അടുത്ത മത്സരം ഹോങ്കോങ് നെതിരെ
കൊല്‍ക്കത്ത: ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിയ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഗോള്‍രഹിതമായ ആദ്യ പതുതിക്ക് ശേഷം 86-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ മുന്നിലെത്തിയ ഇന്ത്യയെ രണ്ട് മിനിറ്റിനകം ആമിറിയുടെ ഹെഡ്ഡറില്‍ അഫ്ഗാന്‍ സമനിലയില്‍ തളച്ചു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ മലയാളി താരമായ ആഷിഖ് കുരുണിയനും സഹലും ചേര്‍ന്ന് തുടക്കമിട്ട നീക്കത്തിനൊടുവില്‍ സഹലിന്‍റെ ഗ്രൗണ്ടര്‍ അഫ്ഗാന്‍ വല കുലുക്കിയപ്പോള്‍ ഇന്ത്യ ജയവുമായി കയറി.
മത്സരത്തില്‍ ഭൂരിഭാഗം സമയവും ആധിപത്യമുണ്ടായിട്ടും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചിട്ടും റാങ്കിംഗില്‍ ഏറെ പിന്നിലുള്ള എതിരാളികളുടെ വലയില്‍ പന്തെത്തിക്കാന്‍ ആദ്യ പകുതിയില്‍ ഇന്ത്യക്കായിരുന്നില്ല. ഫിഫ റാങ്കിംഗില്‍ ഇന്ത്യ 106-ാം സ്ഥാനത്തും അഫ്ഗാന്‍ 150-ാം സ്ഥാനത്തുമാണ്. ആദ്യ മത്സരത്തില്‍ കംബോഡിയയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഏഷ്യന്‍ കപ്പ് യോഗ്യതക്കുള്ള പ്രതീക്ഷ കാത്തു.
