റിയാദ്: ലോകകപ്പ് ഫുട്ബാള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പ് സൗദി അറേബ്യയില്‍ നടത്തുന്നതിന്റെ വിശദാംശങ്ങള്‍ ഫിഫ വെളിപ്പെടുത്തി.ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന ടൂർണമെൻറ് സൗദിയിലെ അഞ്ച് നഗരങ്ങളിലായാണ് നടക്കുക. റിയാദ്, ജിദ്ദ, അല്‍ഖോബാർ, അബഹ, നിയോം എന്നീ നഗരങ്ങളിലെ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഈ നഗരങ്ങളില്‍ നിലവിലുള്ളതും പുതുതായി നിർമിക്കുന്നതുമായ 15 സ്റ്റേഡിയങ്ങളാണ് ഇതിനായി ഉപയോഗിക്കുക. 11 സ്റ്റേഡിയങ്ങളാണ് പുതുതായി നിർമിക്കുക.
ഇക്കൂട്ടത്തില്‍ ഏറ്റവും സുപ്രധാനമായ വേദി റിയാദില്‍ പുതുതായി നിർമിക്കുന്ന കിങ് സല്‍മാൻ സ്റ്റേഡിയമാണ്. 92,000-ലധികം കാണികളെ ഉള്‍ക്കൊള്ളാൻ ശേഷിയുള്ള ഈ സ്റ്റേഡിയത്തിലായിരിക്കും ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങും ആദ്യ മത്സരവും ഫൈനല്‍ മത്സരവും നടക്കുക. സൗദി ദേശീയ ടീമിന്റെ ആസ്ഥാനം കൂടിയായിരിക്കും ഈ സ്റ്റേഡിയം. മത്സരങ്ങള്‍ നടക്കുന്ന 15 സ്റ്റേഡിയങ്ങളില്‍ എട്ടെണ്ണം റിയാദിലായിരിക്കും.
റിയാദ് നഗരത്തിന് സമീപമുള്ള ഖിദ്ദിയയില്‍ നിർമിക്കുന്ന അമീർ മുഹമ്മദ് ബിൻ സല്‍മാൻ സ്റ്റേഡിയവും, റിയാദിലെ കിങ് ഫഹദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയവും മത്സരത്തിന് വേദിയാകും. ബഗ്ലഫിലുള്ള കിങ് ഫഹദ് സ്റ്റേഡിയം ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി വികസിപ്പിക്കുകയും അതിന്റെ ശേഷി 70,000 ഇരിപ്പിടങ്ങളായി വർധിപ്പിക്കുകയും ചെയ്യും.
ജിദ്ദയില്‍ ചരിത്രപ്രസിദ്ധമായ ജിദ്ദ അല്‍ബലദ് മേഖലയുടെ പൈതൃകം ഉള്‍ക്കൊണ്ട് മരയുരുപ്പടി വാസ്തുവിദ്യാ ശൈലിയില്‍ നിർമിക്കുന്ന 'ഡൗണ്‍ടൗണ്‍ ജിദ്ദ സ്റ്റേഡിയമാണ്'ഒരു ടൂർണമെൻറ് വേദി. ചെങ്കടലിലെ അതിശയകരമായ പവിഴപ്പുറ്റുകളുടെ ആകൃതിയില്‍ നിർമിച്ചിട്ടുള്ള കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ കോസ്റ്റല്‍ സ്റ്റേഡിയവും ജിദ്ദയിലെ മറ്റൊരു വേദിയാവും. കിഴക്കൻ പ്രവിശ്യയിലെ അല്‍ഖോബാർ നഗരത്തില്‍ അറേബ്യൻ ഗള്‍ഫ് തീരത്തുള്ള അരാംകോ സ്റ്റേഡിയമാണ് മത്സര വേദി.
അബഹയിലെ കിങ് ഖാലിദ് യൂനിവേഴ്സിറ്റി സ്റ്റേഡിയം 45,000ലധികം കാണികളായി ശേഷി വർധിപ്പിച്ച് ലോകകപ്പ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കും. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നായി കണക്കാക്കുന്ന നിയോം സ്റ്റേഡിയമാണ് സൗദി വടക്കൻ മേഖലയിലെ ലോകകപ്പ് വേദി. ലോകകപ്പിന് ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് എത്തുന്നവർക്ക് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 2,30,000ലധികം ഹോട്ടല്‍ മുറികള്‍ ഒരുക്കുമെന്നും വിശദാംശങ്ങളില്‍ വ്യക്തമാക്കുന്നു. അഞ്ച് നഗരങ്ങളിലായി ഒരുക്കുന്ന ഈ താമസസൗകര്യം വി.ഐ.പികള്‍, ഇൻറർനാഷനല്‍ ഫെഡറേഷൻ ഡെലിഗേഷനുകള്‍, ടീമുകള്‍, മാധ്യമപ്രവർത്തകർ, കാണികള്‍ എന്നിവർക്ക് വേണ്ടിയാണ്.
കളിക്കാർക്കായി 132 പരിശീലന കേന്ദ്രങ്ങള്‍ ഒരുക്കും. പരിശീലന ക്യാമ്ബുകള്‍ 72 സ്റ്റേഡിയങ്ങളിലാണ് സജ്ജീകരിക്കുക. റഫറിമാർക്ക് രണ്ട് പരിശീലന കേന്ദ്രങ്ങളുമുണ്ടാവും. ടൂർണമെൻറില്‍ പങ്കെടുക്കുന്ന 48 ടീമുകള്‍ക്കും അവരെ അനുഗമിക്കുന്ന പ്രതിനിധി സംഘങ്ങള്‍ക്കും രാജ്യത്തെ 15 നഗരങ്ങളിലായാണ് ആതിഥേയത്വത്തിനുള്ള സൗകര്യമൊരുക്കുക. ഈ നഗരങ്ങളില്‍ 'ഫിഫ ഫാൻ ഫെസ്റ്റിവല്‍ വില്ലേജുകളും' തയ്യാറാക്കും. ഓരോ നഗരത്തിലും ഫിഫ തന്നെ ഇതിനായി ഓരോ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കും.
Tags:
SPORTS
