കൊടിയത്തൂർ: അമീബിക് മസ്തിഷ്ക ജ്വരം കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്. ഓണാവധിക്ക് സ്കൂളുകൾ അടക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് പരിധിയിലെ കുളങ്ങളിൽ ഇറങ്ങരുത് എന്നും സുരക്ഷിതമായ ജലലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള 'ജലമാണ് ജീവൻ' ക്യാമ്പയിൻ ഭാഗമായി വിവിധ ജനകീയ അവബോധ പ്രവർത്തനങ്ങൾ നടത്തുമെന്നും പഞ്ചായത്തിൽ വെച്ച് നടത്തിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു പറഞ്ഞു.
ജലജന്യ രോഗമായ അമീബിക് മസ്തിഷ്കജ്വരം പിടിപെട്ടാൽ 97% ത്തോളം മരണനിരക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും പനി കടുത്ത തലവേദന, ചർദ്ധി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടനടി വിദഗ്ധ ചികിൽസ തേടണമെന്നും പഞ്ചായത്ത് അറിയിച്ചു.
പഞ്ചായത്തിലെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകളും പൊതു കിണറുകളും ഈ മാസം 30, 31 തിയ്യതികളിലായി മെമ്പർമാരുടെ നേതൃത്വത്തിൽ ആശവർക്കർമാർ, ഹരിതകർമ സേനാംഗങ്ങൾ, എൻ.എച്ച്.എം വോളന്റീയർമാർ, മറ്റു വോളന്റീയർമാർ തുടങ്ങിവരുടെ സഹായത്തോടെ ക്ലോറിനേഷൻ നടത്തും.
മഞ്ഞപിത്ത പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നേരത്തെ തന്നെ പകുതിയിലേറെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്ന പ്രവർത്തനം നടന്നു വരുന്നുണ്ട് എന്നും ഇനിയും ചെയ്യാത്ത സ്ഥലങ്ങളിൽ 30, 31 നു പൂർത്തിയാക്കും.
അതോടൊപ്പം പൊതു കിണറുകൾ ജന പ്രതിനിധികളുടെ നേതൃത്വത്തിൽ ക്ലോറിനേറ്റ് ചെയ്യും. ഇതിനായി മുഴുവൻ വാർഡുകളിലും വാർഡ്തല സാനിറ്റേഷൻ സമിതി ചേരും.
കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്നതോടൊപ്പം ഒരു വർഷത്തിലധികമായി ക്ലീൻ ചെയ്യാത്ത ടാങ്കുകൾ ക്ലീൻ ചെയ്യണമെന്നും നിർദ്ദേശിച്ചു.
ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് കിണറുകൾ ക്ലോറിനേറ്റ് ചെയ്ത ശേഷം കൃത്യമായി ക്ലോറിനേഷൻ നടത്തിയോട്ടുണ്ടോ എന്ന പരിശോധനയും സെപ്റ്റംബർ 1, 2 തിയ്യതികളിൽ ആയി നടത്തും.
ഓണവധിക്ക് ശേഷം ഹരിതകേരളം മിഷൻ, ആരോഗ്യ വകുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് വിപുലമായ ജനകീയ ബോധവത്കരണ ക്യാമ്പയിൻ നടത്തുമെന്ന് യോഗത്തിൽ തിരുമാനിച്ചു. യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബാബുപൊലുകുന്നത്ത്, ആയിഷ ചേലപ്പുറത്ത്, മെമ്പർ മജീദ് റിഹ്‌ല , പഞ്ചായത്ത് ഹോമിയോ ഡോക്ടർ ബേബി സന്തോഷ്, പഞ്ചായത്ത് എച്ച്.ഐ റിനിൽ, വി.ഇ.ഒ അമൽ സാമുവൽ, ആരോഗ്യ കേന്ദ്രം ജെ.എച്ച്.ഐ രാജു, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
Tags:
KODIYATHUR