✍️ റഫീഖ് കുറ്റിയോട്ട്.
കൊടിയത്തൂർ:1973 - ലാണ് റുഖിയ്യ എന്ന ഞങ്ങളുടെയൊക്കെ റുഖ്യാത്ത കീരൻ തൊടിക എന്ന തറവാട് വീട്ടിലേക്ക് ഉണ്ണിമോയി മാസ്റ്റരുടെ പ്രിയ സഖിയായി എത്തിപ്പെടുന്നത്. ജന്മനാടായ അരീക്കോട്ടെ പ്രമുഖ ജോളി കുടുംബത്തിൽ നിന്നായിരുന്നു വരവ്. അന്ന് അരീക്കോട് പാലം യാഥാർഥ്യമായിട്ടില്ല. പത്തനാപുരത്തിനടുത്ത് തേക്കിൻ ചുവട് വരെയായിരുന്നു പരിമിതമായ രൂപത്തിൽ വാഹനങ്ങൾ ഓടിയിരുന്നത്. തുടർന്ന് കാൽ നടയായി സഞ്ചരിച്ച്, തോണിയിലൂടെയും വേനലിൽ ചാലിയാർ പുഴയിലൂടെ ഇറങ്ങി നടന്നുമായിരുന്നു യാത്ര.
കീരൻ തൊടിക അവറാൻ ഹാജി - ആദ്യ ഭാര്യ മാച്ചക്കുട്ടി ആശാരിക്കണ്ടി ദമ്പതികളുടെ ഏക സന്തതിയായ കുഞ്ഞിമൊയ്തീൻ സാഹിബിൻ്റെയും (കുഞ്ഞിമൊയ്‌തീനാക്ക) മായത്തൊടിക കുന്നത്ത്ചാലിൽ ഹുസൈൻ മുസ്‌ലിയാരുടെ മകൾ ഫാത്തിമ (പാത്തു മാച്ചി)യുടെയും എട്ടു മക്കളിൽ ഇളയവനായ ഉണ്ണിമോയി മാഷിന്റെ സഹധർമിണിയായതിനാൽ തറവാട്ടിൻ്റെ രാജ്ഞി പദവിയിലായായിരുന്നു അവർ. വിശാലമായ പറമ്പിലെ മാളികപ്പുര, നടുമുറ്റം, രണ്ടു ഭാഗത്തേക്കും നീണ്ടുകിടക്കുന്ന ആ കോലായി, തണ, നീണ്ടു നിവർന്ന അടുക്കള, മരത്തടികൊണ്ടുള്ള നീണ്ട തൂണുകൾ, വിശാലമായ മുറ്റം.
കുടുംബാംഗങ്ങളുടെയും ബന്ധുജനങ്ങളുടെയും അയൽവാസികളുടെയും ഇടതടവില്ലാത്ത പെരുമാറ്റ സ്ഥലം. റുഖ്യാത്ത റാണിപ്പട്ടം ഏറ്റെടുക്കുന്ന സമയത്ത് ഞങ്ങളുടെ കളിസ്ഥലവും മേച്ചിൽ സ്ഥലവും ഒരു 'വലിയ' മൃഗശാലയുമൊക്കെയായിരുന്നു ഇവിടം. നാത്തൂൻമാരായിരുന്ന താളത്തിൽ ആയിശുമ്മ
ചാച്ചിയുടെയും ആക്കോട്ടെ റാബിയ താത്തയുടെയും മൂത്തച്ഛന്മാരായ അബൂബക്കർ കാക്ക, അബ്‌ദുറഹ്‌മാൻ കാക്ക എന്നിവരുടെയും കുടുംബത്തിൻ്റെയും മക്കളുടെയും സാന്നിധ്യം സദാ നിറഞ്ഞു നിന്നിരുന്നു. ഒഴിവുദിവസങ്ങളിൽ ഹുസൈൻ കാക്ക, ഉമ്മാച്ച ഇരിമ്പിച്ചി ത്തൊടിക, റുഖിയ്യ വയലിൽ മുക്കം എന്നിവരുടെ മക്കളുടെ സാന്നിധ്യവും ഉണ്ടാവുമായിരുന്നു. താളത്തിൽ കപ്പലാട്ട് അബ്ദുറഹ്മാന്റെ കാപ്പിമരത്തിൽചങ്ങലക്കിട്ട കുരങ്ങനും കുസു സംഭാവന് ചെയ്യുന്ന മെരുവും കീരിയും മുയലും പ്രാവും തത്തയും അണ്ണാനും അയമുവിൻ്റെ വേട്ടനായയുമൊക്കെ ഈ വീട്ടുമുറ്റത്തെ ധന്യമാക്കാനുണ്ടായിരുന്നു. പുരക്കാരുടെ വകയുള്ള പശുവും ആടും കോഴിയും താറാവുമൊക്കെ മറ്റൊരു ഭാഗത്തുമുണ്ടായിരുന്നു. ആ സമയത്ത് 9 മുതൽ 12 വയസ്സു വരെയുള്ള ഞങ്ങളുടെ ഒരു പ്രധാന ഉല്ലാസ കേന്ദ്രം തന്നെയായിരുന്നു കീരൻ തൊടിക. ലത്തീഫ്, അസീസ്, അയമു, കബീർ, സുബൈർ, മുഹമ്മദലി, അബ്‌ദുറന്മാൻ, സലാം, നാസർ, ഹുസൈൻ അബ്‌ദുറഹ്‌മാൻ വി, സാദിഖ്, അബുല്ലൈസ്, കുഞ്ഞിമൊയ്‌തീൻ, നസീർ, മൻസൂർ, ഉള്ള, സാറ, നൗഷാദ്, റഷീദ്, ഫാത്തിമ, അയൽവാസികളം കളിക്കൂട്ടുകാരുമായ മജീദ്, അബൂബക്കർ, Nk, കരീം, മുഹമ്മദലി, സലാം, കരീം, ഉസ്സൻ കുട്ടി തുടങ്ങിയവരാൽ
ബഹളമയമായിരുന്നു ആ സുവർണ്ണകാലം. അത്തായിത്തയും സിങ്ങും പമ്പരക്കളിയും ചുള്ളിയും വടിയും ഗോട്ടിക്കളിയും കൊക്കി ച്ചാട്ടവുമൊക്കെ ഇവിടെ വെച്ചായിരുന്നു അധികവും അരങ്ങേറിയിരുന്നത്.
ഇടവഴികളാൽ ചുറ്റപ്പെട്ട പറമ്പിലേക്ക്കിഴക്കും പടിഞ്ഞാറുമായി രണ്ട്പാലങ്ങൾ മുഖേനയായിരുന്നു പ്രവേശനം. ആ ഘട്ടത്തിലും തുടർന്നും വളരെ ഭവ്യതയോടെയും പുഞ്ചിരി തൂകിയുമുള്ള പെരുമാറ്റമായിരുന്നു അവരുടേത്. ഞങ്ങൾക്ക് അലോസരമുണ്ടാക്കുന്ന യാതൊന്നും അവരിൽ നിന്നുണ്ടായിരുന്നില്ല. മരണം വരെ അവരത്കാത്ത് സൂക്ഷിക്കുകയും ചെയ്യുകയുണ്ടായി. നീണ്ട അഞ്ച് പതിറ്റാണ്ടിലേറെയായി ഞങ്ങളത് അനുഭവിച്ചുവരികയായിരുന്നു. തെയ്യത്തും കടവിലും പരിസരങ്ങളിലും നടന്നു വരുന്ന എല്ലാ ദീനീ സംരഭങ്ങളിലും പങ്കാളിയാവുകയും തട്ട്യ, കോട്ട, ജുമുഅത്ത് പള്ളി, ഒതയമംഗലം പള്ളി എന്നിവിടങ്ങളിലൊക്കെ ജുമുഅ-ജമാഅത്ത്-തറാവീഹ് നമസ്ക്‌കാരങ്ങളിൽ രോഗാ വസ്ഥയിലാകുന്നത് വരെ സജീവമായി പങ്കാളിയാവുകയും, ചെയ്തിരുന്നു. മക്കളുടെ അസുഖവുമായും മറ്റും ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ ഒരു പാട് മാനസിക പ്രയാസങ്ങൾ അനുഭവിച്ചിരുന്നെങ്കിലും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ അതിൽ നിന്നൊക്കെ വിടുതൽ ലഭിക്കുകയും സുഖ സമ്പൂർണ്ണമായ ഒരു ജീവിതം നയിച്ചു വരികയുമായിരുന്നു അവർ. മക്കളും മരുമക്കളുമൊക്കെ ഉദ്യോഗസ്ഥ-വ്യാവസായിക മേഖലകളിൽ വ്യാപൃതരുമാണ്. റുഖ്യാത്തക്ക് താങ്ങും തണലുമായി വർത്തിച്ചിരുന്ന അമ്മോശൻകാക്കയും അമ്മായിയമ്മയും വിടവാങ്ങിയതോടെ ബന്ധുക്കളുടെ പോക്കുവരവ് നാമമാത്രമാവുകയും ചുറ്റുപാടുകൾ അവരവരുടെ താവളങ്ങളിൽ തളച്ചിടപ്പെടുകയും ചെയ്‌തതോടെ കീരൻ തൊടിക തറവാട്ടിൻ്റെ ബഹളമയത്തിന് മങ്ങലേൽക്കുകയുണ്ടായി. ഇടവഴികളൊക്കെ റോഡായി മാറിയതോടെ നാട്ടുകാരുടെ നടത്തത്തിനും ഗതിമാറ്റമുണ്ടായി. കൂടാതെ മാസ്റ്റരുടെ ദീർഘ കാല പ്രവാസ ജീവിതവും മാറ്റത്തിനു ആക്കം കൂട്ടി. ഇപ്പോൾ നാഥന്റെ വിളിക്കുത്തരം നൽകി നമ്മെയൊക്കെ മൗനികളാക്കി അവർ യാത്രയായിരിക്കുന്നു.
നാഥൻ അവരുടെ ചെറുതും വലുതുമായ മുഴുവൻപാപങ്ങളും പൊറുത്ത് കൊടുത്ത് സ്വർഗപ്പൂങ്കാവനത്തിൽ പ്രവേശിപ്പിക്കുമാറാകട്ടെ.ഖബറിടം
വിശാലമാക്കിക്കൊടുക്കുമാറാകട്ടെ, കുടുംബത്തിനുണ്ടായ മാനസിക പ്രയാസത്തിന് അവർക്കവൻ ക്ഷമയുടെ പ്രതിഫലം അധികരിപ്പിച്ചു കൊടുക്കുകയും ചെയ്യുമാറാകട്ടെ.
