്കുന്ന വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സൗദിയുടെ ഭാവി വികസന കാഴ്ചപ്പാടിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നഗരപദ്ധതികൾ, ഗതാഗത സംവിധാനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ രാജ്യത്തെ വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദിയുടെ വികസന യാത്രയിൽ ഇന്ത്യക്കാരുടെയും പ്രത്യേകിച്ച് മലയാളി പ്രവാസികളുടെയും പങ്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാർ സൗദിയുടെ വികസനത്തിൽ പ്രധാന പങ്കാളികളാണ്. നിർമാണം, ആരോഗ്യം, വിദ്യാഭ്യാസം, വ്യാപാരം, വ്യവസായം, ഐ.ടി, സേവന മേഖലകൾ തുടങ്ങി വിവിധ രംഗങ്ങളിൽ ഇന്ത്യൻ സമൂഹത്തിന്റെ സാന്നിധ്യം ശക്തമാണെന്നും എം.പി ചൂണ്ടിക്കാട്ടി.

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദബന്ധം വർഷങ്ങളായി കൂടുതൽ ശക്തിപ്പെട്ടുവരികയാണ്. സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിലെ സഹകരണത്തിനൊപ്പം ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ഊഷ്മള ബന്ധവും ഈ സൗഹൃദത്തിന്റെ പ്രധാന ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

സൗദിയുടെ വികസന യാത്രയിൽ പ്രവാസി സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തിന്റെ നിയമങ്ങളും സാമൂഹിക മൂല്യങ്ങളും ബഹുമാനിച്ച് പ്രവാസികൾ മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യവും വി.കെ ശ്രീകണ്ഠൻ എം.പി ഓർമിപ്പിച്ചു.

സൗദി അറേബ്യയുടെ സമാധാനത്തിനും പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും ആശംസകൾ നേർന്നുകൊണ്ടാണ് ദേശീയദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഭാരവാഹികളായ ഷംനാദ് കരുനാഗപ്പള്ളി, നവാസ് വെള്ളിമാട് കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്, ഷുക്കൂർ ആലുവ, അമീർ പട്ടണത്ത്, ബാലു കുട്ടൻ, സക്കീർ ദാനത്ത്, അബ്ദുൽ കരീം കൊടുവള്ളി, സുരേഷ് ശങ്കർ, സൈഫ് കായംകുളം, അശ്റഫ് കീഴ്പുള്ളിക്കര, ഹക്കീം പട്ടാമ്പി, നിഷാദ് ആലംങ്കോട്, അശ്റഫ് മേച്ചേരി, നാദിർഷാ റഹ്മാൻ, ബഷീർ കോട്ടക്കൽ തുടങ്ങിയ വിവിധ ജില്ലാ, സെൻട്രൽ, നാഷണൽ - ഗ്ലോബൽ ഭാരവാഹികളും പ്രവർത്തകരും നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli