Trending

സംസ്ഥാന സ്കൂൾ കായികമേള: കായിക താരങ്ങൾക്ക് പൂർണ്ണ ആരോഗ്യ സുരക്ഷ; സുസജ്ജമായി മെഡിക്കൽ കമ്മിറ്റി.

മുക്കം: 2026 ഒക്ടോബർ 25 മുതൽ 31 വരെ എൻ.ഐ.ടി. (NIT) ക്യാമ്പസ് ഗ്രൗണ്ട് പ്രധാന വേദിയായി നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സുഗമവും സുരക്ഷിതവുമായ നടത്തിപ്പിനായി മെഡിക്കൽ വിംഗ് കമ്മറ്റി രൂപീകരിച്ചു. മേളയുടെ ഭാഗമായുള്ള വിപുലമായ യോഗത്തിന്റെ ഉദ്ഘാടനം ചെയർമാൻ സി.കെ കാസിം എം.എൽ.എ നിർവ്വഹിച്ചു.

കായിക മേളയിൽ പങ്കെടുക്കുന്ന ആയിരക്കണക്കിന് കായികപ്രതിഭകളുടെയും ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും പൂർണ്ണ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വൻ സജ്ജീകരണങ്ങളാണ് മെഡിക്കൽ കമ്മിറ്റി ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൺവീനർ നൗഷാദ് കോപ്പിലാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

മേള നടക്കുന്ന മുഴുവൻ ദിവസങ്ങളിലും അത്ലറ്റുകൾക്ക് അടിയന്തര വൈദ്യസഹായവും പ്രഥമശുശ്രൂഷയും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുള്ള കർമ്മപദ്ധതിക്ക് യോഗം അന്തിമരൂപം നൽകി.

മത്സരങ്ങൾ നടക്കുന്ന എല്ലാ വേദികളിലും വിദഗ്ധ ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരടങ്ങുന്ന പ്രത്യേക മെഡിക്കൽ ടീമിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കും.

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ആധുനിക ജീവൻ രക്ഷാ ഉപകരണങ്ങൾ സജ്ജീകരിച്ച ആംബുലൻസുകൾ എപ്പോഴും ഗ്രൗണ്ടിൽ തയ്യാറായിരിക്കും. ഗുരുതരമായി പരിക്കേൽക്കുന്ന അത്ലറ്റുകൾക്ക് വൈകാതെ തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ സമീപത്തെ പ്രധാന ആശുപത്രികളെ റഫറൽ കേന്ദ്രങ്ങളായി നിശ്ചയിച്ചു.
 
മുക്കം എം.എം.ഒ എൽ.പി സ്കൂളിൽ ചേർന്ന യോഗത്തിൽ കെ.എ.ടി.എഫ് സംസ്ഥാന ഭാരവാഹികളായ അബ്ദുൽ റഷീദ്ഖാസിമി, കെ.വി അബ്ദുൽ ജൈസൽ, വനിതാ വിംഗ് സംസ്ഥാന കൺവീനർ ഷറഫുന്നീസ, ഹെഡ്മാസ്റ്റർ ബഷീർ, ജില്ലാ പ്രസിഡണ്ട് പി.കെ ഹഖീം കളൻതോട്, സെക്രട്ടറി എം.കെ റഫീഖ്, ട്രഷറർ ഐസൽമാൻ, എൻ.കെ ഷമീന, ടി.കെ അബ്ദുൽ അസീസ്, റാസിഖ് പി, കെ.കെ യാസർ, ഇ.അബ്ദുൽ മജീദ്, പി.പി ഹംസ മാസ്റ്റർ, ഷാജഹാൻ അലി അഹമ്മദ്, ഖൈറുന്നീസ, ഷമീമ ആനയാം കുന്ന്, സീനത്ത് ബി.കെ, ഷബാന ആമിന കുട്ടി, അബ്ദുൽ ജബ്ബാർ എൻ, അബ്ദുറബ്ബ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

കായികമേള പൂർണ്ണമായും ആരോഗ്യ സുരക്ഷിതമായി പൂർത്തിയാക്കുന്നതിന് എല്ലാവരുടെയും പൂർണ്ണ സഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു.
Previous Post Next Post
Italian Trulli
Italian Trulli