Trending

മുൻ ദേശീയ താരം സത്യൻ മാഷുടെ അനശ്വര ഓർമകളിൽ 'സ്‌നേഹാഞ്ജലി' അർപ്പിച്ച് സ്കൂളും നാട്ടുകാരും.

മുക്കം: ട്രാക്കിൽ വിസ്മയം പകർന്ന് സംസ്ഥാന - ദേശീയ തലങ്ങളിൽ ഒട്ടേറെ മെഡലുകൾ വാരിക്കൂട്ടിയ മുൻ ദേശീയ താരവും കക്കാട് ജി.എൽ.പി സ്‌കൂളിലെ കായികാധ്യാപകനുമായിരുന്ന പുല്ലൂരാംപാറ സ്വദേശി സി.കെ സത്യൻ മാഷിന് സ്‌കൂളിന്റെയും നാടിന്റെയും സ്‌നേഹാഞ്ജലി. ട്രാക്കിലും ഫീൽഡിലും പുതിയ വേഗവും ദൂരവും അടയാളപ്പെടുത്തി സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ജില്ലാ - സംസ്ഥാന തലങ്ങളിൽ ചാമ്പ്യൻപട്ടം നേടിയ സത്യൻ മാഷ് മികച്ച ഒരു തലമുറയെ വാർത്തെടുക്കാൻ അത്യധ്വാനം ചെയ്ത മാതൃകാ അധ്യാപകൻ കൂടിയായിരുന്നുവെന്ന് സ്‌നേഹാഞ്ജലിയിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. 
ട്രാക്കിൽ കാറ്റിനേക്കാൾ വേഗത്തിൽ കുതിച്ചുപായാൻ ശ്രമിച്ച അദ്ദേഹം, പ്രാരാബ്ധങ്ങൾക്കും പ്രതിസന്ധികൾക്കുമിടയിലും ജീവിതത്തിൽ അനേകം താരങ്ങൾക്ക് കുതിക്കാൻ വഴിവെട്ടിയ കായികപ്രതിഭ കൂടിയായിരുന്നു. ജില്ലാ - സംസ്ഥാന - ദേശീയ തലങ്ങളിൽ അദ്ദേഹം നേടിയ നേട്ടങ്ങളൊന്നും വെറും മെഡലുകൾ മാത്രമായിരുന്നില്ല. മറിച്ച് വിയർപ്പിന്റെയും കഠിനാധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ജ്വലിക്കുന്ന നിമിഷങ്ങളായിരുന്നു. തന്റെ ആ വേഗതയും കായികവീര്യവും അദ്ദേഹം കുട്ടികൾക്കും പകർന്നു നൽകി. മത്സരങ്ങളിൽ എങ്ങനെ ജയിക്കണമെന്നും അതിലുപരി തോൽവികളിൽനിന്ന് എങ്ങനെ തിരിച്ചുവരണമെന്നും അദ്ദേഹം മക്കളെ പഠിപ്പിച്ചുവെന്നും യോഗം അനുസ്മരിച്ചു. 
സ്‌കൂൾ ഹാളിൽ ചേർന്ന അനുസ്മരണ ചടങ്ങ് 'സ്‌നേഹാഞ്ജലി' കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുനീർ പാറമ്മൽ അധ്യക്ഷത വഹിച്ചു. ബി.ആർ.സി സ്‌പെഷ്യൽ എഡ്യൂക്കേറ്റർ എം.എൽ ഷീന ടീച്ചർ അനുസ്മരണ പ്രഭാഷണവും മുൻ പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വാർഡ് മെമ്പർ ഹസീന ബഷീർ, സ്‌കൂൾ എച്ച്.എം ജി ഷംസുദ്ദീൻ മാസ്റ്റർ, മുൻ പ്രധാനാധ്യാപകരായ സി.ടി അബ്ദുൽ ഗഫൂർ മാസ്റ്റർ, ഇ.പി മെഹറുന്നീസ ടീച്ചർ, ജാനീസ് ടീച്ചർ, വികസന സമിതി കൺവീനർ ടി ഉമർ, കെ.പി.ആർ. സ്മാരക വായനശാല പ്രസിഡന്റ് മഞ്ചറ അഹമ്മദ്കുട്ടി മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് ഇ അഹമ്മദ്കുട്ടി, ബി.ആർ.സി ട്രെയ്‌നർ അഷ്‌റ ടീച്ചർ, എം.പി സലാം ഹാജി, ടി.പി.സി മുഹമ്മദ് ഹാജി, എസ്.എം.സി ചെയർമാൻ അബ്ദുസ്സലാം കെ.സി, വൈസ്‌ ചെയർമാൻ അബ്ദുൽ ഗഫൂർ എം, എം.പി.ടി.എ പ്രസിഡന്റ് നീതു, ഷാക്കിർ പാലിയിൽ തുടങ്ങിയവർ സംസാരിച്ചു.

സ്‌കൂളിൽ ഇത്തവണ ഓണാഘോഷമില്ല, പകരം സ്‌നേഹോണം.

സത്യൻ മാഷുടെ വിയോഗത്തെ തുടർന്ന് ഇത്തവണ സ്‌കൂളിലെ ഓണാഘോഷ പരിപാടികൾ മാറ്റിവെച്ച് രക്ഷിതാക്കളുടെ പുതിയൊരു സ്‌നേഹത്തണൽ മാതൃക തീർക്കാൻ തിരുവോണത്തിന് 'സ്‌നേഹോണം' നടത്താൻ തുടർന്ന് ചേർന്ന പി.ടി.എ, എസ്.എം.സി, എം.പി.ടി.എ സംയുക്ത എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഉപജില്ല തലത്തിൽ ലഹരിക്കെതിരെ കഴിഞ്ഞ അഞ്ചു വർഷമായി സ്കൂൾ നടത്തുന്ന ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലെ നേതാക്കൾക്ക് സത്യൻ മാഷുടെ പേരിൽ എവറോളിംഗ് ട്രോഫി നൽകാനും തീരുമാനിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന് പിന്നാലെ സ്‌കൂളിലെ ലൈബ്രറി സംവിധാനം ബാലസാഹിത്യത്തിന് കൂടുതൽ ഊന്നൽ നൽകി വിപുലമാക്കാൻ പദ്ധതികൾ തയ്യാറാക്കാനും തീരുമാനിച്ചു. 

ചർച്ച വാർഡ് മെമ്പർ ഹസീന ബഷീർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജി ഷംസു മാസ്റ്റർ, മുനീർ പി, കെ.സി റിയാസ്, അബ്ദുസ്സലാം കെ.സി, മുഹമ്മദ് ജലാലുദ്ദീൻ കെ.എം, അഹമ്മദ് നിസാർ എം, അബ്ബാസ് വലിയപറമ്പ്, നീതു, ഹൈറ, ഷർലീന, രജ്‌ന, സാജിത ഗോശാലക്കൽ, ഷബ്‌ന ജാസ്മീൻ, ഹസീന മോൾ, അധ്യാപകരായ ഖൈറുന്നീസ ടീച്ചർ, കെ ഫിറോസ്, ഷാക്കിർ പാലിയിൽ, ഫസീല പി, റോസ്മി രാജു, അമീറ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli