മുക്കം: മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിലെ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം 'കളർപ്പെട്ടി'ക്ക് തുടക്കമായി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം നിർവ്വഹിച്ചു.
വാട്ടർ കളർ, ഓയിൽ പെയിന്റ്, ആക്രലിക് പെയിന്റ്, ഓയിൽ പേസ്റ്റൽ, കളർ പെൻസിൽ, ഫാബ്രിക് പെയിന്റ് തുടങ്ങി പേന, പെൻസിൽ വരെയുള്ള വിവിധ മീഡിയകൾ ഉപയോഗിച്ച് അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
ഇത് ഏഴാമത്തെ വർഷമാണ് കളർപ്പെട്ടി വാർഷിക ചിത്ര പ്രദർശനം നടക്കുന്നത്. ഏതാനും രക്ഷിതാക്കൾ വരച്ച ചിത്രങ്ങളും പ്രദർശനത്തിനുണ്ട്.
ക്യാമ്പസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും കൂടി ചിത്രങ്ങൾ കാണാനും വിലയിരുത്താനും അവസരമൊരുക്കുന്നതിന്റെ ഭാഗമായി പ്രദർശനം ഒരാഴ്ച നീണ്ടു നിൽക്കും.
ഉദ്ഘാടനം നിർവ്വഹിച്ച പൂർവ്വ വിദ്യാർത്ഥി ജി.അബ്ദുൽ അക്ബറിനുള്ള സ്നേഹോപഹാരം ആറാം ക്ലാസ് വിദ്യാർത്ഥി ഫാത്തിമ ഹന ടി വരച്ച വർണ ചിത്രം എം.എം.ഒ വൈസ് പ്രസിഡന്റ് വി ഹസ്സൻ കൈമാറി.
മലബാർ സൗഹൃദ വേദിയുടെ ഷോർട് ഫിലിം മത്സരത്തിൽ മികച്ച സഹ നടനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ സ്കൂളിലെ പൂർവ കലാധ്യാപകൻ സി. വിജയൻ മാസ്റ്ററെ അഞ്ചാം ക്ലാസ്സിലെ വൈഷ്ണവി സി.പി വരച്ച ചിത്രം സമ്മാനിച്ച് ഉദ്‌ഘാടകൻ ചടങ്ങിൽ ആദരിച്ചു.
എം.എം.ഒ വൈസ് പ്രസിഡന്റ് വി.ഹസ്സൻ,
എം.എം.ഒ അക്കാഡമിക് ഡയരക്ടർ പി അബ്ദു മാസ്റ്റർ, മുൻ കൗൺസിലർ സി.വിജയൻ മാസ്റ്റർ, മുൻ പ്രാധാനധ്യാപകൻ എം.പി ജാഫർ മാസ്റ്റർ, എം.എം.ഒ കമ്മറ്റി അംഗം വി.മോയി, പി.ടി.എ പ്രസിഡന്റ് സി.എ സാജുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി ഹർഷൽ പറമ്പിൽ, നഹ്‌ല എം തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
പ്രാധാന അധ്യാപിക എം.ഷബീന ആധ്യക്ഷത വഹിച്ച ചടങ്ങിൽ പോഗ്രാം കോഡിനേറ്റർ ടി.റിയാസ് സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി ഹാനിയ മറിയം എ.പി നന്ദിയും പറഞ്ഞു.
Tags:
education