കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട് തുടക്കം കുറിച്ചു. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ രാവിലെ 8;30 യ്ക്ക് നടന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു പതാക ഉയര്‍ത്തി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷനായി. 24 വേദികളില്‍ 239 ഇനങ്ങളിലായി 14,000 കുട്ടികളാണ് വിവിധ മത്സരങ്ങളിലല്‍ പങ്കെടുക്കുന്നത്.
കലോത്സവ വേദികളില്‍ മത്സരിച്ചു വിജയിക്കുന്നതല്ല, മറിച്ച് കുട്ടികള്‍ പങ്കെുടുക്കുന്നതിനാണ് പ്രാധാന്യമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഈ മഹത്തായ മേളയില്‍ പങ്കെടുക്കാന്‍ കഴിയുന്നത് അവര്‍ക്കു ലഭിക്കുന്ന മികച്ച അംഗീകാരമാണെന്ന സംസ്‌കാരം കുട്ടികളില്‍ വളര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ കുട്ടികളിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കണമെന്നും മത്സരബുദ്ധി വെടിയണമെന്നും അദ്ദേഹം മാതാപിക്കളോട് പറഞ്ഞു.
രക്ഷിതാക്കള്‍ അനാവശ്യമായി മത്സരപ്രവണത കാണിക്കുവെന്ന പരാതികള്‍ കഴിഞ്ഞ കാലങ്ങളിലെ കലോത്സവ വേദികളില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. ഏതു കുട്ടിയായാലും കുട്ടികളിലെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന മനോഭാവത്തോടെ വേണം മാതാപിതാക്കള്‍ കലോത്സവത്തെ സമീപിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക കലാരൂപങ്ങളും നാടന്‍ കലാരൂപങ്ങളുമെല്ലാം ഇത്തവണത്തെ കലോത്സവവേദിയില്‍ അവതിരിപ്പിക്കപ്പെടുന്നുണ്ട്. അന്യം നിന്നു പോകുന്ന കലകള്‍ കൂടി വേദിയിലേക്കെത്തിക്കാനുളള വേദികൂടിയാണ് കലോത്സവവേദിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോവിഡ് കാലത്തിനു ശേഷമുമുളള കുട്ടികളുടെ ഈ കൂടിച്ചേരല്‍ കലാ സാംസ്‌കാരിക മേഖയലുടെ മടങ്ങിവരവാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. കോവിഡ് പല രാജ്യങ്ങളിലും വീണ്ടും വ്യാപിച്ചിരിക്കുകയാണ്. നമുക്ക് മാത്രം അതില്‍ നിന്നും വേറിട്ടു നില്‍ക്കാന്‍ കഴിയുമോയെന്ന് അറിയില്ല, അതിനാല്‍ തന്നെ കോവിഡിനെതിരെ നാം മുന്‍പ് സ്വീകരിച്ചിരുന്ന എല്ലാ മുന്‍കരുതലുകളും തുടരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സ്പീക്കര്‍ എ.എന്‍ ഷംസീര്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.