കൊടിയത്തൂർ: വിദ്യാർത്ഥികളുടെ ആശയവിനിമയശേഷി ആത്മവിശ്വാസത്തോടെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ "സ്പീക്ക് ഈസി" പദ്ധതിക്ക് തുടക്കമായി. ക്ലാസ് മുറിക്കപ്പുറം നിർഭയമായി സംസാരിക്കാനും ചിന്തകൾ വ്യക്തമായി അവതരിപ്പിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി നിശ്ചിത സമയങ്ങളിൽ വിദ്യാർത്ഥികൾക്ക് ആശയവിനിമയം നടത്താനുള്ള അവസരം ഒരുക്കും. ഗ്രൂപ്പ് ചർച്ചകൾ, പ്രസംഗങ്ങൾ, റോൾ പ്ലേ, അഭിമുഖങ്ങൾ, സംവാദങ്ങൾ, അവതരണങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ഭാഷാപഠനം കൂടുതൽ ആസ്വാദ്യകരവും പ്രായോഗികവുമാക്കും.
ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് ഭാഷയിൽ ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്താനുള്ള കഴിവ് വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ മേഖലയിലെ വിജയത്തിനും നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപകരുടെ നേതൃത്വത്തിൽ വർഷം മുഴുവൻ വിവിധ ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും. വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചത്. ഭാഷാപ്രാവീണ്യം വർധിപ്പിക്കുന്നതോടൊപ്പം പൊതുവേദികളിൽ ആത്മവിശ്വാസത്തോടെ സംസാരിക്കാനുള്ള ശേഷിയും ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് കൈവരിക്കാനാകുമെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.
അമേരിക്കൻ ആക്ടിവിസ്റ്റ് സുപ്പാപോൺ കാൺബെൻ ജോങ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ പിടി ഇസ്മായിൽ അധ്യക്ഷത വഹിച്ചു. പഞ്ചാബിലെ പരിസ്ഥിതി പ്രവർത്തകനും പോലീസ് ഓഫീസറുമായ സമൻദീപ് കുട്ടികളുമായി സംവദിച്ചു.
പിടിഎ പ്രസിഡണ്ട് എസ്.എ നാസർ, കെ.ടി സലിം, വി പ്രിയ, ഫഹദ് ചെറുവാടി, അപർണ മാത്യു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഫോട്ടോ: കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സ്പീക്ക ഈസി പ്രോഗ്രാം അമേരിക്കൻ ആക്ടിവിസ്റ്റ് സുപാ പോൺ കാൺ ജോംങ് ഉദ്ഘാടനം ചെയ്യുന്നു.
Tags:
EDUCATION