ചാത്തമംഗലം: പ്ലസ്‌ടുവിന് ശേഷം രാജ്യത്തെ പ്രമുഖ സർവ്വകലാശാലകളിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'റൈസ് അപ്പ് ചാത്തമംഗലം' ഹയർ എജുക്കേഷൻ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ നദീറ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ CUET (CUET) ഉൾപ്പെടെയുള്ള വിവിധ എൻട്രൻസ് പരീക്ഷകളെക്കുറിച്ചും അപേക്ഷിക്കേണ്ട രീതികളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രമുഖ എൻട്രൻസ് എക്സ്പെർട്ട് സ്വാലിഹ് പി.കെ ഇയ്യാട് ക്ലാസിന് നേതൃത്വം നൽകി. ഉന്നത പഠനത്തിനുള്ള മികച്ച കോഴ്സുകളും രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ദേഹം വിദ്യാർത്ഥികൾക്കായി പരിചയപ്പെടുത്തി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സെലീന ഇ.എം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പി.കെ ഹക്കീം മാസ്റ്റർ കളൻതോട്, മുഹമ്മദ് ബുജൈർ ടി.പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ ഉന്നതവിദ്യാഭ്യാസ സംബന്ധിയായ സംശയങ്ങൾക്കായി പ്രത്യേക ഹെൽപ്പ് ഡെസ്കും സജ്ജീകരിച്ചിരുന്നു.
Tags:
education