മുക്കം: പരിമിതികളും വേദനകളും പൊട്ടിച്ചിരികൾക്ക് വഴിമാറി സർഗ്ഗവസന്തം വിരിഞ്ഞ ഒരു ദിനം അവർ നിറഞ്ഞാടുകയായിരുന്നു.
ആടിയും പാടിയും വിദ്യാർത്ഥികളും മുതിർന്നവരും അരങ്ങ് തകർത്തപ്പോൾ കാണികൾക്കത് പുതിയ അനുഭവമായി മാറി. ജന പ്രതിനിധികളും രക്ഷിതാക്കളുമുൾപ്പെടെ തിങ്ങി നിറഞ്ഞ ശ്രോതാക്കളിൽ പുതുമയും ആവേശവും വിതറുന്നതായിരുന്നു ഭിന്നശേഷി രക്ഷിതാക്കളുടേയും കുട്ടികളുടേയും സംഘടനയായ പരിവാർ കുടുംബാംഗങ്ങളുടെ ഒത്തുചേരൽ.
കൊടിയത്തൂർ പഞ്ചായത്ത് പരിവാർ കുടുംബ സംഗമവും പഞ്ചായത്ത് ജന പ്രതിനിധികൾക്കുള്ള സ്വീകരണവും ആനക്കാംപൊയിൽ ഏലമല റിസോട്ടിലാണ് നടന്നത്. നിയാസ് ചോല, ഷബാന ചോല എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനവിരുന്നിൽ ജന പ്രതിനിധികളും പങ്കാളികളായതോടെ ആവേശവും കൊടുമുടി കയറി.
പരിപാടികൾ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്കായി പദ്ധതികൾ നടപ്പാക്കുന്നതിന് ജില്ല പഞ്ചായത്ത് പ്രതിജ്ഞബദ്ധമാണന്ന് അവർ പറഞ്ഞു. ടി.കെ ജാഫർ അധ്യക്ഷനായി.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട്, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. കവിത, വൈസ് പ്രസിഡൻ്റ് സുജ ടോം, ഗ്രാമ പഞ്ചായത്തംഗങ്ങൾ, പി.എം അബ്ദുനാസർ, ആയിഷ ഹന്ന തുടങ്ങിയവർ സംസാരിച്ചു.
പരിപാടികൾക്ക് അബ്ദുൽ അസീസ് കാരക്കുറ്റി, കരീം പൊലുകുന്നത്ത്, മുഹമ്മദ് ഗോതമ്പറോഡ്, മുഹമ്മദ് സൈഗോൻ, ബഷീർ കണ്ടങ്ങൽ, സലീന കാരക്കുറ്റി, മുഹമ്മദ് വെസ്റ്റ് കൊടിയത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.
