ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി വനിതാ - ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈല്‍ഡ് ഹെല്‍പ് ലൈന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ജില്ലാ ഭരണകൂടത്തെ പ്രതിനിധീകരിച്ച കലക്‌ടേഴ്‌സ് ഇലവന്‍ ജേതാക്കളായി. കോഴിക്കോട് ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ചില്‍ഡ്രന്‍സ് ഇലവനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് തോല്‍പിച്ചത്.
മത്സരം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു. അസി. കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ ഷൈനി, സി.ഡബ്ല്യു.സി മെമ്പര്‍ അഷ്റഫ് കാവില്‍, ജെ.ജെ.ബി മെമ്പര്‍മാരായ ഷമീന, എ കെ മോഹന്‍കുമാര്‍, ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജര്‍ മുഹമ്മദ് ഹസീം, ബില്‍ഡ് ആന്‍ഡ് ബിയോണ്ട് എഞ്ചിനീയര്‍ എന്‍ പി ഷിനിത്ത് എന്നിവര്‍ സംസാരിച്ചു. ആസ്റ്റര്‍ മിംസ് സി.എഫ്.ഒ ദീപക് സേവ്യര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിന്റെ ഭാഗമായി ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, ആസ്റ്റര്‍ വളണ്ടിയേഴ്‌സ്, ബില്‍ഡ് ആന്‍ഡ് ബിയോണ്ട്, ഇഖ്‌റ ഹോസ്പിറ്റല്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.
Tags:
sports


