Trending

ഓർമയിൽ ജനനായകൻ; ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് മൂന്നു വർഷം.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് മൂന്നു വർഷം. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ കേൾക്കാനും അവയ്ക്ക് അടിയന്തരമായി പരിഹാരം കാണാനും സദാ ശ്രമിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയുടെ അഭാവം കേരള രാഷ്ട്രീയത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിലുമുണ്ടാക്കിയ ശൂന്യത ചെറുതല്ല.

ആൾക്കൂട്ടമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഊർജം. സങ്കടങ്ങളുമായി കടന്നുവരുന്നവർക്കു മുന്നിൽ ആ വാതിൽ എപ്പോഴും തുറന്നു കിടന്നു. ചെവിയരികത്തു ചെന്ന് വിഷമം പങ്കുവെക്കാൻ ഒരാളുണ്ടെന്ന തോന്നലാണ് ഉമ്മൻ ചാണ്ടിയെ കേരളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നേതാക്കളിലൊരാളാക്കി മാറ്റിയത്. പുതുപ്പള്ളിക്കാരുടെ കൂഞ്ഞൂഞ്ഞ് ജനസമ്പർക്കം നിർത്തിയിട്ട് ഇന്നേയ്ക്ക് മൂന്നുവർഷമായിരിക്കുന്നു.

അയഞ്ഞ ഖദർ ഷർട്ട്, ചീകിയൊതുക്കാതെ അലക്ഷ്യമായിട്ട മുടി, സൗമ്യമായ ഭാവം. ഹൃദയം തണുപ്പിക്കുന്ന ആ പുഞ്ചിരിയിൽ നിറയെ സ്‌നേഹമായിരുന്നു. ശാരീരികമായ രോഗാവസ്ഥയിലും തന്നെ കാണാനെത്തിയവരുടെ സങ്കടങ്ങൾ കേൾക്കാൻ ഉമ്മൻ ചാണ്ടി കാതോർത്തു. ആൾക്കൂട്ടത്തെ അടയാളമാക്കി സഞ്ചരിച്ച അഞ്ച് പതിറ്റാണ്ടിനിടെ ഉമ്മൻ ചാണ്ടിയെ തേടിയെത്തിയത് ആരും മോഹിക്കുന്ന സുപ്രധാന അധികാരസ്ഥാനങ്ങൾ. യുഡിഎഫ് കൺവിനർ, കെപിസിസി പ്രസിഡന്റ്, ആഭ്യന്തര, ധനകാര്യ വകുപ്പ് മന്ത്രിസ്ഥാനങ്ങൾ, പ്രതിപക്ഷ നേതാവ്, കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം, അതിനുമപ്പുറം, കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായി രണ്ടു തവണ.

അകമ്പടിക്കാരേയും ബാരിക്കേഡുകളേയും ജനകീയത കൊണ്ട് മറികടന്ന, മനഃസാക്ഷി മാനദണ്ഡമാക്കിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ജനസമ്പർക്ക പരിപാടികളിലൂടെ, കനിവിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങൾ പഠിപ്പിച്ച ജനനായകൻ വിടവാങ്ങിയപ്പോൾ ആ വിലാപയാത്രയിൽ അണിചേർന്നത് ആയിരങ്ങൾ.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന കുടീരത്തിൽ സങ്കടങ്ങൾ പറയാൻ ഇന്നും സാധാരണക്കാരെത്തുന്നു. മരിച്ചാലും ആ മനുഷ്യൻ തങ്ങളുടെ സങ്കടങ്ങൾ കേൾക്കുമെന്നും പരിഹാരം കാണുമെന്നുമുള്ള ആ വിശ്വാസം അവർക്കുണ്ടെങ്കിൽ, സംശയിക്കേണ്ട, ആ മനുഷ്യൻ സത്യമായും നീതിമാനായിരുന്നു.
Previous Post Next Post
Italian Trulli
Italian Trulli