Trending

തദ്ദേശ തിരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം- ജില്ലാ കലക്ടർ.



തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.
സംഘര്‍ഷത്തിനിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരിൽനിന്നും ഉണ്ടാവരുത്. എതിര്‍ രാഷ്ട്രീയകക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചാരണം പാടില്ല. ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കുന്നതും ജാതി-മത വികാരങ്ങള്‍ മുതലെടുത്ത് വോട്ടു പിടിക്കുന്നതും കുറ്റകരമാണ്. 

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്ന സ്ഥാനാര്‍ഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങള്‍ മാത്രമേ വരണാധികാരിയുടെ ഓഫീസിന്റെ നൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ പ്രവേശിക്കാവൂ. പത്രിക സമര്‍പ്പണ വേളയില്‍ വരണാധികാരിയുടെ മുറിയിലേക്ക് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രമേ പ്രവേശിക്കാവൂ.

നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നിവര്‍ക്ക് പുറമെ മറ്റൊരാള്‍ക്ക് (ആവശ്യമെങ്കില്‍ വക്കീലാവാം) സ്ഥാനാര്‍ഥി എഴുതി നല്‍കുകയാണെങ്കില്‍ വരണാധികാരിയുടെ മുറിയില്‍ പ്രവേശിക്കാം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാര്‍ഥിക്ക് ഇരുചക്ര വാഹനമുള്‍പ്പെടെ എത്ര വാഹനങ്ങള്‍ വേണമെങ്കിലും ഉപയോഗിക്കാം. എന്നാല്‍, അതിന്റെ ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിന്റെ പരിധിയില്‍ വരും. പ്രചാരണ വാഹനത്തിന് വരണാധികാരിയുടെ അനുമതി വാങ്ങുകയും വരണാധികാരി നല്‍കുന്ന അസല്‍ പെര്‍മിറ്റ് വാഹനത്തിന്റെ മുന്‍വശത്ത് കാണത്തക്ക വിധം പ്രദര്‍ശിപ്പിക്കുകയും വേണം. പെര്‍മിറ്റില്‍ വാഹനത്തിന്റെ നമ്പര്‍, സ്ഥാനാര്‍ഥിയുടെ പേര് എന്നിവ ഉണ്ടാകണം. ഒരു സ്ഥാനാര്‍ഥിയുടെ പേരില്‍ പെര്‍മിറ്റ് എടുത്ത വാഹനം മറ്റൊരു സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് ഉപയോഗിക്കുന്നത് കുറ്റകരമാണ്. 

സര്‍ക്കാര്‍ പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ളവര്‍ക്ക് സുരക്ഷാ അധികാരികളും ഇന്റലിജന്‍സ് ഏജന്‍സികളും നിര്‍ദേശിച്ചത് പ്രകാരം ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കാവുന്നതാണ്. സുരക്ഷാ അധികാരികള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ പകരം വാഹനമായി ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇപ്രകാരം ബുള്ളറ്റ്പ്രൂഫ് വാഹനങ്ങള്‍ ഓടിക്കുന്നതിന്റെ ചെലവ് അതത് വ്യക്തികള്‍ വഹിക്കേണ്ടതാണ്. പൈലറ്റ് വാഹനവും എസ്‌കോര്‍ട്ട് വാഹനവും ഉള്‍പ്പെടെ ബുള്ളറ്റ് പ്രൂഫ് വാഹനത്തെ അനുഗമിക്കുന്ന വാഹനങ്ങളുടെ എണ്ണം സുരക്ഷാ അധികാരികള്‍ അനുവദിച്ചിട്ടുള്ള എണ്ണത്തില്‍ കൂടാന്‍ പാടില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും ഓടിക്കുന്നതിന്റെ ചെലവ് അതത് വ്യക്തികള്‍ വഹിക്കണം.

ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെയോ വരണാധികാരിയുടെയോ പെര്‍മിറ്റില്ലാത്ത വാഹനം പ്രചാരണത്തിന് ഉപയോഗിച്ചാല്‍ അനധികൃത പ്രചാരണ വാഹനമായി കണക്കാക്കി നടപടി സ്വീകരിക്കും. ഈ വാഹനങ്ങള്‍ പിന്നീട് പ്രചാരണ വാഹനമായി ഉപയോഗിക്കരുത്. 
രാഷ്ട്രീയ കക്ഷികളുടെ റാലിക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയുടെ കളിസ്ഥലവും ഉപയോഗിക്കാന്‍ പാടില്ല. 

നിലവിലുള്ള നിയമങ്ങള്‍ക്കും കോടതി ഉത്തരവുകള്‍ക്കും അനുസൃതമായി പൊതുസ്ഥലത്ത് പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിന് വിലക്കില്ല. സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവര്‍ എഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ ബാനര്‍, കട്ടൗട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതിപത്രം വാങ്ങുകയും അത് വരണാധികാരിക്കോ അധികാരപ്പെട്ട ഉദ്യോഗസ്ഥനോ മൂന്നു ദിവസത്തിനകം സമർപ്പിക്കുകയും വേണം.

പ്രകടനം നടക്കുമ്പോള്‍ രാഷ്ട്രീയ കക്ഷിയുടേയോ സ്ഥാനാര്‍ഥിയുടേയോ വാഹനത്തില്‍ മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി തിരഞ്ഞെടുപ്പ് പരസ്യം, കൊടി എന്നിവ പ്രദര്‍ശിപ്പിക്കാവുന്നതാണ്.

വോട്ടര്‍മാരെ ബോധവത്കരിക്കാന്‍ യഥാര്‍ഥ ബാലറ്റ് യൂണിറ്റുകളുടെ പകുതി വലുപ്പത്തിലുള്ളതും തടിയിലോ പ്ലൈവുഡിലോ നിര്‍മിച്ചതുമായ ഡമ്മി ബാലറ്റു യൂണിറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് യഥാര്‍ത്ഥ ബാലറ്റുയൂണിറ്റുകളുടെ നിറത്തിലാകാന്‍ പാടില്ല.

ദൈവങ്ങളുടെയോ ആരാധനാമൂര്‍ത്തികളുടെയോ ചിത്രം ആലേഖനം ചെയ്ത ഡയറി, കലണ്ടര്‍, സ്റ്റിക്കര്‍ എന്നിവ വിതരണം ചെയ്യാന്‍ പാടില്ല. 

പരിസ്ഥിതി മലിനീകരണം കണക്കിലെടുത്ത് പ്ലാസ്റ്റിക്, ഫ്‌ളക്‌സ് എന്നിവ ഒഴിവാക്കിയുള്ള പ്രചാരണ സാമഗ്രികള്‍ തയ്യാറാക്കണം. ഇവയുടെ ഉപയോഗം സംബന്ധിച്ച് സര്‍ക്കാറോ സര്‍ക്കാര്‍ ഏജന്‍സികളോ കോടതിയോ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

പ്രസാധകന്റെയും അച്ചടി സ്ഥാപനത്തിന്റെയും പേര്, വിലാസം, അച്ചടിക്കുന്ന കോപ്പികളുടെ എണ്ണം എന്നിവ ഉള്‍ക്കൊള്ളിച്ചേ പോസ്റ്ററുകളും ലഘുലേഖകളും അച്ചടിക്കാവൂ. ഇതിന്റെ പകര്‍പ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമര്‍പ്പിക്കണം. 
പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥിയുടെ ഫോട്ടോയോ ചിഹ്നമോ ആലേഖനം ചെയ്ത തൊപ്പി, മുഖംമൂടി, മാസ്‌ക് പോലുള്ളവ ഉപയോഗിക്കാം. ഇവയുടെ ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തണം. എന്നാല്‍, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വസ്ത്രങ്ങളോ മറ്റു സാധനങ്ങളോ വിതരണം ചെയ്യുന്നത് കുറ്റകരമാണ്.

പ്രചാരണത്തിനായി സിനിമ, ടെലിവിഷന്‍, സമൂഹ മാധ്യമങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാം. എന്നാല്‍, പൊതുപ്രചാരണം അവസാനിച്ച ശേഷം ഇത്തരം മാധ്യമങ്ങളിലൂടെയും പ്രചാരണം പാടില്ല.

ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യ സ്ഥലമോ കൈയേറിയോ ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയിലോ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും താല്‍ക്കാലിക ഓഫീസ് സ്ഥാപിക്കരുത്. പഞ്ചായത്തുകളില്‍ പോളിങ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയിലും നഗരസഭകളില്‍ 100 മീറ്റര്‍ പരിധിയിലും ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കരുത്.

പ്രചാരണ സമയം അവസാനിച്ച ശേഷം മണ്ഡലത്തിന് പുറത്തുനിന്ന് പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും മണ്ഡലം വിട്ട് പോകണം. എന്നാല്‍, സ്ഥാനാര്‍ഥിയോ ഇലക്ഷന്‍ ഏജന്റോ മണ്ഡലത്തിന് പുറത്തുള്ള ആളായാലും മണ്ഡലം വിട്ടു പോകേണ്ടതില്ല. 

വാര്‍ഡിനു പുറത്തുള്ളവര്‍ വോട്ടെടുപ്പ് തലേദിവസം നിശബ്ദ പ്രചാരണം നടത്താന്‍ പാടില്ല. യോഗങ്ങള്‍ നടത്തുന്ന സ്ഥലം, പ്രചാരണ ജാഥ കടന്നു പോകുന്നവഴി എന്നിവ കാണിച്ച് ബന്ധപ്പെട്ട പോലീസ് അധികാരിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി രേഖാമൂലം വാങ്ങേണ്ടതാണ്. ഇതു സംബന്ധിച്ചുള്ള കോടതി നിര്‍ദേശങ്ങളും പാലിക്കണം.

ഉച്ചഭാഷിണി ഉപയോഗത്തിന് ബന്ധപ്പെട്ട പോലീസ് അധികാരിയില്‍നിന്ന് ആവശ്യമായ അനുമതി രേഖാമൂലം വാങ്ങണം. രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയുള്ള ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല. അനുവദനീയമായ ശബ്ദം മാത്രമേ ഉച്ചഭാഷിണികള്‍ പുറപ്പെടുവിക്കാന്‍ പാടുള്ളു. 

രാത്രി പത്ത് മണിക്കും രാവിലെ ആറു മണിക്കും ഇടയില്‍ പൊതുയോഗമോ ജാഥയോ യോഗമോ പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പു മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള സമയത്ത് പൊതുയോഗം ജാഥ എന്നിവ പാടില്ല. 

രാഷ്ട്രീയ കക്ഷികള്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന സ്ലിപ്പുകള്‍ വെള്ള പേപ്പറില്‍ തയാറാക്കേണ്ടതും വോട്ടറുടെ പേര്, സീരിയല്‍ നമ്പര്‍, പാര്‍ട്ട് നമ്പര്‍, പോളിങ് സ്റ്റേഷന്റെ പേര് എന്നീ വിവരങ്ങള്‍ മാത്രം രേഖപ്പെടുത്തിയതുമാകണം. ഈ സ്ലിപ്പില്‍ സ്ഥാനാര്‍ഥിയുടെ പേരോ ചിഹ്നമോ ഫോട്ടോയോ പാടില്ല.

പോളിങ് ഏജന്റുമാരായി നിയോഗിക്കപ്പെടുന്നവര്‍ ബന്ധപ്പെട്ട നിയോജകമണ്ഡലത്തിലെ/വാര്‍ഡിലെ വോട്ടറായിരിക്കണം. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും ഉണ്ടായിരിക്കണം.

തിരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കും നിലവിലുള്ള മറ്റ് നിയമങ്ങള്‍ക്കും വിരുദ്ധമായി ആര്‍ക്കെങ്കിലും അപകീര്‍ത്തികരമായ വിധം എസ്.എം.എസിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സന്ദേശങ്ങള്‍ അയക്കുന്നത് കുറ്റകരമാണ്.
Previous Post Next Post
Italian Trulli
Italian Trulli