വാൻകൂവർ: എതിരില്ലാത്ത ആറു ഗോളുകൾക്ക് ഖത്തറിനെ തോൽപ്പിച്ച് കാനഡ. ജോനാഥൻ ഡേവിഡിന്റെ ഹാട്രിക് മികവിലാണ് (29,45+3, 90+2) ആതിഥേയർ തകർപ്പൻ ജയം സ്വന്തമാക്കിയത്. രണ്ട് ഖത്തർ താരങ്ങൾക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ ഒൻപത് പേരുമായാണ് രണ്ടാം പകുതിയിൽ ഖത്തർ കളിച്ചത്. സിൽ ലാറിൻ (16), നഥാൻ സാലിബ (64) എന്നിവരാണ് മറ്റു ഗോൾ സ്‌കോറർ. മുഹമ്മദ് മനായിയുടെ സെൽഫ് ഗോളും (75) കാനഡക്ക് അനുകൂലമായി. മലയാളത്തി താരം തഹ്‌സിൻ മുഹമ്മദ് കാനഡക്കെതിരെയും ഖത്തർ നിരയിൽ ഇറങ്ങിയില്ല."
നാടകീയ നീക്കങ്ങളാണ് രണ്ടാം പകുതിയിൽ കണ്ടത്. 50ാം മിനിറ്റിൽ കാനഡൻ താരം ഇസ്മായിൽ കോനെക്കെതിരെ ഖത്തർ താരം അസിം മഡിബോയിയുടെ മാരകഫൗൾ. വാർ പരിശോധനക്ക് ശേഷം ഖത്തർ താരത്തിന് റെഡ് കാർഡ്. കാൽ ഒടിഞ്ഞുപോയ കോനെയെ സ്ട്രക്ചറിലാണ് പുറത്തേക്ക് കൊണ്ടുപോയത്. ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ താരത്തിന് നഷ്ടമാകും. മാരക ഫൗളിനെ തുടർന്ന് കളത്തിൽ ഇരു ടീമുകളും തമ്മിൽ കൈയ്യാങ്കളിയിൽ ഏർപ്പെടുകയും ചെയ്തു. രണ്ട് റെഡ്കാർഡ് വാങ്ങിയതോടെ കളത്തിൽ എട്ടുപേരായി ചുരുങ്ങിയ ഖത്തറിനെതിരെ കാനഡ തുടരെ ആക്രമിച്ചു കളിച്ചു.
62ാം മിനിറ്റിൽ മികച്ചൊരു ഫ്രീകിക്കിലൂടെ നേഥൻ സാലിബ നാലാം ഗോൾ കണ്ടെത്തി. 75ാം മിനിറ്റിൽ കാനഡ താരം ഷാഫെൽബർഗിന്റെ ഷോട്ട് റിഫ്‌ളെക്ടായി വലയിൽ കയറിയതോടെ ഗോൾ അഞ്ചായി ഉയർന്നു. ഇഞ്ചുറി ടൈമിൽ നേഥൻ സാലിബയുടെ അസിസ്റ്റിൽ ജൊനാഥൻ ഡേവിഡ് ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് കുറിച്ചു. ലോകകപ്പ് ചരിത്രത്തിൽ കാനഡയുടെ മികച്ച വിജയമാണിത്.
മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് സ്വിറ്റ്‌സർലൻഡ് ബോസ്‌നിയയെ തോൽപ്പിച്ചു. പകരക്കാരനായി ഇറങ്ങിയ യോഹാൻ മൻസാംബി (74,90) ഇരട്ടഗോളുമായി തിളങ്ങി. 74 മിനിറ്റുവരെ ഗോൾരഹിത സമനിലയിലായിരുന്ന മത്സരത്തിൽ പിന്നീട് അഞ്ച് ഗോളുകൾ പിറക്കുകയായിരുന്നു. ജയത്തോടെ സ്വിറ്റ്‌സർലൻഡ് പോയന്റ് ടേബിളിൽ രണ്ടാംസ്ഥാനത്തെത്തി".
Tags:
SPORTS