ചേന്ദമംഗല്ലൂർ: എസ്.എസ്.എൽ.സി ഫലം പുറത്തുവന്നപ്പോൾ 100% വിജയത്തോടെ ജില്ലയിൽ തന്നെ മികച്ച വിജയവും വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനവും നേടി ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ. 353 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിക്കുകയും മൊത്തം പരീക്ഷ എഴുതിയ കുട്ടികളിൽ 85 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടാനുംസാധിച്ചു.
എ പ്ലസ് ശതമാനം സംസ്ഥാന തലത്തിൽ പകുതിയായി കുറഞ്ഞപ്പോഴും ചേന്ദമംഗല്ലൂരിൽ എ പ്ലസ് ശതമാനത്തിൽ വലിയ ഇടിവ് സംഭവിച്ചില്ല. പരീക്ഷ എഴുതിയ മൊത്തം കുട്ടികളിൽ 24% കുട്ടികൾക്ക് എ പ്ലസ് നേടാൻ സാധിച്ചു.
ഡിസംബറോടുകൂടി പാഠഭാഗങ്ങൾ തീർക്കുകയും തുടർന്ന് സമയബന്ധിതമായി റിവിഷൻ നടത്തുകയും കുട്ടികൾക്ക് വിവിധ ഘട്ടങ്ങളിലായി മിഡ് ടേം പരീക്ഷകളും, ക്ലാസ് പിടിഎ മീറ്റിങ്ങുകളും, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക നൈറ്റ് ക്യാമ്പ് ഉൾപ്പെടെയുള്ള പരിശീലനവും നൽകിയതുകൊണ്ടാണ് മികച്ച വിജയം നേടാൻ സാധിച്ചതെന്ന് ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി പറഞ്ഞു.
മികച്ച വിജയം കൈവരിച്ച കുട്ടികളെയും അധ്യാപകരെയും പിടിഎ പ്രസിഡന്റ് അഡ്വ. ഉമ്മർ പുതിയോട്ടിൽ, സ്കൂൾ മാനേജർ സുബൈർ കൊടപ്പന എന്നിവർ അനുമോദിച്ചു.
Tags:
EDUCATION