പുല്ലൂരാംപാറ: പതങ്കയത്ത് ശനിയാഴ്ച്ച ഉച്ചയ്ക്കുണ്ടായ മലവെള്ളപ്പാച്ചിലിലകപ്പെട്ട് കാണാതായ കിഴിശ്ശേരി മുണ്ടം പറമ്പ് സ്വദേശി വട്ടോളി ഷിബിലിയുടെ മൃതദേഹം ചെക്ക്ഡാമിന് സമീപത്ത് നിന്നും കണ്ടെത്തിയത് ഇന്നലെ രാവിലെയാണ്. എൻ്റെ മുക്കം സന്നദ്ധ സേനയുടെ സ്കൂബ ടീം പരിശീലകരായ ഷബീർ പുൽപ്പറമ്പ്, മുനീഷ് കാരശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒഴുക്കിൽപ്പെട്ടതറിഞ്ഞത് മുതൽ നാൽപതോളം എൻ്റെ മുക്കം സന്നദ്ധസേനാ മെമ്പർമാർ തിരച്ചിലിൻ്റെ ഭാഗമായി.
ഇന്നലെ പുലർച്ചെ ഏഴ് മണിയോടെ തന്നെ തിരച്ചിലാരംഭിച്ചിരുന്നു. ചെക്ക്ഡാമിൻ്റെ പരിസരത്ത് തിരച്ചിൽ സജീവമാക്കിയ എൻ്റെ മുക്കത്തിന് 8:45 ഓടെ മൃതദേഹം കണ്ടെത്താനായി.
മുങ്ങിത്താഴ്ന്നിരുന്നതിനാൽ സ്കൂബ വഴിയുള്ള തിരച്ചിലിൽ ഡാമിനോട് ചേർന്നാണ് മൃതദേഹം കാണപ്പെട്ടത്.
പതങ്കയത്തും, അരിപ്പാറയിലുമായി 30 തോളം ജീവനാണ് ഇതിനോടകം നഷ്ടമായത്.
പിതാവും, മുങ്ങൽ വിദഗ്ദനുമായ പുൽപ്പറമ്പിൽ സി.കെ അബ്ദുറഹിമാനാണ് ഷബീറിൻ്റെ വഴികാട്ടി. 23 മൃതദേഹത്തെ കരയ്ക്കെത്തിച്ച ഷബീർ പകുതിയിലേറെയും പതങ്കയവും, അരിപ്പാറയുമടങ്ങുന്ന ഇരു വഴിഞ്ഞിപ്പുഴയിൽ നിന്നാണ്. മലയമ്മ സ്വദേശിയായിരുന്ന ഹുസ്നി മുബാറക്കിനായി 18 ദിവസത്തിലേറെ പതങ്കയം മുതൽ ചാലിയാറും കടന്ന് അറബിക്കടലിൻ്റെ അതിർത്തി വരെ മുടക്കം കൂടാതെ തിരയുകയും ഒടുക്കം കണ്ടെത്തുകയും ചെയ്തത് "കണ്ടെത്തുംവരെ" തിരയുമെന്ന ഷബീറിൻ്റേയും, മുനീഷിൻ്റേയുമടങ്ങുന്ന എൻ്റെ മുക്കം സന്നദ്ധ സേനയുടെ വാക്കാണ്.
മുനീഷ് കാരശ്ശേരിയും നിരവധിയാളുകളെ ജീവനോടെയും അല്ലാതെയും കരയ്ക്കെത്തിച്ച് മാതൃക തീർത്ത നീന്തൽ വിദഗ്ദനാണ്. മുങ്ങി മരണങ്ങളെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ മുനീഷിൻ്റെ നേതൃത്വത്തിൽ പ്രത്യേക നീന്തൽ കോച്ചിംഗ് ക്ലാസുകളും ഉണ്ടാവാറുണ്ട്.
3 പേരുടെ ജീവന് വേണ്ടി ജീവൻ നഷ്ടമായ ഷിബിലിയെ കണ്ടെത്തും വരെ എൻ്റെ മുക്കം കൂടെയുണ്ടാകുമെന്ന ഈ ഉറപ്പും ഷബീറിൻ്റേ മുനീഷിൻ്റേയും നേതൃത്വത്തിലുള്ള എൻ്റെ മുക്കം സന്നദ്ധ സേന പാലിക്കപ്പെട്ടിരിക്കുന്നു.
ബാബു എള്ളങ്ങൽ, മുജീബ് CMR,ജലീൽ പെരുമ്പടപ്പ്, റസാക്ക് കുവപ്പറമ്പത്ത്, റഹീസ്,അബിൻ, അഷ്റഫ് എന്നീ സേനാംഗങ്ങളുടേയും പരിശ്രമം കൂടിയാണ് നേരത്തെ മൃതദേഹം കണ്ടെത്താനായത്.
മറ്റു സന്നദ്ധ പ്രവർത്തകരും, ഫയർ ഫോഴ്സും,പോലീസും, നാട്ടുകാരും, ബന്ധുക്കളും 3 ദിവസത്തോളമായി തിരച്ചിലിൽ സജീവമായുണ്ടായിരുന്നു.
Tags:
MUKKAM