മുക്കം: മൂന്ന് കോടി രൂപയോളം ചെലഴിച്ച് കണ്ടോളിപ്പാറയിൽ ഉയരുന്ന കക്കാട് ഗവ. എൽ.പി സ്‌കൂളിന്റെ പുതിയ ഹൈടെക് കെട്ടിടത്തിന്റെ ആദ്യഘട്ട ഉദ്ഘാടനവും രണ്ടാംഘട്ടത്തിന്റെ തറക്കല്ലിടലും 22ന് ഉച്ചയ്ക്ക് 1.30ന് കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.
പുതിയ ഹൈടെക് കെട്ടിടത്തിലെ വർണക്കൂടാരം, മെട്രോ ട്രെയിൻ, കമ്പ്യൂട്ടർ ലാബ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. പരിപാടി വമ്പിച്ച വിജയമാക്കാൻ സ്‌കൂളിൽ ചേർന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും സംയുക്ത യോഗം തീരുമാനിച്ചു.
സംഘാടകസമിതി രൂപീകരണ യോഗം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ എടത്തിൽ ആമിന അധ്യക്ഷത വഹിച്ചു.
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ വിനോദ്, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജിജിത സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ കെ.പി ഷാജി, ശിവദാസൻ തേക്കുംകുറ്റി, നൗഷാദ് കെ.കെ, മുക്കം എ.ഇ.ഒ ടി ദീപ്തി ടീച്ചർ, കുന്ദമംഗലം ബി.പി.സി മുഹമ്മദ് റാഫി പി.വി, മുൻ പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, ബി.ആർ.സി ട്രെയ്‌നർ അൻസാർ മാഷ്, അജയ് ഫ്രാൻസി, ടി.പി.സി മുഹമ്മദ് ഹാജി പ്രസംഗിച്ചു.
അനഘ പിയുടെ സ്വാഗത ഗീതത്തോടെ തുടങ്ങിയ ചടങ്ങിൽ ഹെഡ്മിസ്ട്രസ് ജാനീസ് ജോസഫ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് മുനീർ പാറമ്മൽ നന്ദിയും പറഞ്ഞു.
വാർഡ് മെമ്പർ ചെയർമാനും പി.ടി.എ പ്രസിഡന്റ് ജനറൽ കൺവീനറും സ്റ്റാഫ് സെക്രട്ടറി ട്രഷററുമായി വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചു. പാഠ്യ-പഠനാനുബന്ധ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന സ്‌കൂളിനെ കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ ആദ്യ സർക്കാർ യു.പി സ്‌കൂളായി ഉയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
Tags:
EDUCATION