മുക്കം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് ബിന്ദു എന്ന സഹോദരി മരണപ്പെട്ട സംഭവം അത്യധികം വേദനാജനകമാണ്. ആരോഗ്യമന്ത്രി ഉൾപ്പെടെ സംസ്ഥാന മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ അപകടസ്ഥലത്തുണ്ടായിരിക്കെ മണിക്കൂറുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നാണ് ബിന്ദു മരണപ്പെടുന്നത്.
കേരളത്തിലെ ആരോഗ്യരംഗത്ത് തുടരുന്ന അനാസ്ഥയുടെ രക്തസാക്ഷിയാണ് ബിന്ദു എന്നും അതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി വീണ ജോർജ് രാജിവെക്കണമെന്നും വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി സാലിഹ് കെടപ്പന പറഞ്ഞു.
വാചാടോപങ്ങൾ കൊണ്ട് ഓട്ടയടക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്ന മന്ത്രി വീണ ജോർജിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി സ്വതന്ത്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണം. സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് മരുന്നുകളും ചികിത്സ ഉപകരണങ്ങളും സേവനങ്ങളും സുരക്ഷിതത്വവും ഉറപ്പ് വരുത്താനുള്ള സത്വര നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജില്ലാ വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ ചെറുവാടി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് ചന്ദ്രൻ കല്ലുരുട്ടി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഇ.കെ.കെ ബാവ, ട്രഷറർ ലിയാഖത്ത് എന്നിവർ സംസാരിച്ചു. ജാഫർ മാസ്റ്റർ എം പി, സാലിം ജിറോഡ്, നാസർ പുല്ലൂരാംപാറ, ഗഫൂർ മാസ്റ്റർ എ, സാറ കൂടാരം, ഫാത്തിമ കൊടപ്പന, ടി.കെ അബൂബക്കർ, കെ.ജി സീനത്ത്, അസീസ് തോട്ടത്തിൽ, എം വി അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.
Tags:
MUKKAM