Trending

ചെറുവാടിയിലെ 'വിശ്വ പൗരൻ' ഗുഡ് ബൈ പറഞ്ഞു പോയി.




✍🏻ഷാബൂസ് അഹമ്മദ്.

ചെറുവാടി ഗ്രാമത്തിന്റെ ആര നൂറ്റാണ്ട് കാലത്തെ ചരിത്രമെഴുതുന്നവർക്ക് ചെറുവാടി ഹാജിക്ക്‌ മാത്രമായി ഒന്നിലേറെ അധ്യായങ്ങൾ മാറ്റിവെക്കേണ്ടി വരും. ശരിക്കും ചെറുവാടിയിലെ 'വിശ്വ പൗരനാ'ണ് ഇന്നലെ നമ്മോട് യാത്ര പറഞ്ഞുപോയ കരിമ്പിലിക്കാടൻ മുഹമ്മദ്‌കുട്ടി ഹാജി.

1977ൽ ഗൾഫ് മോഹം തലക്ക് പിടിച്ച് ആദ്യമായി ചെറുവാടിയിൽ നിന്ന് തോണിയിൽ യാത്ര തിരിച്ച നാൽവർ സംഘത്തിലെ പ്രധാനിയായിരുന്നു ബാല്യേക്കാരൻ മുഹമ്മദ്‌ കുട്ടി. ആകാരത്തിലും സൗന്ദര്യത്തിലും ഹോളിവുഡ് നടന്മാരെ തോൽപ്പിക്കുന്ന ഹാജി സാഹിബിനോളം ദേശാന്തരങ്ങൾ പറന്നു കിടക്കുന്ന സൗഹൃദ ബന്ധമുള്ള മറ്റൊരാൾ ചെറുവാടിയിൽ വേറെയില്ല. 

ചെറുവാടി കടവിൽ നിന്ന് തോണിയിൽ യാത്ര തിരിച്ച യുവസംഘം തെങ്ങിലക്കടവിൽ തോണിയിറങ്ങി. അവിടെ നിന്ന് കോഴിക്കോട്ടെത്തി തീവണ്ടി മാർഗം ബോംബയിലുമെത്തി. ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം കപ്പൽ മാർഗം സൗദിയിലെത്തിയ ഈ സാഹസിക യാത്രാസംഘം ചെറുവാടിയുടെ ഗൾഫ് കുടിയേറ്റ ചരിത്രത്തിന് തുടക്കമിട്ടു. അറേബ്യൻ മണ്ണിൽ കാലുക്കുത്തിയ ശേഷം ഓരോരുത്തർ ജോലി തേടി പലവഴി തിരിയുകയും സാമ്പത്തിക അഭിവൃതി നേടുകയും ചെയ്തു. സൽക്കാര പ്രിയനും സേവന സന്നദ്ധനുമായ ഹാജി തുച്ഛമായ ശബ്ബളത്തിൽ ജോലി ചെയ്യുമ്പോഴും മെച്ചപ്പെട്ട സൽക്കാരവും സാമൂഹ്യ സേവനവുമായി   
മൂന്ന് പതിറ്റാണ്ട് ജിദ്ദയിൽ പ്രവാസം നയിച്ചെങ്കിലും സിറോ ബാലൻസുമായാണ് 
നാട്ടിലേക്ക് മടക്ക വിമാനം കയറിയത്. പണവും പത്രാസും ബാക്കിയില്ലെങ്കിലും കടൽ പോലെ വിശാലമായ
സൗഹൃദങ്ങൾ ഹാജിക്ക് പണത്തേക്കാൾ വിലപ്പെട്ട
ബാക്കിയിരിപ്പായിരുന്നു.
 
നാട്ടിലെത്തിയ ചെറുവാടി ഹാജി 'പ്രവാസി' എന്ന ബ്രാന്റിൽ ചില സംഭ്രഭങ്ങൾ നാട്ടിൽ ആരംഭിച്ചു. നടക്കൽ വയലിൽ സ്വന്തം ഭൂമിയിൽ തുടങ്ങിയ പ്രവാസി നെഴ്സറി വെള്ളപൊക്കം വന്നും റോഡ് പണികൊണ്ടും നിന്നുപോയെങ്കിലും ഹാജി തുടങ്ങിയ, 'പ്രവാസി ഫ്ലോർ മിൽ' മകൻ സൽമാൻ മികച്ച രീതിയിൽ നടത്തിവരുന്നു. 

സൗഹൃദ സന്ദർശനങ്ങൾ, ഇഷ്ട്ടപെട്ട കുടുംബങ്ങൾ തമ്മിലുള്ള വിവാഹം ബന്ധങ്ങൾ കോർത്തിണക്കൽ, 
കൃഷി തുടങ്ങി ഹാജിയുടെ പ്രവാസാനന്തര കാലം അദ്ദേഹം ശരിക്കും ആഘോഷിച്ചു വരികയായിരുന്നു. ഹജ്ജ് കാലത്ത് ഹജ്ജാജിമാർക്ക് ഖിദ്മത്ത് ചെയ്യാൻ ഹജ്ജ് കമ്മിറ്റി നേരിട്ട് വിളിക്കുന്ന വളണ്ടിയർ ആയിരുന്ന ചെറുവാടി ഹാജി കരിപ്പൂർ ഹജ്ജ് ഹൗസ് കോമ്പൗണ്ടിൽ നട്ടു പിടിപ്പിച്ച മരങ്ങളിപ്പോൾ വളർന്ന് പന്തലിച്ചു നിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പേരിൽ തന്നെയാണ് മരങ്ങൾ അറിയപ്പെടുന്നതും.

എല്ലായിടത്തും സജീവമായിരിക്കെയാണ് ചെറുവാടി ഹാജി അസുഖബാധിതനായി പൊതുയിടത്ത് നിന്ന് പിൻവാങ്ങുന്നത്. മൂന്ന് വർഷത്തോളമായി വീട്ടിൽ
വിശ്രമ ജീവിതം നയിച്ച ചെറുവാടി ഹാജിയുടെ വിയോഗ വാർത്തയറിഞ് ഇന്ന് വീട്ടിലേക്കും പുതിയോത്ത് പള്ളിയിലേക്കും ഒഴുകിയെത്തിയ ജനസഞ്ചയത്തെ കൊണ്ട് ചെറുവാടി ഗ്രാമം ശരിക്കും നിശ്ചലമായി. എല്ലാവർക്കും സൗഹൃദവും സ്നേഹവും പകർന്നു നൽകിയ ചെറുവാടി ഹാജിക്ക് റബ്ബ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ...
Previous Post Next Post
Italian Trulli
Italian Trulli