നീലേശ്വരം: ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശവുമായി നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നൊരുക്കിയ ‘ദ പാക്കറ്റ്’ ഹ്രസ്വചിത്രം പ്രകാശനം ചെയ്തു. ഓപ്പറേഷൻ ടൂഫാന്റെ ഭാഗമായി നിർമിച്ച ചിത്രം ലഹരിയുടെ ദൂഷ്യഫലങ്ങളിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു.
മുക്കം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മുഹമ്മദ് ഷക്കീബ് ഹ്രസ്വചിത്രത്തിന്റെ പ്രകാശനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് റഷീദ് അധ്യക്ഷത വഹിച്ചു. സ്കൂളിലെ ചിത്രകലാ അധ്യാപകൻ ഇർഷാദ് മാഷാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്.
എസ്.എം.സി ചെയർമാൻ എം.കെ യാസർ, പ്രിൻസിപ്പൽ എം.കെ ഹസീല, ഹെഡ്മിസ്ട്രസ് രാജി, പി.ടി.എ വൈസ് പ്രസിഡന്റ് സലിം, ആർട്ട് ക്ലബ് കൺവീനർ ഇർഷാദ് എന്നിവർ സംസാരിച്ചു.
ലഹരിയുടെ കെണിയിൽ അകപ്പെട്ട് ജീവിതം തകരുന്നവരുടെ അവസ്ഥ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം, വിദ്യാർഥികളിൽ ലഹരിവിരുദ്ധ മനോഭാവം വളർത്തുകയും ലഹരിക്കെതിരായ സാമൂഹിക ബോധവത്കരണത്തിന് കരുത്തുപകരുകയും ചെയ്യുന്നു. ലഹരിയല്ല, ജീവിതമാണ് വലുതെന്ന സന്ദേശമാണ് ‘ദ പാക്കറ്റ്’ മുന്നോട്ടുവയ്ക്കുന്നത്.
Tags:
EDUCATION