Trending

തലമുറകൾ കുന്നിറങ്ങിയിട്ടും പെൻഷൻ പറ്റാത്ത 'ചെറിയാക്ക.




✍🏻ഷാബുസ് അഹമ്മദ്


(ഇന്ന് നിര്യാതനായ വിളക്കോട്ടിൽ ചെറിയാക്കയെ കുറിച്ച് 2021 ഡിസംബറിൽ എഴുതിയ കുറിപ്പ്).

കൊടിയത്തൂർ വലിയ തടായി കുന്നിൽ പൂക്കോയ തങ്ങൾ ഹൈസ്കൂൾ വന്നിട്ട് നാല് പതിറ്റാണ്ട് പിന്നിട്ടു. എത്രയെത്ര അധ്യാപകരും അധ്യാപികമാരും സർവീസ് പൂർത്തിയാക്കി കുന്നിറങ്ങിപോയി. ഒറ്റനോട്ടം കൊണ്ട് മാഷന്മാരെയും കുട്ടികളെയും വിറപ്പിച്ച ഹെഡ് മാസ്റ്റർ മനുകുട്ടൻമാഷും വാസുദേവൻ മാഷും തോമസ് മാഷും പിള്ള മാഷും ആസ്യ ടീച്ചറും വത്സമ്മ ടീച്ചറും വെളുത്ത ശാന്ത ടീച്ചറും കറുത്ത ശാന്ത ടീച്ചറും തുടങ്ങി ഒട്ടേറെ ഗുരുനാഥരും നിരവധി പൂർവ വിദ്യാർത്ഥികൾ അകാലത്തിലും കാലയവനികൾക്കുള്ളിൽ മറഞ്ഞുപ്പോയി. നാല്പത്തിയൊന്ന് ബാച്ചുകളിലായി ആയിരക്കണക്കിന് കുട്ടികൾ പത്താം തരം കഴിഞ്ഞു ലോകത്തിന്റെ നാനാ ദിക്കിലേക്കും ജീവിത മാർഗം തേടി പോയി. ഇവരുടെയൊക്കെ മക്കളും പേര മക്കളും ഇവിടെ പഠിച്ചിറങ്ങി, ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു. സ്കൂളിന് പുറത്ത് പുളിയച്ചാറും നാരങ്ങവെള്ളവും കായപ്പവും വിറ്റിരുന്ന ചെറുവാടിയിലെ മയമാക്കയും ബെല്ലടിച്ചിരുന്ന വി.പിയും നമ്മോട് വിട പറഞ്ഞു. പഴയ ഓടു കെട്ടിടങ്ങൾ മാറി ബഹുനില കോൺഗ്രീറ്റ് ബിൽഡിങ്ങുകൾ വന്നു, ക്ലാസ് മുറികൾ ഡിജിറ്റലായി, ഹയർ സെക്കണ്ടറി സ്കൂൾ വന്നു, പുതിയ റോഡുകൾ വന്നു, അഞ്ചു കിലോമീറ്റർ ദൂരെ നിന്ന് സ്കൂളിലേക്ക് കുട്ടികൾ നടന്നുവന്നിരുന്ന കാലം മാറി അഞ്ഞൂറ് മീറ്റർ ദൂരത്തു നിന്ന് സ്കൂൾ ബസിലായി ഇപ്പോൾ യാത്ര. എല്ലാറ്റിനും സാക്ഷിയായി ഒരാൾ മാത്രം ഒരു മാറ്റവുമില്ലാതെ വലിയ തടായി കുന്നിൽ അന്നത്തെ പോലെ ഇന്നുമുണ്ട് 'വിളക്കോട്ടിൽ അത്തൻകുട്ടിയെന്ന 'ചെറിയാക്ക'.

ഒരു തവണയെങ്കിലും അത്തൻകുട്ടിയോട് കുശലം പറയാതെ ഒരു വിദ്യാർത്ഥി പോലും കഴിഞ്ഞ നാൽപത്തിയൊന്ന് വർഷങ്ങൾക്കിടക്ക് തടായി കുന്നിൽ നിന്ന് പടിയിറയിട്ടുണ്ടാവില്ല. ഇതിൽ ആണും പെണ്ണും വ്യത്യാസം കാണില്ല. തടായി കുന്നിന്റെ 'ഐക്കൺ' ആണ് ചെറിയാക്കയും അദ്ദേഹത്തിന്റെ കന്നുകാലികളും. മാറ് മറച്ച ചെറിയാക്കയെ പെട്ടന്നൊന്നും തിരിച്ചറിഞ്ഞോളണമെന്നില്ല. കാരണം മാറുമറച്ച ചെറിയാക്കയെ കുട്ടികളാരും ഒരിക്കൽ പോലും കണ്ടു കാണില്ല. ഏതു പൊരി വെയിലത്തും അലുമിനിയം ബക്കറ്റിൽ കഞ്ഞിവെള്ളവുമായി തടായി കുന്നിലെ എവിടെയെങ്കിലുമൊക്കെ ചെറിയാക്ക ഉണ്ടാവും. ചെറിയൊരു സ്ത്രൈനി ഭാവമുള്ള അദ്ദേഹത്തിന്റെ പതിഞ്ഞ ശബ്ദം ആദ്യം കേൾക്കുമ്പോൾ നമുക്ക് സ്ത്രീ ശബ്ദം എന്നുതോന്നുമെങ്കിലും കാല ക്രമേണ നമ്മൾ സ്വയം തന്നെ അതിന് പുരുഷ മോഡുലേഷൻ നൽകി പാകമാക്കും.

കാരക്കുറ്റി ഭാഗത്ത് ധാരാളം ഭൂസ്വത്ത് ഉണ്ടായിരുന്ന വിളക്കോട്ടിൽ കൊയാലി ഹാജിയുടെയും കുഞ്ഞീവി ഹജ്ജുമ്മയുടെയും മകനായ ചെറിയാക്കയുടെ ഇഷ്ട്ട വിനോദം 
കന്നുകാലി പരിചരണവും ഇഷ്ട്ടയിടം വലിയ തടായി കുന്നുമാണ്. അത്തൻകുട്ടിയുടെ ആരോഗ്യരഹസ്യം ഒരുപക്ഷെ ഈ കുന്നിൻ മുകളിലെ പ്രഭാതവും ഇവിടത്തെ നട്ടുച്ച വെയിലും ഇവിടെ വന്നുപോകുന്ന വിവിധ ജാതിയിലും മതങ്ങളിലും പെട്ട വിദ്യാർത്ഥികൾ ശ്വസിച്ചുവിടുന്ന വായുവും ഇവരൊക്കെ കുന്നിറങ്ങിയ ശേഷമുള്ള ശാന്തമായ സായാഹ്നവുമായിരിക്കും.  

ഇന്ന് കാലത്തും മൂന്ന് പശുക്കളെയുമായി 
ചെറിയാക്ക കുന്ന് കയറിയപ്പോൾ സുഹൃത്ത് സൈഫുദ്ധീൻ എടുത്ത ഫോട്ടോയാണിത് . മൂന്നു പതിറ്റാണ്ട് മുമ്പ് ചെറിയാക്കയെ കണ്ടപോയ്‌ഴും ഇതേ രൂപമായിരുന്നു അദ്ദേഹത്തിന്. ഇപ്പോൾ തടായി സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ മക്കൾക്കും പേരകുട്ടികൾക്കും കാണാനും സംസാരിക്കാനും ഇതേ 
ആരോഗ്യത്തിൽ ഇതേ ഉന്മേഷത്തിൽ ചെറിയാക്കയും അദ്ദേഹത്തിന്റെ കന്നുകാലികളും തടായി കുന്നിന് ഗൃഹതുരത നൽകി അവിടെതെന്ന കാലങ്ങളോളം ഉണ്ടാവാൻ നാഥൻ അനുഗ്രഹിക്കട്ടെ.
Previous Post Next Post
Italian Trulli
Italian Trulli