ജനകീയ സമിതി അംഗങ്ങൾ സ്ഥലം സന്ദർശിക്കുന്നു.
കൊടിയത്തൂർ: പൊതുമരാമത്ത് വകുപ്പ് 4.21 കോടി രൂപ മുടക്കി
മുക്കം ചെറുവാടി എൻ.എം ഹുസ്സൈൻ ഹാജി റോഡിൽ പുനർ നിർമ്മിക്കുന്ന കോട്ടമുഴി പാലത്തിൽ മണ്ണിടിച്ചിൽ തുടർക്കഥയായതോടെ പ്രതിഷേധം വ്യാപകമാവുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻ്റെയും കരാർ കമ്പനിയുടേയും അനാസ്ഥയിൽ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ (തിങ്കൾ) രാവിലെ 9 മണിക്ക് പാലത്തിലേക്ക് മാർച്ച് നടത്തുമെന്ന് ജനകീയ സമിതി ചെയർമാൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, കൺവീനർ കെ.ടി മൻസൂർ, ട്രഷറർ ടി.കെ അബൂബക്കർ എന്നിവർ അറിയിച്ചു.
465 ദിവസമായി തുടരുന്ന പ്രവൃത്തി ഇപ്പോഴും അനന്തമായി നീളുകയാണ്. വലിയ അഴിമതിയാണ് പാലം നിർമ്മാണത്തിൽ നടക്കുന്നതെന്നും ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് നടക്കുന്ന മാർച്ച് രാവിലെ 9 മണിക്ക് കൊടിയത്തൂർ അങ്ങാടിയിൽ നിന്നാരംഭിക്കും.
പാലത്തിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം ജനകീയ സമിതി നേതാക്കൾ സന്ദർശിച്ചു. ഫസൽ കൊടിയത്തൂർ, കെ.ടി മൻസൂർ, ടി.കെ അബൂബക്കർ, കെ പി അബ്ദുറഹിമാൻ, ടി.ടി അബ്ദുറഹിമാൻ, ഇ.എ നാസർ, യു.പി മമ്മദ്, എൻ.കെ അഷ്റഫ്, ഇ.എ മായിൻ, നാസർ കക്കിരി, നൗഫൽ പുതുക്കുടി, ഫെസൽ പുതിയോട്ടിൽ, ജാഫർ പുതുക്കുടി, റഫീഖ് കുറ്റിയോട്ട് എന്നിവർ നേതൃത്വം നൽകി.
നിർമ്മാണത്തിലിരിക്കുന്ന കോട്ടമുടി പാലത്തിൽ ആറ് മാസത്തിനിടെ ഇത് നാലാം തവണയാണ് മണ്ണിടിയുന്നത്. 3 ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിലാണ് കഴിഞ്ഞ ദിവസം വലിയ തോതിൽ മണ്ണിടിഞ്ഞത്. നേരത്തെ മണ്ണിടിഞ്ഞ സമയത്ത് പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയിരുന്നങ്കിലും അതും വെറുതെയായി.
ഒരാഴ്ച മുമ്പ്
30 മീറ്ററോളം ഭാഗം മണ്ണിടിഞ്ഞ് താഴോട്ട് പതിച്ചിരുന്നു. 6 മാസം മുമ്പ്
പാലത്തിൻ്റെ പാർശ്വഭിത്തി തകർന്ന് 50 മീറ്ററോളം പുഴയിലേക്ക് പതിച്ചിരുന്നു.
ഈ ഭാഗം പുനർ നിർമ്മാണം നടക്കുന്നതിനിടെയാണ് കാരശ്ശേരി പഞ്ചായത്തിൽ പെട്ട ഭാഗത്ത് തുടർച്ചയായി മണ്ണിടിയുന്നത്. ഇത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.
നേരത്തെ മാർച്ച് മാസം പകുതിയോടെ പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്ന് കൊടുത്തിരുന്നു. മാസങ്ങളായി നിർത്തി വെച്ചിരുന്ന ബസ് സർവീസ് ഉൾപ്പെടെ പുനരാരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ റോഡിൻ്റെ അരിക് തുടർച്ചയായി ഇടിയുന്നതോടെ വാഹന ഗതാഗതവും നിരോധിച്ചു. ഇത് ഈ ഭാഗത്തെ ഗതാഗത പ്രശ്നം കൂടുതൽ രൂക്ഷമാക്കും.
ഒരാഴ്ച കഴിഞ്ഞാൽ വിദ്യാലയങ്ങൾ ഉൾപ്പെടെ തുറക്കാനിരിക്കെ വിദ്യാർത്ഥികൾക്കും വലിയ തിരിച്ചടിയാണ്.
കൊടിയത്തൂർ നിവാസികളുടെ പ്രധാന ആശ്രയമായ ഈ റോഡ് പാലത്തിന്റെ പ്രവർത്തി മൂലം മാസങ്ങളായി അടച്ചിട്ട നിലയിലായിരുന്നു. 40 വർഷം മുമ്പ് നിർമിച്ച പാലത്തിന്റ കമ്പികൾ പുറത്ത് ചാടി സംരക്ഷണ ഭിത്തി തകർന്ന് അപകടാവസ്ഥയിലായതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് 11 മീറ്റർ വീതിയിലും 18 മീറ്റർ നീളത്തിലും പാലംപുനർ നിർമിക്കുന്നത്. ഗവ. സ്‌കൂളുകളും ആശുപത്രികളും അടക്കം നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കൊടിയത്തൂരിലേക്കുള്ള ആശ്രയമായ റോഡിലെ പ്രവർത്തിക്കാരണം വിദ്യാർഥികളടക്കം നിരവധി പേർ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
കൊടിയത്തൂർ ചെറുവാടി ഭാഗങ്ങളിലേക്ക് നിരവധി ബസ് സർവീസ് ഉണ്ടായിരുന്നെങ്കിലും അതൊന്നും സർവീസ് നടത്താത്ത അവസ്ഥയിലേക്കും ആയിട്ടുണ്ട്. വീണ്ടും മണ്ണിടിഞ്ഞതോടെ പാലം പ്രവർത്തിപെട്ടെന്ന് പൂർത്തിയാകുമെന്നുള്ള കാത്തിരിപ്പ് തുടരുകയാണ്.
Tags:
KODIYATHUR