Trending

ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ പന്നിക്കോട് മന്നിങ്ങത്തൊടി ആലിക്കുട്ടി മാസ്റ്റർ ഓർമ്മയായി.


✍️ഗിരീഷ് കാരക്കുറ്റി.

ശാസ്ത്ര ബോധവും പാരിസ്ഥിതിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് കൊടിയത്തൂരും പന്നിക്കോടും പ്രവർത്തന മേഖലയാക്കി പരിസ്ഥിതി പ്രവർത്തകരെ സംഘടിപ്പിച്ച് പാരിഷത്തിക ബോധം പകർന്നു നൽകി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുക്കം മേഖല സെക്രട്ടറിയായി കുതിച്ചുയർന്ന് കർമ്മരംഗത്ത് പരിസ്ഥിതി ചൂഷണത്തിനെതിരെ പതറാതെ അടരാടി നിൽക്കുമ്പോൾ കാൽ നൂറ്റാണ്ടിനപ്പുറം അപ്രതീക്ഷിതമായുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് തിരിച്ചുവരാൻ പറ്റാത്ത ലോകത്തേക്ക് നക്ഷത്രങ്ങളെ തേടി യാത്രയായത്.

ആലിക്കുട്ടി മാസ്റ്റർ എനിക്കേറെ പ്രിയപ്പെട്ട പൊതു പ്രവർത്തകനായിരുന്നു. കൊടിയത്തൂരിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഘട്ടത്തിലാണ് മാഷുമായി ഞാൻ കൂടുതൽ പരിചയപ്പെടുന്നത്. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ സമയകൃത്യത പാലിച്ചുകൊണ്ട് നടപ്പിലാക്കുക എന്നുള്ളതും അദ്ദേഹത്തിൻ്റെ പ്രത്യേകതയായിരുന്നു.

ഇരുവഴിഞ്ഞിപുഴ അറവ് മാലിന്യങ്ങൾ കൊണ്ടും പ്ലാസ്റ്റിക് കവറുകൾ കൊണ്ടും മലീനമായപ്പോൾ അതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിൻ്റെ ഭാഗമായി കൊടിയത്തൂർ തെയ്യത്തും കടവിൽ നിന്ന് നൂറുകണക്കിന് പാരിസ്ഥിതിക പ്രവർത്തകരെ കോർത്തിണക്കി ആരംഭിച്ച പദയാത്രയിൽ പ്രശസ്ത കവിയത്രി സുഗതകുമാരിയുടെ പ്രശസ്ത വരികളായ ​"ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?
മലിനമായ ജലാശയം, അത് മലിനമായൊരു ഭൂമിയും" എന്ന് നീട്ടി പാടിക്കൊണ്ട് പാളത്തൊപ്പി വെച്ച് നൂറുകണക്കിന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ നടന്നു നീങ്ങിയപ്പോൾ അതിൻ്റെ മുന്നിൽ നിന്നും ആ വരികൾ നീട്ടി പാടുന്ന ആ വെളുത്ത കുറിയ മനുഷ്യനെ എല്ലാവരും ശ്രദ്ധിക്കപ്പെട്ടു അതായിരുന്നു ആലിക്കുട്ടി മാസ്റ്റർ. അത് ഈ നാടിൻ്റെ ഉണർത്തുപാട്ടായി മാറി. ആ പദയാത്ര മുക്കം അഗസ്റ്റിൻ മുഴിയിൽ സമാപിച്ചപ്പോൾ നാടോട്ടാകെ ജനശ്രദ്ധ പിടിച്ചുപറ്റി. കൊടിയത്തൂരും കക്കാടും മുക്കത്തും ഇരുവഴിഞ്ഞിയുടെ തീരങ്ങളിലും നാലാളുകൾ കൂടുന്നിടത്ത് ചർച്ചാവിഷയമായി. കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ച 1990 കളിൽ കൊടിയത്തൂരിൽ അതിൻ്റെ നേതൃത്വമായി ഞങ്ങളുടെ മുന്നിൽ രാപ്പകലില്ലാതെ ഓടി നടന്നു അക്ഷര വിളക്ക് കരിന്തിരി കത്താതെ സൂക്ഷിക്കാൻ ആലിക്കുട്ടി മാസ്റ്റർ ഉണ്ടായിരുന്നു. കൂടാതെ ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ കാവൽ ഭടനായി കൊടിയത്തൂർ പഞ്ചായത്തിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടായിരുന്നു.

ബാലസംഘത്തിന്റെ പ്രവർത്തകനായും കേരളത്തിലെ ശക്തമായ അധ്യാപക സമര സംഘടനയായ കെഎസ്ടിഎയുടെ അരീക്കോട് സബ്ജില്ലാ സെക്രട്ടറിയായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുക്കം മേഖലാ സെക്രട്ടറിയായും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ കർമ്മ രംഗത്ത് തീപ്പന്തമായി ജ്വലിച്ചു നിൽക്കുന്ന അസീസ് മാസ്റ്ററുടെ തീഷ്ണമായ വാക്കുകളും പ്രവർത്തിയും ഏവർക്കും ആവേശം പകരുന്നതായിരുന്നു.

ആ ദീപ്ത സ്മരണക്കു മുമ്പിൽ ഒരുപിടി രക്തപുഷ്പങ്ങൾ.
Previous Post Next Post
Italian Trulli
Italian Trulli