കൊടിയത്തൂർ: ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ ആദർശ ലക്ഷ്യ, കർമ വഴികളെക്കുറിച്ച് അറിയാനും പ്രസ്ഥാന കാഴ്ചപ്പാടുകളും, ജനക്ഷേമ പ്രവർത്തനങ്ങളും, അടുത്തറിയാനുമായി 'ഇസ്ലാമിക പ്രതിനിധാനത്തിൻ്റെ കർമസാക്ഷ്യം' എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായി കൊടിയത്തൂർ ഏരിയ സമ്മേളനം നവംബർ 21 ശനിയാഴ്ച്ച സൗത്ത് കൊടിയത്തൂരിൽ പ്രത്യേകം സജ്ജമാക്കിയ നഗരിയിൽ നടക്കുമെന്ന് ഭാരവാഹികൾ മുക്കത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മനുഷ്യർ സ്നേഹ സാഹോദര്യത്തോടെ ജീവിക്കുന്ന, ചൂഷണമുക്തവും നീതി പുലരുന്നതുമായ ഒരു വ്യവസ്ഥയെക്കുറിച്ചുള്ള ചിന്തകൾ സമ്മേളനം പങ്കുവെക്കും. വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന സമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള ശൂറ അംഗവും ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ അസി. റെക്ടറുമായ ഡോ. നഹാസ് മാള ഉദ്ഘാടനം ചെയ്യും.
കേരള ശൂറ അംഗം പി.വി റഹ്മാബി ടീച്ചർ, ജില്ലാ വൈസ് പ്രസിഡൻ്റ് സഈദ് എലങ്കമൽ, എം.എം. മൊഹ്യുദ്ദീൻ എന്നിവർ സംസാരിക്കും.
സുഗന്ധമുള്ള ജീവിതം എന്ന തലക്കെട്ടിൽ നടക്കുന്ന എൽഇഡി വാൾ പ്രദർശനം, ഹംസഫർ ഡോക്യുഫിക്ഷൻ പ്രദർശനം എന്നിവ അരങ്ങേറും. സംവാദ സെഷനിലെ ചോദ്യങ്ങൾക്ക് നേതാക്കൾ മറുപടി നൽകും.
സമ്മേളനത്തോടനുബന്ധിച്ച് ജനസമ്പർക്ക പരിപാടികൾ, ഗൃഹ സന്ദർശനം, യൂത്ത് മീറ്റ്, മഹല്ല് സംഗമങ്ങൾ, ഡോക്യുമെൻ്ററി പ്രദർശനം, വനിതാ സുഹൃദ് സംഗമം, കൗമാര വിദ്യാർത്ഥികൾക്കായി അഗതി മന്ദിരം സന്ദർശനം തുടങ്ങിയവ സംഘടിപ്പിച്ചതായും നേതാക്കൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കൊടിയത്തൂർ ഏരിയ പ്രസിഡൻ്റ് കെ.ടി അബ്ദുൽ ഹമീദ്, ജില്ലാ കമ്മിറ്റി അംഗം ഇ.എൻ അബ്ദുറസാഖ്, ഏരിയ വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹഖ്, വനിതാവിഭാഗം ഏരിയ കൺവീനർ ഷെരീഫ, സ്വാഗതസംഘം ജനറൽ കൺവീനർ പി. മുഹമ്മദ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഏരിയ ജനറൽ സെക്രട്ടറി ബഷീർ കണ്ണഞ്ചേരി, സ്വാഗതസംഘം മീഡിയ സെക്രട്ടറി സാലിം ജീറോഡ് എന്നിവർ പങ്കെടുത്തു.
Tags:
KODIYATHUR