Trending

എൻ്റെ പേരിനൊപ്പം കാരക്കുറ്റി എന്നെഴുതി ചേർത്ത അധ്യാപകൻ ചേക്കുട്ടി മാസ്റ്റർ.

✍️ ഗിരീഷ് കാരക്കുറ്റി.
വർഷം 1979 ജൂൺ ഒന്ന്, രാവിലെ തന്നെ നല്ല മഴ... കാലവർഷം ആരംഭം കുറിച്ചു... ആദ്യാക്ഷരത്തിന് നാന്ദി കുറിക്കാൻ അച്ഛൻ എന്നെ കൊടിയത്തൂർ ജി.എൽ.പി സ്കൂളിൽ നേരത്തെ തന്നെ ചേർത്തു.. സ്കൂൾ തുറക്കുന്ന ദിവസവും കാത്ത് സ്വപ്നങ്ങൾ നെയ്ത് ഉറക്കമിളച്ച് കാത്തിരുന്നു ഞാൻ... 'മാങ്ങാകറയാകാത്ത' നല്ല നിക്കറും കുപ്പായവും എന്നെ കാണിക്കാതെ അമ്മ സൂക്ഷിച്ച് വച്ചിരുന്നു, രാവിലെ നടക്കൽ തോട്ടിൽ നിന്നും പെട്ടെന്ന് കുളി പാസാക്കി അമ്മ കരുതി വെച്ച നിക്കറും കുപ്പായവും ഉടുത്തു, അമ്മയുടെ കയ്യും പിടിച്ച് കോട്ടമ്മൽ സ്ക്കൂളിലേക്ക് നടന്നു.. സ്കൂളിന്റെ പടിക്കൽ എത്തിയപ്പോൾ എന്റെ നടത്തത്തിന്റെ വേഗത അറിയാതെ കൂടിയത് ഞാനും അറിഞ്ഞില്ല.. ആഴ്ചകൾക്കു മുമ്പ് അച്ഛന്റ കൈ പിടിച്ച് സ്ക്കൂളിൽ ചേരാൻ വന്നതു നല്ല ഓർമ്മയുണ്ട്..

കണ്ണൻഞ്ചേരി അൻവർ മാസ്റ്ററുടെ പിതാവ് അബ്ദു മാസ്റ്റർ ആയിരുന്നു. ഹെഡ്മാസ്റ്റർ.. കാരക്കുറ്റിയിലെ കൈതകുണ്ടുങ്ങൽ ചേക്കുട്ടി മാസ്റ്റർ ആണ് എന്റെ പേര് രജിസ്ടറിൽ രേഖപ്പെടുത്തിയത്.. കാരണം അദ്ദേഹമായിരുന്നു എന്റെ ക്ലാസ് മാസ്റ്റർ .. എന്റെ തോളിൽ തട്ടി അദ്ദേഹം എന്റെ പിതാവിനോട്.. 'അച്ചുതാ.. ഇവൻ എത്രാമത്തെതാ!.. അവർ സുഹൃത്തുക്കൾ ആയിരുന്നു... അഞ്ചാമത്തെതെന്ന് അച്ഛൻ ഉത്തരമൂളി.. 'നല്ലോണം പഠിക്കണം! എന്ന് ഉപദേശിക്കാൻ ചേകുട്ടി മാഷ് മറന്നില്ല.

സ്കൂൾ രജിസ്റ്ററിൽ പേര് ഗിരീഷ് കുമാർ എന്ന് പറഞ്ഞപ്പോൾ കാരക്കുറ്റി എന്ന് പേരിന് പിന്നാലെ മാഷ് എഴുതി ചേർത്തു. പിന്നീട് പി.ടി.എം ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് ഗിരീഷ് കുമാർ കാരക്കുറ്റിക്കൽ എന്ന നീണ്ട പേര് എസ്.എസ്.എൽ.സി ബുക്കിൽ ചേർക്കുന്ന സമയത്ത് ഹെഡ്മാസ്റ്റർ മാനുകുട്ടൻ സർ എന്നോട് ഇത്രയും നീണ്ട പേരിൻ്റെ നീളം കുറയ്ക്കണോ എന്ന് ചോദിച്ചു.ഞാൻ കുറച്ചാൽ തരക്കേടില്ല എന്ന് പറഞ്ഞപ്പോൾ, മനുക്കുട്ടൻ മാഷ് അതിന് കുറേ പണിയുണ്ട് നീ പഠിച്ച ഒന്നാം ക്ലാസിൽ പോയി രജിസ്റ്റർ തിരുത്തി കൊണ്ടുവരണം. നീ അതിനൊന്നും പോകണ്ട മജീദ് ചെറുവാടി എന്നതുപോലെ ഗിരീഷ് കാരക്കുറ്റി എന്ന് ആയിക്കോട്ടെ എന്നു പറഞ്ഞതോർക്കുകയാണിന്ന്.

സ്കൂളിന്റെ പടിക്കൽ എത്തിയപ്പോൾ ഞാൻ പെട്ടെന്ന് നിന്നും.. അപ്പോൾ വട്ടകണ്ണട വെച്ച മുഹമ്മതുണ്ണി മാസ്റ്റർ ഉറക്കെ, അമ്മയെയും എന്നെയും നോക്കി രണ്ടാം ക്ലാസ്സിന്റെ വരാന്തയിൽ നിന്ന് കൊണ്ട് നീട്ടി വിളിച്ചു പറഞ്ഞു.. 'ഒന്നാം ക്ലാസ്സ് താഴെ മദ്റസയിൽ ആണ്!.. കേട്ടപ്പാതി എന്റെ ഉള്ളിൽ ഭയം സ്ക്കുളിൽ അല്ലെ മദ്റസയിൽ ആണോ!... അമ്മയുടെ കയ്യും പിടിച്ച് നേരെ മദ്റസയിലേക്ക്... കൊടിയത്തൂർ ജി.എൽ.പി.സ്കൂൾ ആ വർഷം മുതൽ യു.പി സ്ക്കൂൾ ആയി ഉയർത്തി.. ഗവ: മാപ്പിള അപ്പർ പ്രൈമറി സ്ക്കൂൾ എന്നാക്കിയിരുന്നു (ജി.എം.യു.പി സ്ക്കൂൾ) നീണ്ട വർഷങ്ങൾ പിന്നിട്ട സ്കൂൾ അഞ്ചാം ക്ലാസ്സ് വരെയാണ് ഉണ്ടായിരുന്നത്.. ആറിൽ പഠിക്കണമെങ്കിൽ സൗത്ത് കൊടിയത്തൂരോ, ചേന്ദമംഗല്ലൂരോ പോകണം... അങ്ങനെ... കാരക്കുറ്റിക്കാരും, കക്കാടമ്മക്കാരും കോട്ട കേറാൻ തുടങ്ങിയപ്പം ഒന്നാം ക്ലാസ്സ് സിറാജുൽ ഇസ്ലാം മദ്രസയിലേക്ക് മാറ്റി ...

അങ്ങനെ സ്ക്കൂളിലേക്ക് വന്ന എനിക്ക് മദ്രസയിൽ പഠിക്കാനുള്ള ഭാഗ്യം ലഭിച്ചു... ഞാൻ ഭയപ്പാടോടെയാണ് പതുക്കെ 'സിറാജുൽ' ഇസ്ലാമിലേക്ക് കാലെടുത്തു വെച്ചു.. അമ്മ എന്നെ അവിടെ തനിച്ചാക്കി മടങ്ങി പോയി.. അല്പനേരം വീർപ്പുമുട്ടൽ.. ആരെയും പരിചയമില്ല.. ആരോ എന്റെ കൈ പിടിപ്പ് മുന്നിലെ ബെഞ്ചിൽ കൊണ്ടിരുത്തി.. ബേക്കിലെ ബെഞ്ചിൽ ഇരിക്കുന്നവൻ എന്നെ തോണ്ടി അവൻ എന്റെ നഴ്സറിയിൽ കൂടെ പഠിച്ചവൻ ആയിരുന്നു. അവൻ പിന്നിൽ നിന്നു പറഞ്ഞു.ഇത് ഞങ്ങളെ 'ചെറിയ ഒന്നാ എന്ന്..! കേട്ടപ്പാതി ഞാൻ ഇറങ്ങിയോടി.... കാരണം ഇത് മദ്രസയാണല്ലോ.. കോട്ടമ്മൽ സ്ക്കൂളിനെ ലക്ഷ്യം വെച്ച് ഓടികൊണ്ടിരിക്കുന്ന ഞാൻ എം.കെ റസാക്ക് മാസ്റ്ററുടെ വീടിനടുത്ത് എത്തിയപ്പോൾ എന്നെ സ്കൂളിൽ ചേർത്ത എ.പി ചേക്കുട്ടി മാസ്റ്റർ കാരക്കുറ്റി ഒരു കറുത്ത ബാഗും കക്ഷത്ത് വെച്ച് മുണ്ടിന്റെ തല കയ്യിൽ പിടിച്ച് നടന്നു വരുന്നു... മാഷെ കണ്ടപ്പോൾ എനിക്കാശ്വാസം തോന്നി.. ഞാൻ ഓട്ടം നിർത്തി.. മാഷ് എന്നെ തന്നെ നോക്കി നിൽക്കുന്നു.. ഉച്ചത്തിൽ 'എവിടേക്കടോ ഓടുന്നത്..? ഞാൻ... മുരണ്ടു.' അവിടെ മദ്രസ്സാ...! മാഷ് എന്റെ കൈ പിടിച്ച് വീണ്ടും സിറാജുൽ ഇസ്ലാം മദ്രാസയിലേക്ക് നടന്നു.

എനിക്ക് ധൈര്യമായി മാഷുണ്ടല്ലോ കൂടെ.. മുന്നിലെ ബെഞ്ചിൽ തന്നെയിരുത്തി.. ചില കുട്ടികൾ കരയുന്നു. ചിലർ ചിരിക്കുന്നു. ചേക്കുട്ടി മാഷ് ക്ലാസ്സ് തുടങ്ങി.. അ.. ആ.. ഇ... ബോർഡിൽ എഴുതി... എന്റെ ശ്രദ്ധ സിറാജുൽ മദ്രസ്സയുടെ ചുമരിൽ തൂങ്ങി കിടക്കുന്ന വലിയ ക്ലോക്കിൽ ആയിരുന്നു. ആദ്യമായാണ് വലിയ ക്ലോക്ക് കാണുന്നത്..! അതുപോലെ ക്ലാസ്സിൽ പ്രകാശിച്ചു കൊണ്ടിരിക്കുന്ന 'ബൾബ്' ചുമരിൽ കാണുന്നത്... എല്ലാം എനിക്ക് കൗതുകമായിരുന്നു. 
എന്റെ വീട്ടിലും.. കാരക്കുറ്റിയിലും അന്ന് വൈദ്യുതി വെട്ടം വന്നിട്ടില്ല...

ഇടക്ക് വികൃതി കാട്ടുന്ന കുട്ടികളെ ചേക്കുട്ടി മാസ്റ്റർ ബൾബിന്റെ താഴെ നിർത്തും... എന്നിട്ട് പറയും 'നിന്റെ മൂക്ക് ചെത്തും..! കറന്റ പിടിപ്പിക്കും' എന്നൊക്കെ ഉച്ചത്തിൽ പറയും.. കുട്ടികൾ നിശബ്ദമായിരിക്കും... ഒരു ദിവസം ഒരു വിരുതൻ വികൃതി കാട്ടിയപ്പോൾ മാഷിന്റെ പതിവു ശൈലി തുടങ്ങി... കേട്ടപ്പാതി അവൻ നികറിൽ മൂത്രം ഒഴിച്ചു.... ഒരു കൊല്ലകാലം വളരെ രസകരമായിരുന്നു.

ഒരു ദിവസം പല്ലു തേക്കാതെ ക്ലാസിൽ വന്നപ്പോൾ നിർബന്ധിച്ച്... മദ്രസ്സയിലെ പിന്നിലെ വീട്ടിൽ നിന്ന് ഉമിക്കരി എടുത്ത് ചേക്കുട്ടി മാഷ് എന്നെ പല്ലുതേപ്പിച്ചത് ഓർമയിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.... പിന്നെയൊരിക്കലും പല്ലു തേക്കാതെ സ്ക്കൂളിൽ പോയിട്ടില്ല.. അങ്ങനെ എത്രയെത്ര മധുരസ്മരണകളാണ് ചേക്കുട്ടി മാഷുമായ് വായിച്ചെടുക്കാനുള്ളത്.

ക്ലാസ്സിൽ ഒരു ഭൂഗോളം കൊണ്ടുവന്നു ഇതാണ് ലോകം എന്ന് ഞങ്ങളെ പരിചയപ്പെടുത്തും. ഇവിടെയാണ് ഇന്ത്യ, ഇതാണ് കേരളം ഏതാണ്ട് ഇവിടെ വരും കൊടിയത്തൂർ. അപ്പോൾ ഞാൻ ചോദിച്ചു "മാഷേ നമ്മുടെ കാരക്കുറ്റി എവിടെയാണ്" ഏതാണ്ട് ഇവിടെ വരും എന്ന് തൊട്ടു കാണിച്ചു തന്നു.

ഒരിക്കൽ സ്കൂളിൽ നിന്ന് ടൂറിന് കൊണ്ടുപോയത്
മാവൂർ ഗ്വാളിയോർ റയോൺസും, പി. എച്ച് ഇ ഡി യിലെ ശുദ്ധജല നിർമ്മാണ കേന്ദ്രവും കാണിക്കാനായിരുന്നു. തെയ്യത്തും കടവിൽ നിന്ന് വലിയ തോണിയിലാണ് ഞങ്ങൾ യാത്ര ചെയ്തിരുന്നത്... ഇരുവഴിഞ്ഞിപ്പുഴയുടെ പ്രകൃതി ഭംഗി ആസ്വദിച്ചായിരുന്നു ആ യാത്ര..

ഓരോ കടവിലെത്തുമ്പോൾ ചേക്കുട്ടി മാസ്റ്ററുടെ വിശദീകരണം ഉണ്ടാവും ആ കടവിനെക്കുറിച്ചും അതിൻ്റെ ചരിത്ര പാശ്ചാത്തലവും എല്ലാം വിവരിക്കും. വളരെ രസകരമായിരുന്നു മാഷിൻ്റെ കൂടെയുള്ള ഓരോ നിമിഷവും.

ഈ അധ്യാപകദിനത്തിൽ അദ്ദേഹത്തെ ആദരിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചതിൽ ഏറെ സന്തോഷവാനാണ് ഇന്നു ഞാൻ.

അധ്യാപക ദിനാശംസകൾ അർപ്പിക്കുന്നതോടൊപ്പം അദ്ദേഹത്തിന് ദീർഘായുസ്സും നേരുന്നു..
Previous Post Next Post
Italian Trulli
Italian Trulli