കോട്ടമുഴി പാലം ഗതാഗത യോഗ്യമാക്കാൻ അടിയന്തര നടപടി വേണം.
മുക്കം: പതിറ്റാണ്ടുകളായി കക്കാട് ജി.എൽ.പി സ്‌കൂൾ നിലകൊള്ളുന്ന കക്കാട് പ്രദേശം ഉൾപ്പെടുന്ന വാർഡ് മറ്റൊരു അയൽനാടിന്റെ പേരിലേക്ക് കൂട്ടിച്ചേർത്ത് കക്കാട് ജി.എൽ.പി സ്‌കൂളിനെ ചരിത്രത്തിൽനിന്ന് വെട്ടിമാറ്റുന്ന പുതിയ വാർഡ് വിഭജനം അംഗീകരിക്കാനാവില്ലെന്ന് കക്കാട് ജി.എൽ.പി സ്‌കൂളിൽ ചേർന്ന പി.ടി.എ, എസ്.എം.സി, എം.പി.ടി.എ സംയുക്ത എക്‌സിക്യൂട്ടീവ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
വാർഡ് വിഭജനത്തിന്റെ കരട് രേഖയിൽ പോലും ഇല്ലാത്ത പേര് ഡീ ലിമിറ്റേഷൻ കമ്മിറ്റിയുടെ അന്തിമ വിജ്ഞാപനത്തിൽ ഒരു വാർഡിന്റെ പേരായി അടിച്ചേൽപ്പിച്ച തെറ്റായ രീതി അങ്ങേയറ്റം ആശ്ചര്യം ഉളവാക്കുന്നതാണെന്നും ഇത് അടിയന്തരമായി തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
നിലവിലുള്ള കക്കാട് അങ്ങാടിയും 1957-ൽ സ്ഥാപിതമായ നാടിന്റെ മുഖശ്രീയായ കക്കാട് ഗവ. എൽ.പി സ്‌കൂളും കക്കാട് വാർഡിൽനിന്ന് പുറത്തായി വലിയപറമ്പ് വാർഡിലാണ് തദ്ദേശ സ്ഥാപനങ്ങളിലെ അതിർത്തികൾ പുനർനിർണയിച്ചിട്ടുള്ള പുതിയ വാർഡ് വിഭജനത്തിൽ ഉൾപ്പെടുത്തിയത്.
ഇത് തീർത്തും അശാസ്ത്രീയവും ചരിത്രത്തെ തന്നെ തമസ്‌കരിക്കാനും ഇടയാക്കുന്നതാണ്. അതിനാൽ കക്കാട് ജി.എൽ.പി സ്‌കൂൾ ഉൾപ്പെടുന്ന പ്രദേശത്തെ പഴയ കക്കാട് വാർഡിൽ ഉൾപ്പെടുംവിധം തന്നെ അതിന്റെ പേര് നിലനിർത്താൻ അടിയന്തരമായ പുനരാലോചനയും അനുകൂല തീരുമാനവും ഉണ്ടാകണം.
കക്കാട് വാർഡ് വിഭജിച്ച് നെല്ലിക്കാപറമ്പ് വാർഡ് ഉണ്ടാക്കിയതുപോലെ വലിയപറമ്പ് എന്ന വാർഡ് ഉണ്ടാക്കുന്നതിന് ആരും എതിരല്ല, അനിവാര്യമാണത്. കക്കാടിൽനിന്നും കുടിയേറി പാർത്തവരും കക്കാട് സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളും ഗുണകാംക്ഷികളുമാണ് 99 ശതമാനം വലിയപറമ്പ് നിവാസികളും എന്നിരിക്കെ അവിടുത്തെ വികസനത്തിന് ഈ സ്‌കൂളും കക്കാട് പ്രദേശവാസികളുമെല്ലാം പൂർണമായും അവരോടൊപ്പമുണ്ട്.
പക്ഷേ, കക്കാട് എന്ന ഭൂ പ്രദേശത്തിന്റെ ഐഡന്റിറ്റി തന്നെ തകർക്കുംവിധം കക്കാട് ജി.എൽ.പി സ്‌കൂൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ വലിയപറമ്പിലേക്ക് പറിച്ചുനട്ടുള്ള തല തിരിഞ്ഞ വിഭജനം തീർത്തും അന്യായവും അശാസ്ത്രീയവും മഹാ ക്രൂരവും അത്യന്തം പരിഹാസ്യവുമാണ്.
ഇക്കാര്യത്തിൽ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് അത് തിരുത്താനാവശ്യമായ തുടർ ഇടപെടലുകൾ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ഈ നാണക്കേടിൽനിന്ന് ആർക്കും രക്ഷാപ്പെടാനാകില്ലെന്നും അത് ചരിത്രത്തോടും ഈ നാടിനായി അഹോരാത്രം പ്രയത്‌നിച്ച മഹാരഥന്മാരോടും വരാനിരിക്കുന്ന തലമുറയോടും ചെയ്യുന്ന മഹാ പാതകമായി ചരിത്രം രേഖപ്പെടുത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷുകാരുടെ കാലം മുതൽ ഈ നാടിനുള്ള കക്കാട് എന്ന പേര് പോകുന്നുവെന്ന് മാത്രമല്ല, ചരിത്രതാളുകളിലുള്ള നന്മയുടെയും ഒരുമയുടെയും നിറവുള്ള ഈ നാടിനെ തന്നെ തീർത്തും ഗളച്ഛേദം ചെയ്യുന്ന നടപടി കൂടിയാകും അത്. ചരിത്രപരമായ അത്തരമൊരു തേച്ചുമായ്ക്കലിന് ഡീ ലിമിറ്റേഷൻ കമ്മിറ്റിയും രാഷ്ട്രീയ പാർട്ടികളും കൂട്ടുനിൽക്കരുതെന്ന് യോഗം ചൂണ്ടിക്കാട്ടി.
സർക്കാർ ആദ്യം പ്രഖ്യാപിച്ച വാർഡ് വിഭജന കരട് ലിസ്റ്റിൽ സ്‌കൂൾ ഉൾപ്പെടുന്ന കക്കാട് വാർഡിന് ഇത്തരമൊരു 'വലിയപറമ്പ്' നാമകരണം ഉണ്ടായിട്ടില്ലെന്നിരിക്കെ, അന്തിമ വിജ്ഞാപനത്തിൽ ഇത്തരമൊരു തലതിരിഞ്ഞ പരിഷ്‌കാരം എങ്ങനെയുണ്ടായെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച് തിരുത്താനാവശ്യമായ രാഷ്ട്രീയപരവും നിയമപരവുമായ അടിയന്തര നടപടികൾ കൈക്കൊള്ളണം.
വലിയപറമ്പ് നിവാസികൾക്ക് പുതിയ വാർഡ് എന്ന ന്യായമായ ആവശ്യത്തോട് പോസിറ്റീവ് ആയി നിലകൊള്ളുമ്പോൾ തന്നെയും കക്കാട് അങ്ങാടിയും കക്കാട് ഗവൺമെന്റ് എൽ.പി സ്‌കൂൾ അടക്കമുള്ള ഒട്ടേറെ ആസ്ഥാന കേന്ദ്രങ്ങൾ ഉൾപ്പെടുന്ന വാർഡിന് കക്കാട് വാർഡുമായി അന്യം നിൽക്കേണ്ട സാഹചര്യം ഉണ്ടായിക്കൂടെന്നും അത് ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ലെന്നും യോഗം വ്യക്തമാക്കി.
കക്കാട് കുന്നത്തുപറമ്പ് ജുമുഅത്ത് പള്ളി, കക്കാട് അങ്ങാടിയിലെ മുജാഹിദ് പള്ളി, കക്കാട് സ്‌കൂളിനോട് ചേർന്നുള്ള നമസ്‌കാരപ്പള്ളി, കക്കാട് കെ.പി.ആർ സ്മാരക വായനശാല, കക്കാട് മദ്രസത്തുൽ മുജാഹിദീൻ, പഴയ മുനവ്വിറുൽ ഇസ്‌ലാം മദ്രസ കെട്ടിടം, സലഫി സെന്റർ, കക്കാട് ഇസ്‌ലാമിക് സെന്റർ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം കക്കാട് വാർഡിൽതന്നെ നിലനിൽക്കുംവിധം അതിന്റെ പൊക്കിൾക്കൊടി ബന്ധം നിലനിൽക്കുന്നതാണ് ശരിയായ രീതിയെന്നും യോഗം വിലയിരുത്തി.
അതേ പോലെ കൊടിയത്തൂർ - കാരശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും ആയിരക്കണക്കിന് യാത്രക്കാരുടെ നിത്യ ആശ്രയവുമായ കോട്ടമുഴി പാലം ജീർണാവസ്ഥകാരണം പുനർനിർമാണം തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. കഴിഞ്ഞ വിദ്യാഭ്യാസ വർഷാരംഭം മുതൽ നൂറുകണക്കിന് സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാരും വാഹനങ്ങളുമെല്ലാം ഇതുവഴി പോകാനാകാതെ കടുത്ത ബുദ്ധിമുട്ടിലാണ്.
ഒപ്പം കൊടിയത്തൂർ മാക്കൽ ആശുപത്രിയെയും ഇതുവഴിയുള്ള ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആശ്രയിക്കുന്ന നൂറുകണക്കിന് പേർക്കും വൻ തിരിച്ചടിയാണ് പാലം പണി അനന്തമായി നീണ്ടുപോകുന്നത്. പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ തന്നെ ഈ ബുദ്ധിമുട്ട് പൂർണമായും പരിഹരിക്കപ്പെടുംവിധം പാലത്തിലൂടെയുള്ള ബസ് ഗതാഗതം അടക്കം സാധ്യമാകുംവിധം പാലം സമ്പൂർണമായും ഗതാഗത യോഗ്യമാക്കാൻ സത്വര നടപടി ഉണ്ടാകണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
സ്‌കൂൾ പ്രവേശനോത്സവത്തിന്റെ മുന്നൊരുക്കങ്ങളും വർണക്കൂടാരം പദ്ധതി അടക്കമുള്ളവയുടെ പുരോഗതിയും യോഗം വിലയിരുത്തി. എൽ.എസ്.എസ് വിജയികളെ പ്രവേശനോത്സവത്തിൽ ആദരിക്കാനും പ്രീ പ്രൈമറി ക്ലാസിലെ കുട്ടികൾക്കും പുതുതായി പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനോത്സവത്തിൽ റെയിൻകോട്ട് നൽകാനും യോഗം തീരുമാനിച്ചു.
പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപിക ജാനിസ് ജോസഫ് സ്വാഗതവും ഷാക്കിർ പാലിയിൽ നന്ദിയും പറഞ്ഞു.
Tags:
MUKKAM