Trending

ജൽ ജീവൻ മിഷൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കാൻ നടപടിയില്ല; വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ ജന പ്രതിനിധികളുടെ പ്രതിഷേധം.



കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിക്കായി വെട്ടി പൊളിച്ച റോഡുകൾ മാസങ്ങൾ കഴിഞ്ഞിട്ടും പൂർവ സ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ജന പ്രതിനിധികൾ കൂളിമാട് വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ സമരം നടത്തി. 


വാട്ടർ അതോറിറ്റി ജൽ ജീവൻ മിഷൻ ഒത്തുകളി അവസാനിപ്പിക്കുക, തകർന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കുക, ജൽ ജീവൻ പദ്ധതി സുതാര്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു സമരം.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പണം നൽകാതായതോടെ കരാറുകാർ പ്രവൃത്തി പാതിവഴിയിൽ നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇത് ഗ്രാമപഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങളേയും കാര്യമായി ബാധിച്ചിട്ടുണ്ട്.

റോഡുകൾ പൂർവസ്ഥിതിയിലാക്കാതായതോടെ ഗ്രാമ പഞ്ചായത്ത് ഫണ്ട് വെച്ച റോഡുകളുടെ പ്രവൃത്തി കൂടി മുടങ്ങിക്കിടക്കുന്ന അവസ്ഥയാണ്. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം
 അടിയന്തര പരിഹാരം കാണണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂരിൻ്റെ നേതൃത്വത്തിൽ നടന്ന സമരത്തിന് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, മുൻ പ്രസിഡൻ്റ് വി.ഷംലൂലത്ത്, എം.ടി റിയാസ്, ഫാത്തിമ നാസർ തുടങ്ങിയവർ നേതൃത്വം നൽകി.

തുടർന്ന് ജന പ്രതിനിധികളുടെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് എഞ്ചിനീയറുമായി സംസാരിക്കുകയും നിവേദനം നൽകുകയും ചെയ്തു. ഡിസംബർ രണ്ടിനകം കോൺക്രീറ്റ് റോഡുകളുടെ പ്രവൃത്തി പൂർത്തിയാക്കുമെന്നും ടാറിംഗ് റോഡുകളുടെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും അസിസ്റ്റൻ്റ് എഞ്ചിനീയർ സി. അക്ഷയ് ഉറപ്പ് എഴുതി  നൽകിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. 

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഫണ്ടിൻ്റെ കാര്യത്തിൽ കരാറുകാരെ ദ്രാേഹിക്കുകയാണന്നും ഇതിൻ്റെ പേരിൽ തങ്ങൾക്ക് നൽകിയ 
ഉറപ്പ് പാലിക്കാൻ തയ്യാറായില്ലങ്കിൽ പൊതുജനങ്ങളെ അണിനിരത്തി കൂടുതൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഫസൽ കൊടിയത്തൂർ പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli