Trending

ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ തുണയായി; തെരുവില്‍ അലഞ്ഞ വയോധികന്‍ ഇനി സാന്ത്വനത്തിന്റെ തണലില്‍.

കൊടിയത്തൂർ: ആരോരുമില്ലാതെ മാസങ്ങളോളം തെരുവില്‍ അലഞ്ഞ വയോധികനായ ചന്ദ്രേട്ടന് ഗോതമ്പറോഡിലെ ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ 'സാന്ത്വന'ത്തില്‍ അഭയമൊരുങ്ങി. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പതിനാറാം വാര്‍ഡ് അംഗം യൂസുഫ് ബാവുക്കയുടെയും, ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ ബാവ പവര്‍വേള്‍ഡിന്റെയും, സാലിം ജീറോഡിന്റെയും നേതൃത്വത്തിലാണ് ആശ്വാസത്തണലൊരുങ്ങിയത്. 

വയോധികനും രോഗിയുമായ ഈ എണ്‍പതുകാരന്‍ പൂഞ്ഞാര്‍ സ്വദേശിയാണ്. തന്റെ ഇരുപത്തിയാറാം വയസ്സില്‍ കൂപ്പില്‍ ജോലി ചെയ്തിരുന്ന കാലം, അവധിക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് തന്റെ ഭാര്യയും കൈക്കുഞ്ഞും പ്രസവാനന്തരം മരണപ്പെട്ട ദുരന്ത വാര്‍ത്ത അറിയുന്നത്. തകര്‍ന്ന മനസ്സുമായി ബാംഗ്ലൂരിലേക്ക് വണ്ടി കയറിയതാണ്. നാല്‍പത് വര്‍ഷത്തോളം അവിടെ ചുമട്ട് തൊഴിലാളിയായി ജീവിച്ച ചന്ദ്രശേഖരന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടമായി. പ്രായാധിക്യവും കാല്‍ വേദനയും കാരണം ജോലി തുടരാനാവാതെ മടങ്ങിയെത്തിയെങ്കിലും നാട്ടില്‍ വീടോ ബന്ധുക്കളോ ഇല്ലാതെ ഒറ്റപ്പെടലിന്റെ ഇരുണ്ട ലോകത്താണ് എത്തിയത്.
ആരോരുമില്ലാതെ മഴയും വെയിലും മേല്‍ക്കൂരയാക്കി പിന്നീട് അലച്ചിലായിരുന്നു. അഭിമാനബോധമുള്ള ചന്ദ്രേട്ടന്‍ പക്ഷേ, ഒരാളുടെ മുന്നിലും കൈനീട്ടിയില്ല. വഴിയില്‍ നിന്നും ആക്രി പെറുക്കിവിറ്റു കിട്ടുന്ന ചെറിയ സംഖ്യക്ക് ഭക്ഷണവും മരുന്നും വാങ്ങും.
ഗോതമ്പറോഡിലെ ആളൊഴിഞ്ഞ പീടികക്കോലായില്‍ തളര്‍ന്നു കിടക്കുന്നത് ശ്രദ്ധയില്‍പെട്ട ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരാണ് അദ്ദേഹത്തെ തെരുവില്‍നിന്നും രക്ഷിക്കാനുള്ള സംവിധാനമൊരുക്കിയത്. 
രാത്രി കിടക്കാനിടമൊരുക്കി, പിറ്റേന്ന് രാവിലെ മുഷിഞ്ഞ വേഷവും ജഡപിടിച്ച താടിയും മുടിയും വെട്ടി വൃത്തിയാക്കി, കുളിപ്പിച്ച് പുത്തന്‍ വസ്ത്രങ്ങളുമണിയിച്ച് വെല്‍ഫെയര്‍ ആംബുലന്‍സില്‍ എന്‍.ഐ.ടിയിലുള്ള 'സാന്ത്വനം' സ്നേഹഭവനിലെത്തിക്കുകയായിരുന്നു.

'സാന്ത്വന'ത്തിലെ ഇരുപത്തിരണ്ട് അന്തേവാസികളോടൊപ്പം അവരുടെ സുഖദുഖങ്ങളില്‍ കൂട്ടായി ഇനി ചന്ദ്രേട്ടനുമുണ്ടാവും. ശയ്യോപകരണങ്ങളുള്‍പ്പടെ ആവശ്യമായ സാധനങ്ങളെല്ലാം വാങ്ങി നല്‍കി ചന്ദ്രേട്ടനെ സ്‌നേഹഭവനിലേല്‍പ്പിച്ച് മടങ്ങുമ്പോള്‍, ഞങ്ങളിനിയും വരുമെന്ന ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരുടെ ആശ്വാസവാക്ക് കേട്ട് ചന്ദ്രേട്ടന്റെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു.
Previous Post Next Post
Italian Trulli
Italian Trulli