സൂപ്പർ സബ് മിക്കേൽ മെറീനോയാണ് വിജയഗോൾ നേടിയത്.
ഡാലസ്: ഇഞ്ചുറി ടൈം ഗോളിൽ പോർച്ചുഗലിനെ മറികടന്ന് സ്‌പെയിൻ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. സൂപ്പർ സബായി ഇറങ്ങിയ മിക്കേൽ മെറീനോയാണ് മത്സരത്തിലെ വിജയഗോൾ നേടിയത്. ലോകകപ്പ് കിരീടമില്ലാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പോർച്ചുഗൽ കരിയർ അവസാനിപ്പിച്ചു.
ഡാലസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ചുകളിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാൻ സാധിച്ചില്ല. രണ്ട് ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ വലകുലുക്കാൻ ആയില്ല. മത്സരത്തിനിടെ പോർച്ചുഗൽ താരമായ നൂനോ മെൻഡസ് പരിക്കേറ്റ് പുറത്തുപോയി. മത്സരം മുന്നോട്ട് നീങ്ങുംതോറും സ്‌പെയിൻ ശക്തി പ്രാപിച്ചുവന്നു. രണ്ടാം പകുതിയുടെ 85ാം മിനിറ്റിൽ ഡാനി ഓൾമോക്ക് പകരമായാണ് മെറീനോ കളത്തിലേക്ക് വന്നത്. തുടർന്ന് ആറ് മിനിറ്റിനുള്ളിൽ ഗോളും കണ്ടെത്തി. ഫെറാൻ ടോറസിന്റെ ത്രൂ പാസിലേക്ക് ഓടിയെത്തിയ മെറീനോ അനായാസം പന്ത് വലയിലെത്തിച്ചു. ഇഞ്ചുറി ടൈമിന്റെ ആദ്യ നിമിഷത്തിലാണ് ആ ഗോൾ പിറന്നത്. തോൽവിയോടെ ലോകകപ്പ് എന്ന ക്രിസ്റ്റ്യാനോയുടെ സ്വപ്നം അവിടെ ബാക്കിയായി. ഇത് തന്റെ അവസാന ലോകകപ്പ് ആകുമെന്ന് റൊണാൾഡോ നേരത്തെ പറഞ്ഞിരുന്നു.
ബെൽജിയമാണ് ക്വാർട്ടറിൽ സ്‌പെയിനിന്റെ എതിരാളികൾ.
Tags:
SPORTS