✍️റഫീഖ് കുറ്റിയോട്ട്.
കൊടിയത്തൂർ: ഈയിടെയായി ഞാൻ ജോലി ചെയ്തുവരുന്ന നെല്ലിക്കാപ്പറമ്പ് കട്ടിരിച്ചാൽ പാറമ്മലായിരുന്നു ചന്ദ്രന്റെ ചകിരി ബിസിനസ് തകൃതിയായി നടന്നുവന്നിരുന്നത്. ആയതിനാൽ കുശലന്വേഷണങ്ങളും കുടുംബകാര്യങ്ങളുമൊക്കെ പങ്കുവെക്കാൻ സമയം ലഭിച്ചിരുന്നു. ഇന്നും ഉച്ചക്ക് 12 മണിക്ക് ചകിരി ലോഡ് തൻ്റെ വാഹനത്തിൽ ഉൾപ്രദേശങ്ങളിൽ നിന്ന് കൊണ്ടുവന്ന് ലോറിയിൽ കയറ്റാൻ ഇറക്കിയിരുന്നു.
സൗമ്യനും മിതഭാഷിയുമായിരുന്ന ചന്ദ്രൻ്റെ പെരുമാറ്റം എല്ലാവരെയും ഹഠാതാകർഷിക്കുന്നതായിരുന്നു. നാട്ടുകാർക്കും കട്ടിരിച്ചാൽ വാസികൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു അവർ. കോട്ടമ്മൽ അങ്ങാടിയിലെ നിറ സാന്നിധ്യവുമായിരുന്നു.
പ്രഭാത പ്രാർഥനക്കു ശേഷം ചായകുടിക്ക് കോട്ടമ്മൽ അങ്ങാടിയിൽ എത്തിയാൽ മേക്ക് സെവന് യൂണിഫോമുമിട്ട് പോകുന്ന ചന്ദ്രനെയും എക്സസൈസ് കഴിഞ്ഞ് മടങ്ങുന്ന ചന്ദ്രനെയും കാണുന്നത് നിത്യതയായിരുന്നു. ചെറുപ്പത്തിലെ ഡ്രൈവിംങിനോട് താല്പര്യം കാണിച്ചിരുന്ന ചന്ദ്രൻ പലവീടുകളിലെയും ഹൗസ്ഡ്രൈവറായി ജോലി ചെയ്‌ത ശേഷം കാർ സ്വന്തമാക്കി ടാക്സി ഡ്രൈവറായും തുടർന്ന് മിനിലോറി കരഗതമാക്കി മരം ലോഡിങ്ങുമായി ജീവിതത്തെ മുന്നോട്ടു നീക്കി. അവസാനത്തെ സേവന മേഖലയായിരുന്നു ചകിരി ബിസിനസ്സ്. നാളെയും മറ്റന്നാളുമായി പലരോടും ചകിരിയെടുക്കാൻ വരും എന്ന് വാക്ക് കൊടുത്തിരുന്നു.
സഹോദരി പ്രേമയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പലവുരു ചന്ദ്രനുമായി ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ പോസിറ്റീവ് എനർജി നൽകി ഞങ്ങളെ പ്രോൽസാഹിപ്പിച്ചത് നിത്യ ഹരിതമായി മനസ്സിൽ എന്നും തെളിഞ്ഞു നിൽക്കും.
ഈയടുത്ത് സംസാരിക്കവെ, വീട് ഒന്ന് സൗകര്യപ്പെടുത്ത ണ്ടെ എന്ന് ചോദിച്ചപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ ആദ്യത്തെ ഓടിട്ട വീടായിരുന്നു. ഇതെന്നും ഇന്ന് മറ്റ് വീടുകളൊക്കെ കോൺക്രീറ്റിലേക്ക് മാറിയപ്പോൾ ഞങ്ങൾ പഴമയിൽ ആയിപ്പോയെന്നും സ്വത്തു വിഭജന ചർച്ചകൾ സജീവമാണെന്നും അത് പരിഹരിച്ചു കഴിഞ്ഞാൽ വീട് പുനർനിർമാണം നടത്തുമെന്നും പറഞ്ഞു. അതെ, മധ്യസ്ഥർ മുഖേന വിഭജനം പൂർത്തീകരിക്കുകയും വീട് നിർമാണത്തിന്നായി രണ്ടാഴ്‌ച മുമ്പ് വാടക വീട്ടിലേക്ക് മാറിത്താമസിക്കുകയുമുണ്ടായി. ആ വീട്ടിൽ വെച്ച് ഇന്നുച്ചക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയുമായിരുന്നു.
എല്ലാം ദൈവവിധി എന്ന് കരുതി സമാധാനിക്കാം. വേർപാടിൽ വേദനിക്കുന്ന സഹധർമ്മിണിക്കും വിദ്യാർഥിനികളായ രണ്ട് മക്കൾക്കും ബന്ധുക്കൾക്കും അതിൽ നിന്നും എത്രയും വേഗം വിടുതൽ ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു. പരേതന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.....