കൊടിയത്തൂർ അങ്ങാടിയിൽ നടന്ന യു.ഡി.എഫ്, എൽ.ഡി.എഫ് എന്നീ മുന്നണികളും നേതൃത്വത്തിൽ നടന്ന കലാശകൊട്ടു.
കോഴിക്കോട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കു നാളെ രാവിലെ 7ന് വോട്ടെടുപ്പ്. പരസ്യപ്രചാരണം അവസാനിച്ചതോടെ, സ്ഥാനാർഥികളും പ്രവർത്തകരും ഇന്നു നിശ്ശബ്ദ പ്രചാരണത്തിൽ. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ പാളയത്തും നടക്കാവിലും വീടുകൾ കയറിയിറങ്ങി വോട്ടു തേടും.
വോട്ടർമാരെ ഫോണിൽ വിളിച്ചു വോട്ടു ചോദിക്കുന്നതിനൊപ്പം സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും തുടരും. എൽഡിഎഫും സമൂഹമാധ്യമങ്ങളിലൂടെയും ഫോൺ വഴിയുമുള്ള പ്രചാരണത്തിനാണു മുൻതൂക്കം നൽകുന്നത്. എൻഡിഎ ആകട്ടെ, സമൂഹത്തിലെ പ്രമുഖരെ ഇന്നു ഫോണിൽ ബന്ധപ്പെട്ട് വോട്ടുറപ്പിക്കും. വാർഡിനു പുറത്തു താമസിക്കുന്നവരെ നാട്ടിലെത്തിച്ചു വോട്ടു ചെയ്യിക്കാനും പ്രധാനപ്പെട്ട വോട്ടർമാർ വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പിക്കാനുമുള്ള ശ്രമങ്ങളും ഇന്നുണ്ടാകും.
‘തിളക്കം’ പ്രചാരണം: കലക്ടർ ഇന്നു റിപ്പോർട്ട് നൽകും
കോഴിക്കോട്∙ കോർപറേഷന്റെ 5 വർഷത്തെ ഭരണ നേട്ടം ഉൾക്കൊള്ളിച്ചുള്ള പുസ്തകം ‘തിളക്കം’ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കലക്ടർ ഇന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകും. യുഡിഎഫ്, ബിജെപി കൗൺസിൽ പാർട്ടികൾ ഇതു സംബന്ധിച്ച് കലക്ടർക്ക് പരാതി നൽകിയിരുന്നു.
എൽഡിഎഫ് സ്ഥാനാർഥികളുടെ വോട്ട് അഭ്യർഥനയ്ക്കൊപ്പം കോർപറേഷൻ ചെലവിൽ അച്ചടിച്ച ‘തിളക്ക’ വും വിതരണം ചെയ്യുന്നുണ്ടെന്നായിരുന്നു പരാതി. സിപിഎം ഓഫിസിൽ ‘തിളക്കം’ വിതരണത്തിനായി തയാറാക്കി വച്ചതിന്റെ ഫോട്ടോകളും വിഡിയോ ദൃശ്യങ്ങളും ബിജെപി പരാതിയോടൊപ്പം നൽകിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷം വിതരണം ചെയ്തത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കലക്ടർ സ്നേഹിൽ കുമാർ സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എന്നാൽ ‘തിളക്കം’ പ്രകാശനം ചെയ്തത് ഒക്ടോബർ 26ന് ആണെന്നും നവംബർ 5 നു വിതരണം ചെയ്തെന്നും കോർപറേഷൻ സെക്രട്ടറി നൽകിയ റിപ്പോർട്ടിലുണ്ട്. കൗൺസിലർമാരിൽ ചിലർ തിളക്കം കൈപ്പറ്റിയില്ലെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷം കൗൺസിലർമാർ വിതരണം ചെയ്തിട്ടുണ്ടെങ്കിൽ അവ തിരിച്ചെടുക്കാൻ നിർദേശം നൽകിയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.എത്ര കോപ്പി അച്ചടിച്ചെന്നോ, എവിടെയാണ് അച്ചടിച്ചതെന്നോ രേഖപ്പെടുത്താത്ത ‘തിളക്കം’ എൽഡിഎഫി ന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുകയാണെന്നു കാണിച്ചാണ് യുഡിഎഫും ബിജെപിയും പരാതി നൽകിയത്.
Tags:
KODIYATHUR
