Trending

നരിക്കുനിയിൽ കടമുറിക്കുള്ളിൽ യുവാവ് പൊള്ളലേറ്റ് മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ.

നരിക്കുനി: നരിക്കുനിയിൽ യുവാവ് കടമുറിക്കുള്ളിൽ പൊള്ളലേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ഒൻപതുകാരിയായ മകൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. 

കുരുവട്ടൂർ കാരാട്ടുതാഴം നടുവിലക്കണ്ടി വി.ടി. വിനീഷ്‌കുമാർ(48) ആണ് തീപ്പൊള്ളലേറ്റ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം കടയിലുണ്ടായിരുന്ന മകൾ അമേഘ (9) സാരമായി പൊള്ളലേറ്റനിലയിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

അച്ഛന്റെ ദാരുണമരണത്തിന് നേരിട്ട് സാക്ഷിയായ മകളിൽനിന്ന് മൊഴിയെടുക്കാനായിട്ടില്ല. വിനേഷ് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

സാമ്പത്തികബാധ്യതയാണ് ജീവനൊടുക്കുന്നതിന് കാരണമെന്ന വിനീഷ്‌കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായും ഇദ്ദേഹം മകളെ എന്തിന്‌ കൊണ്ടുവന്നു എന്നകാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും കൊടുവള്ളി പോലീസ് അറിയിച്ചു.

നരിക്കുനി-കൊടുവള്ളി റോഡിലെ കെട്ടിടത്തിന്റെ ഒന്നാംനിലയിൽ വിനീഷ്‌കുമാർ വാടകയ്ക്കെടുത്ത കടമുറിയിൽ ഇന്നലെ (വെള്ളിയാഴ്ച) രാവിലെ എട്ടരയോടെയാണ് സംഭവം. 

മുൻപ്‌ ഏറെക്കാലം പ്രവാസിയായിരുന്ന വിനീഷ്, നിലവിൽ വി.ജെ. ട്രേഡേഴ്‌സ് എന്നപേരിൽ ഓൺലൈൻ ട്രേഡിങ് സ്ഥാപനം നടത്തിവരുകയായിരുന്നു. 

വിനീഷ് പതിവായി രാവിലെ എട്ടരയോടെ കടയിലെത്തി വൈകീട്ട് നാലരയോടെ തിരിച്ചുപോകാറാണ് പതിവെന്ന് നാട്ടുകാർ പറയുന്നു. സാധാരണ ഒരു ജോലിക്കാരിയാണ് വിനീഷിനൊപ്പം കടയിലെത്താറുള്ളത്. എന്നാൽ, വെള്ളിയാഴ്ച രാവിലെ എട്ടരയോടെ മകളെയുംകൂട്ടിയാണ് വിനീഷ് തന്റെ സ്കൂട്ടറിൽ കടയിലേക്കെത്തിയത്. 

തലേദിവസം വൈകീട്ട് പൂട്ടിപ്പോയ ഷട്ടർ താഴ്ത്തിയ മുറിയിൽനിന്ന് പുകയുയരുന്നതുകണ്ട് നാട്ടുകാർ തൊട്ടുപുറകിലെ വീട്ടിൽ താമസിക്കുന്ന കെട്ടിട ഉടമയെയും നരിക്കുനി അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു.

വിനീഷ്‌കുമാറിന്റെ അച്ഛൻ: എ.വി. വിജയൻ (പ്ലംബർ).

അമ്മ: രമണി.

ഭാര്യ: ജിഷ.

മക്കൾ: അഭിനവ്, അമേഘ.

സഹോദരങ്ങൾ: വിനോദ് കുമാർ, സിന്ധു.

സംസ്കാരം ഇന്ന് (16-05-2026-ശനി) രാവിലെ പത്തുമണിക്ക്‌ വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
Previous Post Next Post
Italian Trulli
Italian Trulli