Trending

തിരുവമ്പാടി ഗവ. പോളിടെക്നിക് യാഥാർത്ഥ്യമാക്കാൻ നടപടികൾ ഊർജ്ജിതം; ചേന്ദമംഗല്ലൂരിന് പ്രഥമ പരിഗണന.

മുക്കം: 2015-ൽ തിരുവമ്പാടി മണ്ഡലത്തിന് അനുവദിച്ച സർക്കാർ പോളിടെക്നിക് കോളേജ് എത്രയും വേഗം യാഥാർത്ഥ്യമാക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ചേന്ദമംഗല്ലൂരിൽ ചേർന്നു. അടുത്ത അധ്യയന വർഷം തന്നെ താൽക്കാലിക കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിക്കാനും, സ്ഥിരം കെട്ടിടത്തിനായി ചേന്ദമംഗല്ലൂർ മേഖലയിൽ അഞ്ച് ഏക്കർ ഭൂമി കണ്ടെത്താനുമുള്ള നടപടികൾ വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചു.

നേരത്തെ സി.കെ കാസിം എം.എൽ.എയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ, നടപടികൾ വേഗത്തിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗം വിളിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചേന്ദമംഗല്ലൂർ ഉദയം ഓഡിറ്റോറിയത്തിൽ യോഗം ചേർന്നത്.

സ്ഥലമേറ്റെടുപ്പും പ്രഥമ പരിഗണനയും

താൽക്കാലിക കെട്ടിടത്തിൽ കോളേജ് ആരംഭിക്കാൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് തത്വത്തിൽ ധാരണയായിട്ടുണ്ടെങ്കിലും, സ്ഥിരം കെട്ടിടത്തിനായി അഞ്ച് ഏക്കർ ഭൂമി കണ്ടെത്തിയെന്ന ഉറപ്പ് വകുപ്പിന് നൽകേണ്ടതുണ്ട്. 11 വർഷമായി പ്രദേശവാസികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യമെന്ന നിലയിൽ പോളിടെക്നിക്കിനായി ചേന്ദമംഗല്ലൂരിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത സി.കെ കാസിം എം.എൽ.എ വ്യക്തമാക്കി.

ചേന്ദമംഗല്ലൂർ മംഗലശ്ശേരി തോട്ടം ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമസഭാ സമ്മേളനത്തിന് ശേഷം വനം, റവന്യൂ മന്ത്രിമാരുമായി ചർച്ച നടത്തും. മംഗലശ്ശേരി തോട്ടത്തിന് പുറമെ ചേന്ദമംഗല്ലൂർ മേഖലയിലെ മറ്റ് സ്ഥലങ്ങളും പരിഗണനയിലുണ്ട്. ഇവ പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ ഓഫീസറെ യോഗം ചുമതലപ്പെടുത്തി.

ധനസമാഹരണവും പിന്തുണയും

2015-ൽ അന്നത്തെ എം.എൽ.എ സി. മോയിൻകുട്ടിയുടെ കാലത്ത് അനുവദിച്ച സ്ഥാപനത്തിന്റെ പ്രവർത്തനം ഇനിയും വൈകാൻ അനുവദിക്കില്ലെന്ന് യോഗം വിലയിരുത്തി. വലിയൊരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായി ഇതിനെ വളർത്താൻ സർക്കാരിന്റെ പ്രത്യേക ധനസഹായം ലഭ്യമാക്കും. കൂടാതെ, വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ സഹായത്തോടെ സി.എസ്.ആർ (സാമൂഹിക ഉത്തരവാദിത്വ) ഫണ്ടുകൾ കണ്ടെത്താനും മുൻകൈയെടുക്കുമെന്ന് എം.എൽ.എ പറഞ്ഞു.

നഗരസഭാ ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നി യോഗത്തിൽ അധ്യക്ഷയായി. സ്പെഷ്യൽ ഓഫീസർ ഡോ. ജൗഹർ അലി പദ്ധതി വിശദീകരിച്ചു. നഗരസഭാ കൗൺസിലർമാരായ ഷഫീഖ് മാടായി, എ.പി നസീം, ബനൂജ വടക്കുവീട്ടിൽ, ഷരീഫ് വെണ്ണക്കോട്, ജസീല അസീസ് എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli