കൊടിയത്തൂർ: അധ്യാപക ദിനം; ഒന്നാം വാർഡിലെ മുതിർന്ന അധ്യാപിക കെ.എം ജമീല ബീവി ടീച്ചറെ വെൽഫെയർ പാർട്ടി കൊടിയത്തൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. വാർഡ് മെമ്പർ പ്രേമ കോട്ടമ്മൽ ടീച്ചറെ പൊന്നാടയണിയിച്ചു. പ്രസിഡണ്ട് റഫീഖ് കുറ്റിയോട്ട് അധ്യക്ഷത വഹിച്ചു. അബൂബക്കർ പുതുക്കുടി ടീച്ചറെ പരിചയപ്പെടുത്തി.
കെ.ടി ഹമീദ്, മുംതാസ് കൊളായിൽ, പി ജാഫർ, എം.ടി ആത്വിഖ, ജമീല ബീവി ടീച്ചർ എന്നിവർ സംസാരിച്ചു. 1971 മുതൽ സർവ്വീസിലുള്ള ടീച്ചർ 2004-ൽ താമരശ്ശേരി ഉപജില്ലയിലെ വെട്ടി ഒഴിഞ്ഞ തോട്ടം ജി.എൽ.പി.എസ് ൽ നിന്ന് ഹെഡ്‌മിസ്‌ട്രസ്സായാണ് വിരമിച്ചത്.
പാഴൂർ എ.യു.പി.എസ് -ൽ 1വർഷത്തെ സേവനത്തിനു ശേഷം പി.എസ്.സി നിയമനം വഴി 1972 ൽ ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂരിൽ ചേരുകയു 1975 മുതൽ 2003 വരെ കൊടിയത്തൂർ ജി.എം.യു.പി.എസ്-ൽ സേവനമനുഷ്ടിക്കുകയും ചെയ്തു. 1974 ൽ കൊടിയത്തൂരിലെ എം.കെ റസാഖ് മാസ്റ്റരുടെ സഹധർമ്മിണിയായി എത്തിയ പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിനിയായ ടീച്ചർ കൊടിയത്തൂരിൻ്റെ മരുമകളായി മാറി.
തിരുവല്ല സ്വദേശിയായ ടീച്ചറുടെ ബന്ധുക്കളായിരുന്നു കൊടിയത്തൂരിൽ അധ്യാപക ദമ്പതികളായി എത്തിപ്പെട്ട ഖാസിം മാസ്റ്ററും സുബൈദ ടീച്ചറും. അവർ മുഖേനയാണ് ടീച്ചർ കൊടിയത്തൂരിൽ എത്തിപ്പെടുന്നത്. 1978 ൽ പോക്ക്ണ്ണി മാസ്റ്റർ (പി.കെ അബ്ദുല്ല) ഡിഗ്രി എടുത്തപ്പോൾ ഫോട്ടോ എടുക്കാനായി സഹ അധ്യാപകർ കോഴിക്കോട് നാഷണൽ സ്റ്റുഡിയോയിൽ പല വഴിക്കായി എത്തിപ്പെട്ടതും ഗ്രൂപ്പ് ഫോട്ടോ എടുത്തതും ഒരു ഹരിത ഓർമയായി മനസ്സിൽ തങ്ങിനിൽക്കുന്നത് ടീച്ചർ അനുസ്മരിച്ചു.
Tags:
KODIYATHUR