വാഫി ശിഹാദ്.
✍🏻മജീദ് കൂളിമാട്.
വാഫിയും സഹയാത്രികനും (വലത്ത്).
കയ്റോ / കൂളിമാട്: ഈജിപ്ത് ഒരു രാജ്യവും സംസ്ക്കാരവും മാത്രമല്ല, ഒരു വികാരവും കൂടിയാണ്. അന്നാടിന്റെ മുഴുവൻ മുക്കിലും മൂലയിലും സഞ്ചരിച്ചും പഠിച്ചും "ഈജിപ്തിന്റെ മറ്റൊരു വശം" (The other side of Egypt) എന്ന പുസ്തക രചനയുടെ മുന്നോടിയായാണ് അൽ അസ്ഹർ സർവകലാശാല വിദ്യാർത്ഥിയും മലയാളിയുമായ വാഫി ശിഹാദ് ബൈക്കിൽ പ്രയാണമാരംഭിച്ചത്. 3000 കി.മീറ്റർ സഞ്ചരിച്ച് വിവരണം തയ്യാറാക്കി ക്രോഡീകരിക്കുകയാണ് തന്റെ യാത്രാ ലക്ഷ്യം.
കഴിഞ്ഞ 23ന് കയ്റോയിൽ നിന്നാണ് യാത്ര തുടങ്ങിയത്. ഈജിപ്ഷ്യൻ ഗവൺമെന്റിന്റെ ആശീർവാദത്തോടെയും പോലീസ് സുരക്ഷയോടെയുമാണ് അപൂർവ്വമായ ഈ സഞ്ചാരം. മരുഭൂമിയും കാടും മലയും പുഴയും പിന്നിട്ട് ഗ്രാമീണരുമായി സംവദിച്ചും യഥാർത്ഥ ചരിത്രവും സംസ്ക്കാരവും സൗന്ദര്യവും ജീവിത രീതിയും ഗ്രഹിക്കുകയാണ് ഉദ്ദേശം.
ഇന്ത്യക്കാരനായതിനാൽ വലിയ ആതിഥ്യമാണ് സ്വദേശികൾ നല്കുന്നത്. ഇന്ത്യൻ ഹദീസ് പണ്ഡിതരോടും അമിതാഭ് ബച്ചൻ, ഷാറൂഖ് ഖാൻ തുടങ്ങിയ നടന്മാരോടും അടങ്ങാത്ത ആദരവും ആരാധനയുമാണ് ഈജിപ്തുകാർ വെച്ചുപുലർത്തുന്നത്.
ഹൃദയസ്പർശിയായ ഒട്ടനവധി കാഴ്ചകളും ദൃശ്യങ്ങളും അത്ഭുതങ്ങളും ബദുവികളുടെ ഒറ്റപ്പെട്ട അക്രമവാസനയും സാമ്പത്തിക പ്രയാസം നിമിത്തം സ്കൂളിൽ ചേർക്കാതെ
വർക്ക് ഷോപ്പുകളിൽ തൊഴിലെടുക്കുന്ന ബാലവേലക്കാരെയും കാണാനിടയായി. എങ്കിലും ഭാരതീയരോടുള്ള അതിരറ്റ സ്നേഹ ഫലമായി ഒരു ദിവസം പോലും ലോഡ്ജ് എടുക്കേണ്ടി വന്നില്ല.
"തഫളൽ മഅനാ" ഞങ്ങളെ കൂടെ വരൂ എന്നു പറഞ്ഞാണ് ദരിദ്രരും സമ്പന്നരും വിനയമുള്ളവരും പരുഷസ്വഭാവക്കാരും ഒരേ പോലെ വീട്ടിലേക്ക് ക്ഷണിച്ചതും വഴിയിലുടനീളം സത്ക്കരിച്ചതും. സുഡാൻ അതിർത്തി വരെ പോയി രണ്ടാഴ്ചക്കകം അലക്സാണ്ട്രിയ വഴി കയ്റോയിലേക്ക് മടങ്ങാനാണ് ഉദ്ദേശം.
ഖസ്ർ റശ് വാൻ ഉൾപ്പെട്ട , നൈൽ നദിയും കൃഷിത്തോട്ടങ്ങളും മലകളും സമന്വയിച്ച അവിസ്മരണീയ കാഴ്ചകൾ സമ്മാനിക്കുന്ന അൽ ഫയ്യൂം ജില്ല,
ഈജിപ്തിലെ ഏറ്റവും വൃത്തിയുള്ള ബനൂ
സുവൈഫ് കോർണിഷ്, ബദർ യുദ്ധത്തിൽ
പങ്കെടുത്തവരിലെ എഴുപത് പേർ ഉൾപ്പെടെ അയ്യായിരത്തോളം സ്വഹാബികളുടെ ഖബറിടങ്ങളുള്ള
ബഹ് നസ, അസ്യൂത്ത് തുടങ്ങിയവ പിന്നിട്ട പ്രമുഖ സ്ഥലങ്ങളിൽ ചിലതാണ്.
അഭ്യസ്ത വിദ്യരല്ലെങ്കിലും മരുഭൂ വാസികൾ ഉയർന്ന സാംസ്ക്കാരിക ബോധമുള്ളവരായി കാണപ്പെട്ടതായി ശിഹാദ് പറയുന്നു.
മലപ്പുറം പുളിക്കൽ ഡോ: അബ്ദുൽ അഹദ് മദനി - സാജിദ ദമ്പതികളുടെ പുത്രനാണ്
വാഫി ശിഹാദ്. ദൂരെ നാടുകളിൽ നിന്ന് എത്തുന്ന ടൂറിസ്റ്റുകൾ കണ്ടു മടങ്ങുന്ന ഈജിപ്ത് മ്യൂസിയവും സർവ്വകലാശാലകളും പിരമിഡുകളുമപ്പുറത്ത് പുതിയ, വൈവിധ്യമായ മറ്റൊരു വശവും കൂടിയുണ്ടെന്ന് തര്യപ്പെടുത്തുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് സൈക്കോളജിസ്റ്റ് കൂടിയായ വാഫി ശിഹാദ് പറഞ്ഞു. റൂട്ട് മാപ്പ് നോക്കി ഹ്രസ്വ ദൂരപാത തെരെഞ്ഞെടുക്കുന്നതിനും മറ്റു സാങ്കേതിക സഹായത്തിനും സുഹൃത്തായ അബ്ദുൽ മുഇസ്സ് യാത്രയിലുടനീളം കൂട്ടിനായുണ്ട്.
കൊല്ലം മൈലാപൂർ സ്വദേശി മുഹമ്മദ് അബ്ദുൽ കരീം - ഷഹബാനത്ത് ദമ്പതികളുടെ പുത്രനാണ് സഹയാത്രികൻ.
മജീദ്, കൂളിമാട്.
Ph: 9497075261







