✍️ഗിരീഷ് കാരക്കുറ്റി.
കാരക്കുറ്റി എന്ന കൊച്ചു ഗ്രാമത്തിലെ ഏവർക്കും പരിചിതമായ നാട്ടുകാരി വിട പറയുമ്പോൾ, ഏഴു പതിറ്റാണ്ടിലേറെ കാരക്കുറ്റിയിലെ സുഖത്തിലും ദുഃഖത്തിലും, ജനസഞ്ചയ ഹൃദയം കവർന്നും ജീവിതയാത്രയിലുടനീളം മാനവ സൗഹൃദ മുട്ടിവളർത്തിയ ഏവർക്കും പ്രിയങ്കരിയായിരുന്നു മച്ചുട്ടി താത്ത.
പറക്കമുറ്റാത്ത പ്രായത്തിൽ തന്നെ പിതാവിൻ്റെ വേർപാട് അദ്ദേഹത്തെയും സഹോദരൻ റസാക്ക് കൊടിയത്തൂരിനെയും നൊമ്പരപ്പെടുത്തിയെങ്കിലും ഒറ്റപ്പെടാതെ ചേർത്തുപിടിച്ച പ്രിയപ്പെട്ട ഉമ്മ ചെറിയാത്തുമാച്ചിയെ മറക്കാൻ കഴിയില്ല.
ചെറുപ്പത്തിൽ തന്നെ കുടുംബത്തെ സഹായിക്കാൻ ഉമ്മയുടെ കൂടെ പാടത്തും പറമ്പിലും ചെറിയ ചെറിയ ജോലികൾക്കൊക്കെ പോയി തുടങ്ങി. പിന്നീട് അറിയപ്പെടുന്ന കൊയ്ത്തുകാരിയായി രാപ്പകലന്തിയോളം ജോലി ചെയ്തു.കൊയ്ത്തും മെതിയും ഇല്ലാത്ത കാലത്ത് റോഡ് പണിക്കും കരിങ്കല്ല് പേറാനും, കൊട്ട ചുമക്കാനും കഠിനാധ്വാനം ചെയ്തു.
അങ്ങനെ യാതനകളും വേദനകളും പേറി ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും പതുക്കെ പതുക്കെ തലയുയർത്തി നിൽക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു.അതുപോലെതന്നെയായിരുന്നു സഹോദരൻ റസാക്ക് കൊടിയത്തൂരും.
നല്ലൊരു സുഹൃത്ത് ബന്ധത്തിന്റെ ഉടമയായിരുന്ന ഉമാച്ചകുട്ടി താത്ത ഏവർക്കും പ്രിയങ്കരിയായിരുന്നു. അതുകൊണ്ടുതന്നെ കാരക്കുറ്റിയിലെ എല്ലാ നാട്ടു വിശേഷങ്ങളിലും ആഘോഷങ്ങളിലും പങ്കാളിയായിരുന്നവർ.
കഷ്ടപ്പെട്ട് വളർത്തിയ മക്കളുടെ പ്രയത്നത്താൽ കിട്ടിയ സൗഭാഗ്യങ്ങൾ അനുഭവിച്ചു കൊതി തീരുന്നതിനു മുൻപേ മടക്കയാത്രയ്ക്കുള്ള വിളി വരും എന്ന് പ്രതീക്ഷിച്ചില്ല.
കുറച്ചുനാളുകളായി ക്യാൻസർ എന്ന വില്ലൻ പുറകെ കൂടി മുറുകെ പിടിച്ചിട്ടും പിടികൊടുക്കാതെ കൈമുതലായ ജീവിതാനുഭവങ്ങളും സുഹൃത്ത് ബന്ധവും ദൃഢപ്പെടുത്തി ആത്മധൈര്യത്തോടെ ജീവിത നൗകയുടെ പങ്കായം കൈവിടാതെ ലക്ഷ്യസ്ഥാനത്തേക്ക് മുന്നോട്ടു തുഴഞ്ഞു കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി കാലിടറി ജീവിച്ചു കൊതി തീരാതെ തിരിച്ചുവരാൻ പറ്റാത്ത ലോകത്തേക്ക് യാത്രയായി.
കണ്ണീർ പ്രണാമം