Trending

പാർട്ടിയും കുടുംബവും നൽകിയത് മികച്ച ചികിത്സ: ഉമ്മൻചാണ്ടി.



തനിക്ക് മെച്ചപ്പെട്ട ചികിത്സയാണ് ലഭിക്കുന്നതെന്നും പാർട്ടിയും കുടുംബവും എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
തിരുവനന്തപുരം: തന്‍റെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍‌ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. തനിക്ക് മെച്ചപ്പെട്ട ചികിത്സയാണ് ലഭിക്കുന്നതെന്നും പാർട്ടിയും കുടുംബവും എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും ഫേസ്ബുക്ക് ലൈവിൽ ഉമ്മൻചാണ്ടി പറഞ്ഞു. മുന്‍മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് പലതരത്തിലുള്ള വാര്‍ത്തകള്‍  പ്രചരിക്കുന്നതിനിടയിലാണ് വിശദീകരണവുമായി അദ്ദേഹം നേരിട്ടെത്തിയത്.

യാതൊരു വിധത്തിലുമുള്ള വീഴ്ചയുമില്ലാതെ ഏറ്റവും മികച്ച ചികിത്സയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയൊരു അഭ്യൂഹം പരക്കാനിടയുണ്ടായ സാഹചര്യം തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും അതിന്‍റെ കാരണം അന്വേഷിച്ച് കണ്ടെത്തി എല്ലാവരെയും അറിയിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നതെന്ന് മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അടുത്ത റിവ്യൂവിനായി ബെംഗളൂരുവിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് കുടുംബമെന്നും ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു. ബെംഗളൂരുവില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ ചില വാര്‍ത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇതിനുള്ള പ്രതികരണം എന്ന നിലയ്ക്കാണ് ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചത്.

പനിയും ചുമയും: ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
തിരുവനന്തപുരം: പനിയും ചുമയേയും തുടർന്ന് മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. 

ചികിത്സ നിഷേധിക്കുന്നുവെന്ന് ഉമ്മൻചാണ്ടിയുടെ സഹോദരൻ ആരോപണമുന്നയിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള വിവാദങ്ങൾ ഉയർന്നുനിൽക്കവെയാണ് ന്യൂമോണിയയുടെ പ്രാരംഭ ലക്ഷണത്തെ തുടർന്ന് ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ചികിത്സക്കായി ഉമ്മൻചാണ്ടി ബംഗളൂരിവിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടെയാണ് പനി വരുന്നത്.

തൊണ്ടയിലെ റേഡിയേഷന്‍ ചികിത്സക്കായി ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവില്‍ കൊണ്ടു പോകാന്‍ വൈകിയതോടെയാണ് സഹോദരന്‍ അലക്സ് വി ചാണ്ടി പരാതിയുമായി എത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ഭാര്യയും മകനുമാണ് ചികിത്സ നിഷേധിക്കുന്നതെന്നാണ് പരാതി. ഇളയ മകള്‍ അച്ചു ഉമ്മനും തന്‍റെ പരാതിക്കൊപ്പമുണ്ടെന്ന് സഹോദരന്‍ പറഞ്ഞിരുന്നു. ഇതിനിടെ മുതിര്‍ന്ന നേതാക്കളായ എ.കെ ആന്‍റണിയും എം.എം ഹസനും ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തെ വീട്ടിലെത്തി സന്ദർശിച്ചു. 

ചികിത്സ സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുടെ കുടുംബവുമായി നേതാക്കള്‍ ചര്‍ച്ച നടത്തി. അതേസമയം ആരോഗ്യസ്ഥിതി എങ്ങനെയുണ്ടെന്ന ചോദ്യത്തോട് എ.കെ ആന്‍റണി പ്രതികരിക്കാന്‍ തയ്യാറായില്ല. ആരോഗ്യസ്ഥിതിയെ കുറിച്ച് പറയേണ്ടതെല്ലാം മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ പറഞ്ഞിട്ടുണ്ടെന്ന് എം.എം ഹസന്‍ മറുപടി നല്‍കി.
Previous Post Next Post
Italian Trulli
Italian Trulli