Trending

ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് സാമൂഹിക സേവനത്തിന് പുതിയ വെളിച്ചം പകർന്ന പത്മശ്രീ കെ.വി റാബിയ അന്തരിച്ചു.



പോളിയോയും കാൻസറും നട്ടെല്ലിനേറ്റ ക്ഷതവും പോലുള്ള ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകളെ അതിജീവിച്ച്, സാമൂഹിക സേവന രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച സാക്ഷരതാ പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശി കെ.വി റാബിയ (59) അന്തരിച്ചു.

കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. മയ്യിത്ത് ഇപ്പോൾ മമ്പുറത്ത് സഹോദരിയുടെ വീട്ടിലാണ് ഉള്ളത്.

കേരള സംസ്ഥാന സാക്ഷരതാ യജ്ഞത്തിൽ സജീവമായി പങ്കെടുത്തതിലൂടെയാണ് റാബിയ ശ്രദ്ധ നേടിയത്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് അക്ഷരവെളിച്ചം പകരാനുള്ള അവരുടെ അക്ഷീണമായ പ്രയത്നങ്ങൾക്ക് ദേശീയ തലത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

2022-ൽ സാമൂഹ്യ സേവനരംഗത്തെ മികച്ച സംഭാവനകൾക്ക് രാജ്യം അവരെ പത്മശ്രീ നൽകി ആദരിച്ചു. ഇതിനു പുറമെ 1993-ലെ ദേശീയ യുവജന പുരസ്കാരം, സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്, യു.എൻ. അന്താരാഷ്ട്ര പുരസ്കാരം, മുരിമഠത്തിൽ ബാവ അവാർഡ്, സീതി സാഹിബ് സ്മാരക അവാർഡ് (2010), കണ്ണകി സ്ത്രീ ശക്തി പുരസ്കാരം (1999), 2014-ലെ സംസ്ഥാന സർക്കാരിന്റെ വനിതാരത്നം പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ അവരെ തേടിയെത്തി.

പി.എസ്.എം.ഒ. കോളേജിൽ പഠിക്കുമ്പോളാണ് പോളിയോ റാബിയയുടെ ചലനശേഷിക്ക് തടസ്സമുണ്ടാക്കിയത്. പതിനേഴാം വയസ്സിൽ പഠനം ഉപേക്ഷിച്ച് വീൽചെയറിലിരുന്ന് ജീവിതം നയിക്കേണ്ടി വന്നെങ്കിലും, ആ പ്രതിസന്ധിയിൽ തളരാതെ അവർ സാമൂഹിക സേവനരംഗത്ത് കൂടുതൽ സജീവമായി. അരയ്ക്ക് താഴെ തളർന്നുപോയ ശേഷവും കാൻസറിനെയും നട്ടെല്ലിനേറ്റ ക്ഷതത്തെയും അതിജീവിച്ച് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം റാബിയ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. പരിമിതികളെയും ദുരിതങ്ങളെയും മറികടന്ന് ലോകത്തിന് മാതൃകയാകണമെന്ന ഉറച്ച തീരുമാനമാണ് അവരെ മുന്നോട്ട് നയിച്ചത്.

അതിതീവ്രമായ ദുരിതങ്ങൾക്കിടയിലും ലഭിച്ച പത്മശ്രീ പുരസ്കാരം റാബിയക്ക് ഏറെ സന്തോഷം നൽകിയിരുന്നു. കോവിഡ് കാലഘട്ടത്തിൽ അടുത്തടുത്തായി നാല് മരണങ്ങൾ അവരുടെ കുടുംബത്തിൽ സംഭവിച്ചത് വലിയ ആഘാതമായിരുന്നു..

താങ്ങും തണലുമായിരുന്ന രണ്ട് സഹോദരിമാരെയും ഒരു സഹോദരീഭർത്താവിനെയും ഒരു അമ്മായിയെയും അവർക്ക് നഷ്ടപ്പെട്ടു. റാബിയയുടെ നിര്യാണം സാമൂഹിക സേവന രംഗത്തിന് വലിയൊരു നഷ്ടമാണ് ഉണ്ടാക്കിയത്.
Previous Post Next Post
Italian Trulli
Italian Trulli