Trending

രണ്ടാം ട്വന്റി–-20 ഇന്ന്


താൽക്കാലിക ക്യാപ്‌റ്റൻ ഋഷഭ്‌ പന്തിന്‌ ഇന്ന്‌ അഗ്നിപരീക്ഷ. രണ്ടാം ട്വന്റി–-20 ക്രിക്കറ്റിൽ ഇന്ത്യ ഇന്ന്‌ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ എല്ലാ കണ്ണുകളും ഈ വിക്കറ്റ്‌ കീപ്പറിലാണ്‌. രാത്രി ഏഴിനാണ്‌ മത്സരം. അഞ്ചു മത്സരപരമ്പരയിൽ ദക്ഷിണാഫ്രിക്ക 1–-0ന്‌ മുന്നിലാണ്‌. 
 ആദ്യകളിയിൽ 212 റണ്ണിന്റെ വിജയലക്ഷ്യം ഉയർത്തിയിട്ടും ഇന്ത്യയുടെ തോൽവിക്ക്‌ പ്രധാന കാരണം പന്തിന്റെ ക്യാപ്‌റ്റൻസിയിലെ പോരായ്‌മകളായിരുന്നു. ഐപിഎല്ലിലെ വിക്കറ്റ്‌വേട്ടക്കാരിൽ ഒന്നാമനായ യുശ്‌വേന്ദ്ര ചഹാലിന്‌ നൽകിയത്‌ രണ്ട്‌ ഓവർ. വൈസ്‌ ക്യാപ്‌റ്റൻ ഹാർദിക്‌ പാണ്ഡ്യക്ക്‌ കിട്ടിയത്‌ ഒരോവർ.  ബൗളർമാരെ ഉപയോഗിക്കുന്നതിലും ഫീൽഡർമാരെ വിന്യസിക്കുന്നതിലും ഇരുപത്തിനാലുകാരന്റെ തീരുമാനങ്ങൾ പാളി. 
 ലോകേഷ്‌ രാഹുൽ പരിക്കേറ്റ്‌ പുറത്തായതോടെയാണ്‌ വൈസ്‌ ക്യാപ്‌റ്റനായിരുന്ന പന്തിന്‌ ഇന്ത്യയെ നയിക്കാൻ അവസരം കിട്ടിയത്‌. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്‌റ്റനായി തിളങ്ങാനായില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബാറ്റർമാർ മികച്ച പ്രകടനം നടത്തിയിരുന്നു. ഇഷാൻ കിഷൻ അരസെഞ്ചുറി നേടി. അവസാന ഓവറുകളിൽ ഹാർദിക്‌ പാണ്ഡ്യയുടെ വമ്പനടിയും സഹായിച്ചു. എന്നാൽ, ഫീൽഡിൽ ഇന്ത്യക്ക്‌ പിഴച്ചു.

 ബൗളർമാർക്കും കാര്യമായൊന്നും ചെയ്യാനായില്ല. 
 ഇന്ന്‌ പേസ്‌നിരയിൽ അർഷ്‌ദീപ്‌ സിങ്ങിനും  ഉമ്രാൻ മാലിക്കിനും അവസരം നൽകാനിടയുണ്ട്‌. മറുവശം ടെംബ ബവുമയുടെ ദക്ഷിണാഫ്രിക്ക തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌. ഡേവിഡ്‌ മില്ലറും റാസി വാൻ ഡെർ ദുസെനും ചേർന്നുള്ള കൂട്ടുകെട്ടാണ്‌ ആദ്യകളിയിൽ ജയം നൽകിയത്‌. ഇത്തവണയും ആഴമേറിയ ബാറ്റിങ്‌നിരയിൽത്തന്നെയാണ്‌ ആഫ്രിക്കക്കാരുടെ പ്രതീക്ഷ. കട്ടക്കിൽ സ്‌പിന്നർമാരെ സഹായിക്കുന്ന പിച്ചാണ്‌. ചഹാലിന്‌ ഇവിടെ മികച്ച റെക്കോഡുമുണ്ട്‌. 
Previous Post Next Post
Italian Trulli
Italian Trulli