കൊടിയത്തൂർ: ഗ്രാമ പഞ്ചായത്ത് കൃഷിഭവനുമായി സഹകരിച്ച് സലഫി പ്രൈമറി സ്കൂളിൽ വ്യത്യസ്ത കൃഷി അനുഭവ പാഠങ്ങൾ നടക്കുന്നു. മഴ മറയിലെ കൃഷിയടക്കം ഒരു ഏക്കറിനടുത്ത് സ്ഥലത്ത് വിവിധ തരത്തിലുള്ള കാർഷിക നടീലുകൾ നടത്താനുള്ള ഒരുക്കങ്ങളാണ് ഇവിടെ നടക്കുന്നത്.
ഇതിന്റെ പ്രാരംഭമായി മഴ മറയുടെ നിർമാണം പൂർത്തിയായി. കുട്ടികളെ കൃഷി രീതികളും പച്ചക്കറി നടീലും പരിചയപ്പെടുത്തുന്നതിന്നായി സ്കൂളിൽ "പാഠം - 1" കൃഷി എന്ന പേരിൽ പ്രത്യേക പ്രോൽസാഹന, പരിശീലന ക്ലാസ് നടത്തി.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻ വെജ് പദ്ധതിയുടെ ട്രെയിനറായ സിദ്ദീഖ് തിരുവണ്ണൂർ പഠന ക്ലാസിന് നേതൃത്വം നൽകി. പോട്ടിംഗ് മിശ്രിത നിർമാണം, ഗ്രോബാഗ് കൃഷി, തൈ പരിചരണം തുടങ്ങിയവയിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകി.
സ്കൂൾ ഓഡിറ്റോറിയത്തിൽ പി.സി അബ്ദുറഹിമാൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് മെംബർ ഫാത്തിമ നാസർ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ കെ.വി അബ്ദുസ്സലാം സ്വാഗതവും കവിത ടീച്ചർ നന്ദിയും പറഞ്ഞു.



