Trending

എന്നെ ചേന്ദമംഗല്ലൂരിന് പരിചയപ്പെടുത്തിയ നാട്ടുകാരുടെ സ്വന്തം വാട്ടാക്ക വിടപറഞ്ഞു.

✍️ ഗിരീഷ് കാരക്കുറ്റി.
ഇരുവഴിഞ്ഞിയുടെ നീരൊഴുക്കിൽഫലപുഷ്ടമായ മണ്ണിൽ തളിരിട്ട സ്നേഹസമ്പന്നതയിൽ നിറഞ്ഞുനിന്ന ചേന്നമംഗല്ലൂരെന്ന ഗ്രാമത്തിൽ, നാട്ടുകാർക്കും, കൂട്ടുകാർക്കും, കുട്ടികൾക്കുപോലും പ്രിയങ്കരനായിരുന്ന പ്രായഭേദമന്യേ നാട്ടുകാരൊന്നിച്ച് "വാട്ടാക്ക" എന്ന് സ്നേഹത്തോടെ വിളിക്കുന്ന തിരുവാലൂർ ഉണ്ണിമോയി (86) വിട പറഞ്ഞു.

വർഷങ്ങളോളം കൂപ്പിലെ റൈറ്റർ ജോലിയും പിന്നീട് പറമ്പ് കച്ചവട ബ്രോക്കർ ആയും ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമൂട്ടിക്കുന്നതിന് വേണ്ടി പ്രയത്നിച്ചു.

ആരോടും വെറുപ്പും വിദ്വേഷവും മനസ്സിൽ സൂക്ഷിക്കാത്ത നിഷ്കളങ്കനായ വാട്ടാക്കയാണെന്നെ ചേന്നമംഗലൂരിന് പരിചയപ്പെടുത്തിയത്.

അദ്ദേഹത്തെ ആദ്യമായി കാണുന്നത് കാരക്കുറ്റിയിലെ ഫുട്ബോൾ ഗ്രൗണ്ടിൽ കളി മാമാങ്കത്തിൽ ബ്രസീൽ ചേന്നമംഗലൂരിന് വേണ്ടി വാശിയോടെ ആർപ്പുവിളിച്ച് വാധിക്കുകയും പുറം കളിക്കാരന്റെ റോളിൽ കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഏറ്റവും നല്ല കാണിയായിട്ടാണ്.

പിന്നീടൊരിക്കൽ ഞാനും അദ്ദേഹത്തിൻ്റെ സ്നേഹസൗഹൃദവലയത്തിൽ കണ്ണിയായി.

ചേന്നമംഗലൂരിലേക്ക് ഞാൻ കാലെടുത്തു വെക്കുമ്പോൾ ഇവിടെ ആരെയും എനിക്കറിയില്ലായിരുന്നു. അലക്ഷ്യമായി അങ്ങാടിയിലൂടെ നടക്കുമ്പോൾ ഓടിവന്ന് വാട്ടാക്ക വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ...കലക്ഷൻ എടുക്കാൻ കുറച്ചു കച്ചവടക്കാരെ പരിചയപ്പെടുത്തിത്തരണം എന്നു പറഞ്ഞപ്പോൾ യാതൊരു മടിയും കൂടാതെ എൻ്റെ കയ്യും പിടിച്ച് ഓരോ കച്ചവടക്കാരനെയും പരിചയപ്പെടുത്തി ഇത് എൻ്റെ സ്വന്തം ആളാണെന്നും ഇയാൾക്ക് ബാങ്കിൽ ഒരു പിരിവ് കൊടുക്കണം എന്നു പറഞ്ഞതും ഓർക്കുകയാണ്.

ചേന്നമംഗല്ലൂരിന്റെ വിദൂഷകനായിരുന്നദേഹം. വാട്ടാക്ക എന്ന പേര് തന്നെ അതിനൊരുദാഹരണം.
കാണുന്നവരോടെല്ലാം സ്നേഹ സൗഹൃദ സംഭാഷണം നടത്തുന്നതിനിടയിൽ എന്താ വിശേഷം എന്നുള്ളതിന് പകരം "വാട്ട്" എന്ന് ചോദിക്കും. സുഹൃത്തുക്കൾ നല്ലത് എന്ന് പറഞ്ഞയുടൻ "ഗുഡ്" എന്ന് മറുപടി പറയും.. ആരോ തമാശരൂപേണ "വാട്ട് ഗുഡ്" എന്ന് അദ്ദേഹത്തെ പറഞ്ഞു തുടങ്ങി.. പിന്നീട് ലോപിച്ച് നാട്ടുകാർ സ്നേഹത്തോടെ "വാട്ടാക്ക" എന്ന് അഭിസംബോധന ചെയ്തു.

ചേന്നമംഗല്ലൂരിന്റെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, വികസന രംഗത്തെ ഓരോ ചുവടുവെപ്പിലും അദ്ദേഹം ഉണ്ടായിരുന്നു... നിഷ്കളങ്കനായ കാക്കക്ക് എന്തും നേരിടാനുള്ള കരുത്ത് ഉണ്ടായിരുന്നു. ആരെ കണ്ടാലും രണ്ട് കൈകൾ തൊട്ടുരുമ്മി തമാശക്കിടയിൽ ചിരിച്ച് കയ്യടിക്കുക പതിവ് ശൈലിയായിരുന്നു...

ഒരിക്കൽ മകളുടെ വിവാഹം നാടോട്ടുക്കും ആരെയും വിടാതെ അദ്ദേഹം ക്ഷണിച്ചു. വാട്ടാക്കയെ ഓർത്ത് എല്ലാവരും കല്യാണത്തിന് വീട്ടിലെത്തി.. വരുന്നവരോടെല്ലാം കുശലം പറഞ്ഞു സ്വീകരിച്ചിരുത്തുന്നതിനിടയിൽ ഭക്ഷണം തീർന്നു പോയി എന്ന് വാട്ടാക്കയുടെ ചെവിയിൽ ആരോ വന്നു പറഞ്ഞു.. ഒട്ടും പരിഭ്രമിക്കാതെ എല്ലാവരെയും സ്വീകരിക്കുന്ന തിരക്കിനിടയിൽ അദ്ദേഹം തൻ്റെ കൈകൾ കൂട്ടിയടിച്ചു ചിരിച്ചുകൊണ്ട് ഭക്ഷണം തീർന്നു പോയി... എന്ന് ഒരു മടിയും കൂടാതെ വരുന്നവരോടെല്ലാം പറഞ്ഞതും, വന്നവർ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചതും ഒക്കെ കഴിഞ്ഞ കഥകൾ...

ചേന്നമംഗലൂരിന്റെ നിറസാന്നിധ്യമായ വാട്ടക്കയുടെ ചിരിയും കളി തമാശകളും ചരിത്രമായി.

എൻ്റെ പ്രിയപ്പെട്ട വാട്ടക്കയുടെ സ്മരണകൾക്ക് മുമ്പിൽ കണ്ണീർ പ്രണാമം.
Previous Post Next Post
Italian Trulli
Italian Trulli